കൊറോണക്കാലത്ത് വീട്ടില്‍ കുടുങ്ങിയതോടെ പാചക കലയിലെ വൈദഗ്ധ്യം പരീക്ഷിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത വ്യത്യസ്ത വിഭവങ്ങള്‍ വീട്ടില്‍ സ്വയമുണ്ടാക്കി അവതരിപ്പിക്കുകയാണ് പലരും. ചില വിചിത്രമായ 'കോമ്പിനേഷനു'കള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു.

ബിരിയാണിക്ക് മുകളില്‍ ചോക്ലേറ്റ് ഒഴിച്ചതും, തണ്ണിമത്തന് മുകളില്‍ കെച്ചപ്പ് ഒഴിച്ചതുമൊക്കെ ഇതിന്‍റെ ഉദാഹരണങ്ങളാണ്. അക്കൂട്ടത്തില്‍ ഇതാ പുതിയൊരു പരീക്ഷണം കൂടി എത്തിയിട്ടുണ്ട്. ബോളിവുഡ് താരങ്ങളുടെ വരെ ഇഷ്ടഭക്ഷണമായ മുംബൈയുടെ സ്വന്തം വട പാവിലാണ് ഇത്തവണത്തെ പരീക്ഷണം.

ഉരുളക്കിഴങ്ങുകൊണ്ട് തയ്യാറാക്കിയ വട പാവും ചട്ണിയും ചായയും മുബൈക്കാരുടെ വികാരം തന്നെയാണ്. അതേസമയം, വടാപാവിൽ പുത്തൻ വെറൈറ്റികൾ പരീക്ഷിക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. ഈ പരിശ്രമത്തിലെ പുത്തൻ താരമാണ് ക്രോസൈന്റ് വട പാവ്. ഫ്രഞ്ച് റോൾ എന്നറിയപ്പെടുന്ന  ക്രോസൈന്റും മുംബൈയുടെ സ്വന്തം വടാപാവിലെ വടയും ചേർത്തു തയ്യാറാക്കായ ഫ്യൂഷൻ ഫുഡാണ് ക്രോസൈന്റ് വട പാവ്. 

 

ട്വിറ്ററിലൂടെയാണ് ഈ വട പാവ് പ്രചരിച്ചത്. സംഭവം വൈറലായതോടെ വിമര്‍ശനങ്ങളുമായി ആളുകളും രംഗത്തെത്തി. വട പാവ് പ്രേമികള്‍ക്ക് സംഭവം അത്ര ഇഷ്ടപ്പെട്ടില്ല എന്നുസാരം. രണ്ട് രുചികരമായ വിഭവങ്ങളെ നിങ്ങള്‍ നശിപ്പിച്ചു എന്നാണ് പലരുടെയും കമന്‍റ്.

Also Read: ഈ കേക്ക് മുറിക്കുകയല്ല, തല്ലിപ്പൊട്ടിക്കുകയാണ് വേണ്ടത്; വൈറലായി വീഡിയോ...