പാചക പരീക്ഷണങ്ങള്‍, ഫുഡ് വ്‌ളോഗിംഗ് എല്ലാം സോഷ്യല്‍ മീഡിയയില്‍ ഇഷ്ടവിഷയങ്ങളായി വരാറുണ്ട്. എന്നാല്‍ അതേസമയം അതിര് കടക്കുന്നതായി തോന്നുന്ന വിഷയങ്ങളെ നിര്‍ദ്ദയം വിമര്‍ശിക്കാനും സോഷ്യല്‍ മീഡിയ ഇടങ്ങള്‍ മുന്‍കയ്യെടുക്കാറുണ്ട്

ഓരോ ദിവസവും വ്യത്യസ്തങ്ങളായ പല വാര്‍ത്തകളും സംഭവവികാസങ്ങളുമാണ് ( Viral Post ) നാമിന്ന് സോഷ്യല്‍ മീഡിയിയലൂടെ ( Social Media ) അറിയുകയും കാണുകയുമെല്ലാം ചെയ്യുന്നത്. വാര്‍ത്തകളുടെയും ചര്‍ച്ചകളുടെയും ഒരു പ്രധാന വേദിയായി സോഷ്യല്‍ മീഡിയ മാറുകയും ചെയ്തിരിക്കുന്നു. 

ഇതിനിടെ വൈറല്‍ വീഡിയോകള്‍, വൈറല്‍ ഫോട്ടോകള്‍, വൈറല്‍ റിപ്പോട്ടുകള്‍ എന്നിങ്ങനെ വ്യാപകമായി പ്രചരിക്കപ്പെടുന്ന വിഷയങ്ങള്‍ നമ്മുടെയും കണ്‍വെട്ടത്ത് എത്തിപ്പെടുന്നുണ്ട്. ഇവയില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മിക്കപ്പോഴും വലിയ ശ്രദ്ധയാണ് സൈബറിടങ്ങളില്‍ ലഭിക്കാറ്. 

പാചക പരീക്ഷണങ്ങള്‍, ഫുഡ് വ്‌ളോഗിംഗ് എല്ലാം സോഷ്യല്‍ മീഡിയയില്‍ ഇഷ്ടവിഷയങ്ങളായി വരാറുണ്ട്. എന്നാല്‍ അതേസമയം അതിര് കടക്കുന്നതായി തോന്നുന്ന വിഷയങ്ങളെ നിര്‍ദ്ദയം വിമര്‍ശിക്കാനും സോഷ്യല്‍ മീഡിയ ഇടങ്ങള്‍ മുന്‍കയ്യെടുക്കാറുണ്ട്.

അത്തരത്തില്‍ വിമര്‍ശനങ്ങളേറ്റ് വാങ്ങിയ വ്യക്തികളും, വീഡിയോകളും, സ്ഥാപനങ്ങളുമെല്ലാം നിരവധിയാണ്. സമാനമായൊരു സംഭവം തന്നെയാണി ഇവിടെയും പങ്കുവയ്ക്കാനുള്ളത്. തങ്ങളുടെ ഉത്പന്നങ്ങളില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയും അതുവഴി കൂടുതല്‍ ശ്രദ്ധ നേടുകയും കച്ചവടമുറപ്പിക്കുകയും ചെയ്യുകയെന്നത് ഏതൊരു കമ്പനിയുടെയും തന്ത്രമാണ്. 

ഇതിന് വേണ്ടി പലരും ആളുകള്‍ കേട്ടുകഴിയുമ്പോള്‍ പെട്ടെന്ന് സ്വീകരിക്കാതെ, മുഖം ചുളിക്കുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങള്‍ വരെ നടത്താറുണ്ട്. ചൈനയിലെ മെക് ഡൊണാള്‍ഡ്‌സ് അങ്ങനെയൊരു പരീക്ഷണം നടത്തിയിരിക്കുകയാണിപ്പോള്‍. 

മല്ലിയില കൊണ്ട് ഐസ്‌ക്രീം. ഇതാണ് മെക് ഡൊണാള്‍ഡ്‌സിന്റെ പുതിയ പരീക്ഷണം. സംഭവം സോഷ്യല്‍ മീഡിയയില്‍ വന്നതോടെ വലിയ തോതിലുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ഐസ്‌ക്രീമിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ലഭ്യമാണ്. 

ട്വിറ്ററില്‍ ഒരുകൂട്ടം ഭക്ഷണപ്രേമികള്‍ ഇതിന്റെ പേരില്‍ മെക് ഡൊണാള്‍ഡ്‌സിനെതിരെ വിമര്‍ശനങ്ങളുടെ കല്ലേറ് തന്നെയാണ് നടത്തുന്നത്. ഐസ്‌ക്രീമില്‍ ഇങ്ങനെയൊരു പരീക്ഷണം നടത്താന്‍ എങ്ങനെ തോന്നിയെന്നും, ഇനി മുതല്‍ ഐസ്‌ക്രീം കഴിക്കുമ്പോള്‍ ഇത് ഓര്‍മ്മ വന്ന് കഴിപ്പ് നിര്‍ത്തേണ്ടിവരുമെന്നെല്ലാം ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നു. 

മല്ലിയില പ്രേമികളെല്ലാം ഇങ്ങനെ തന്നെയാണ്, കാണുന്ന എല്ലാ വിഭവത്തിലും മല്ലിയില ചേര്‍ക്കുമെന്നും ആ രോഗം മെക് ഡൊണാള്‍ഡ്‌സിനും പിടിപെട്ടോ എന്നുമെല്ലാം ഇവര്‍ ചോദിക്കുന്നു. ഒന്ന് രുചിച്ച് നോക്കാമെന്ന് വെറുതെയെങ്കിലും അഭിപ്രായം പറയുന്നവരുടെ എണ്ണം വളരെ കുറവാണ് ഈ വിഷയത്തില്‍. 

ഡാനിയേല്‍ അഹമ്മദ് എന്നയാളാണ് ട്വിറ്ററില്‍ മല്ലിയില ഐസ്‌ക്രീം ചര്‍ച്ചയ്ക്ക് തിരി കൊളുത്തിയത്. അദ്ദേഹത്തിന്റെ ട്വീറ്റില്‍ തന്നെ നൂറുകണക്കിന് കമന്റുകളാണ് വന്നിട്ടുള്ളത്. 

Scroll to load tweet…

നേരത്തെ തായ്‌ലാന്‍ഡില്‍ മുളകും പോര്‍ക്കും ചേര്‍ത്ത് ഐസ്‌ക്രീം തയ്യാറാക്കുന്നതിനെതിരെയും ഇതേ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. അതുപോലെ സാന്‍ഡ്വിച്ച് നിര്‍മ്മാതാക്കളായ 'സബ് വേ' ഇടക്കാലത്ത് മല്ലിയില കൊണ്ടുള്ള കുക്കീസ് തയ്യാറാക്കിയതും ഭക്ഷണപ്രേമികള്‍ വിമര്‍ശിച്ചിരുന്നു. ഇതിനെല്ലാം ശേഷമാണിപ്പോൾ മെക് ഡൊണാള്‍ഡ്‌സിന്റെ മല്ലിയില ഐസ്‌ക്രീമും അതിനെതിരെയുള്ള കമന്റുകളും വന്നിരിക്കുന്നത്.

Also Read:- ഐസ്‌ക്രീം തരാത്തതിന്റെ പേരിൽ കടക്കാരനോട് യുവാവ് പ്രതികാരം ചെയ്തത് ഇങ്ങനെ