കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് യാത്രാസര്‍വീസുകള്‍ റദ്ദാക്കിയതോടെ പൊതു-സ്വകാര്യ ഗതാഗത സംവിധാനങ്ങളെല്ലാം തന്നെ ഏറെ നാളായി കട്ടപ്പുറത്തായിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാത്രമാണ് ഇളവുകള്‍ വന്നതോടെ യാത്രാമാര്‍ഗങ്ങള്‍ നേരിയതായെങ്കിലും തെളിഞ്ഞുവന്നത്. 

ഈ ദിവസങ്ങളിലെല്ലാം യാത്രയും യാത്രക്കാരും ഇല്ലാത്തതിനാല്‍ വിമാനക്കമ്പനികളെല്ലാം കനത്ത നഷ്ടമാണ് നേരിട്ടിരുന്നത്. യാത്രയില്ലാത്തത് മാത്രമല്ല, യാത്രക്കാര്‍ക്കായി കരുതിവച്ചിരുന്ന ഭക്ഷണസാധനങ്ങള്‍ ഉപയോഗശൂന്യമായിപ്പോകുന്നതും വലിയ നഷ്ടം തന്നെയാണ് പല കമ്പനികള്‍ക്കും വരുത്തിവച്ചതത്രേ. 

ഈ പ്രശ്‌നം ഒരു പരിധി വരെയെങ്കിലും പരിഹരിക്കാന്‍ ചില കമ്പനികള്‍ ഒരു മാര്‍ഗം കണ്ടെത്തി. എന്താണെന്നോ, ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരുമായി സഹകരിച്ച് 'ഫ്‌ളൈറ്റ് ഫുഡ്' വീടുകളിലെത്തിക്കുക. അമേരിക്കയിലാണ് പ്രധാനമായും ഈ പുത്തന്‍ 'ഐഡിയ' പരീക്ഷിക്കപ്പെട്ടത്. 

ഫ്‌ളൈറ്റില്‍ നല്‍കുന്ന ഡിഷുകള്‍ ഓണ്‍ലൈനായി ഉപഭോക്തക്കള്‍ക്ക് ഓര്‍ഡര്‍ ചെയ്യാം. ഗുണമേന്മയില്‍ വലിയ വ്യത്യാസമൊന്നുമില്ലെങ്കിലും വിലയുടെ കാര്യത്തില്‍ വലിയ മാറ്റമാണ് വരുത്തിയത്. നേര്‍ പകുതി വിലക്കാണ് പല കമ്പനികളും 'ഫ്‌ളൈറ്റ് ഫുഡ്' വില്‍പന നടത്തിയത്. എന്തായാലും മുഴുവന്‍ നഷ്ടത്തിലാകുന്നതിനെക്കാള്‍ ഭേദമാണല്ലോ ഇത്. സംഗതി ഏതായാലും 'ക്ലിക്ക്' ആയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

Also Read:- ഇത്രയെളുപ്പം ഗുലാബ് ജാമുന്‍!; കയ്യടി നേടി ടിക് ടോക് വീഡിയോ...

ഫ്‌ളൈറ്റില്ലാത്തതിനാല്‍ 'ഫ്‌ളൈറ്റ് ഫുഡ്' 'മിസ്' ചെയ്യുന്നവരും അല്ലാത്തവരും ഇതുവരെ ഫ്‌ളൈറ്റില്‍ കയറാത്തവരും വരെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തുകഴിക്കുകയും ഇതിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമായി പങ്കുവയ്ക്കുകയും ചെയ്തുവെന്നാണ് വാര്‍ത്ത.