Asianet News MalayalamAsianet News Malayalam

കൊവിഡ് 19 ; മീൻ വാങ്ങുമ്പോൾ സൂക്ഷിക്കണേ...

പഴകിയതും കേടായതുമായ മത്സ്യം വിപണന നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ജില്ലയില്‍ വരും ദിവസങ്ങളില്‍ ഫിഷറീസ് വകുപ്പുമായി ചേര്‍ന്നും സ്വതന്ത്രമായും ശക്തമായ പരിശോധന തുടരുമെന്നും മലപ്പുറം ഭക്ഷ്യസുരക്ഷാ അസിസ്റ്റ്ന്റ് കമ്മീഷണര്‍ ജി. ജയശ്രീ പറഞ്ഞു.

Covid 19 Be careful when buying fish
Author
Malappuram, First Published Apr 1, 2020, 9:42 AM IST

കൊവിഡ് 19ന്റെ വ്യാപനവുമായി ബന്ധപ്പെട്ട് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ പരിശോധന ശക്തമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭക്ഷ്യസുരക്ഷാ വകുപ്പും പൊന്നാനി നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് സംയുക്തമായി ചമ്രവട്ടം, കോരവളവ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇരുന്നുറോളം കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. 

ഭക്ഷ്യ സുരക്ഷ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായി ചെമ്മാട് മത്സ്യ മാര്‍ക്കറ്റിലും മത്സ്യം വിതരണം ചെയ്യുന്ന പത്തോളം വാഹനങ്ങളിലും പരിശോധന നടത്തി. സാമ്പിള്‍ എടുത്ത് കോഴിക്കോട് റീജിയണല്‍ അനലറ്റിക്കില്‍ ലാബിലേക്ക് അയക്കുകയും വാഹനങ്ങളില്‍ പഴകിയ നിലയില്‍ കണ്ടെത്തിയ 20 കിലോ മത്സ്യം നശിപ്പിക്കുകയും ചെയ്തു.

ചേളാരി മത്സ്യ മാര്‍ക്കറ്റില്‍ പഴകിയ മത്സ്യം ലഭിക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പഴകിയതും കേടായതുമായ മത്സ്യം നശിപ്പിച്ചു. മത്സ്യത്തില്‍ മതിയായ അളവില്‍ ഐസ് ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കി. ചട്ടിപ്പറമ്പ് മാര്‍ക്കറ്റില്‍ പരാതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ മത്സ്യത്തിന്റെ സാമ്പിള്‍ ശേഖരിച്ച് കോഴിക്കോട് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു.ജില്ലയിലെ മറ്റ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ നിന്നായി സാമ്പിളുകള്‍ ശേഖരിച്ച് കോഴിക്കോട് റീജിയണല്‍ അനലറ്റിക്കള്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. 

ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ പ്രധാന മൊത്തവ്യാപാര കേന്ദ്രങ്ങളിലും ചില്ലറ  വില്‍പ്പന കേന്ദ്രങ്ങളിലും വിവിധ സ്വക്ഡുകള്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി വികസിപ്പിച്ചെടുത്ത കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. എന്നാല്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് കിറ്റിന്റെ ദൗര്‍ലഭ്യം തല്‍സമയം ഫലം ലഭിക്കുന്ന പരിശോധനയ്ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.

സംസ്ഥാനത്ത് നിന്നുള്ള ശീതികരിച്ച മത്സ്യത്തിന്റെ കയറ്റുമതി നിലച്ചതിനാല്‍ പ്രസ്തുത മത്സ്യം പ്രദേശിക മാര്‍ക്കറ്റില്‍ എത്തുന്നുണ്ട്. എന്നാല്‍ അവശ്യം വേണ്ട ശീതികരണ സംവിധാനങ്ങള്‍ ഇല്ലാതെയും മതിയായ അളവില്‍ ഐസ് ചേര്‍ക്കാതെ മത്സ്യം സൂക്ഷിക്കുന്നത് മത്സ്യത്തിന്റെ പഴക്കത്തിന് കാരണമാവുന്നുണ്ട്. ഐസിന്റെ ലഭ്യത കുറഞ്ഞതും ഇതിന്റെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ‌

ഫ്രഷായ മത്സ്യം മാത്രം ഉപയോ​ഗിക്കൂ...

പഴകിയതും കേടായതുമായ മത്സ്യം വിപണന നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ജില്ലയില്‍ വരും ദിവസങ്ങളില്‍ ഫിഷറീസ് വകുപ്പുമായി ചേര്‍ന്നും സ്വതന്ത്രമായും ശക്തമായ പരിശോധന തുടരുമെന്നും മലപ്പുറം ഭക്ഷ്യസുരക്ഷാ അസിസ്റ്റ്ന്റ് കമ്മീഷണര്‍ ജി. ജയശ്രീ പറഞ്ഞു.

കൊറോണ വെെറസിനെ പ്രതിരോധിക്കുന്നതിനായി ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതിനാൽ മത്സ്യമാംസാദികള്‍ ഉപയോ​ഗിക്കുന്നവർക്ക് സുരക്ഷിതമായ സാഹചര്യങ്ങളിൽ ഫ്രഷായ മത്സ്യം ലഭ്യമാകുമെങ്കിൽ അത് നന്നായി പാചകം ചെയ്ത് ഉപയോ​ഗിക്കുന്നതിൽ പ്രശ്നമൊന്നുമില്ലെന്ന് ഭക്ഷ്യാ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ജി. ജയശ്രീ 
ഏഷ്യാനെറ്റ് ന്യൂസ് ഓൺലെെനിനോട് പറഞ്ഞു.

കേടായ മത്സ്യങ്ങൾ തീവിലയ്ക്ക് വിൽക്കുന്നു...

ജില്ലയിൽ മത്സ്യബന്ധനം പൂർണമായി നിലച്ച സാഹചര്യത്തിൽ അയലയും മത്തിയും ചെമ്മീനും തുടങ്ങി വിവിധ കടൽ മത്സ്യങ്ങൾ വൻതോതിലാണ് ജില്ലയിലെ വിപണികളിലെത്തുന്നത്. ശീതീകരിച്ച മുറികളിൽ സൂക്ഷിച്ച ആഴ്ചകൾ പഴക്കമുളള മത്സ്യമാണ് തീവിലയ്ക്ക് വിൽക്കുന്നത്.

 അയല, മത്തി തുടങ്ങിയവ കിലോയ്ക്ക് 150 മുതൽ 200 രൂപ വരെ വില ഈടാക്കിയാണ് മൊത്തക്കച്ചവടക്കാർ ചില്ലറ വ്യാപാരികൾക്ക് നൽകുന്നത്. ചില്ലറ വ്യാപാരികൾ 250–300 രൂപ വിലയിട്ട് വിൽപനയ്ക്ക് വയ്ക്കുന്നു. ആഴ്ചകൾ പഴക്കമുള്ള മത്സ്യം ഐസിലിട്ട് ചില്ലറ വ്യാപാരികളും രണ്ടും മൂന്നും ദിവസം സൂക്ഷിച്ചു വച്ചാണ് വിൽപന നടത്തുന്നത്.

Follow Us:
Download App:
  • android
  • ios