Asianet News MalayalamAsianet News Malayalam

സീതപ്പഴം അല്ലെങ്കില്‍ ആത്തച്ചക്ക കഴിക്കുന്നത് കൊണ്ട് കിടിലനൊരു ഗുണമുണ്ട്, അതറിയാമോ?

രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും വൈറല്‍ അണുബാധകളടക്കം പല രോഗങ്ങളെയും ചെറുക്കുന്നതിനുമെല്ലാം നമ്മെ ഏറെ സഹായിക്കും ഈ പഴം.

custard apple may boost our mood as well as gives relief from stress
Author
First Published Jan 15, 2024, 11:27 AM IST

ഫ്രൂട്ട്സ് വിപണി കയ്യടക്കിക്കൊണ്ട് മുന്നേറുന്നൊരു പഴമാണ് സീതപ്പഴം അല്ലെങ്കില്‍ ആത്തച്ചക്ക. മുമ്പെല്ലാം ഇത് നമ്മുടെ നാട്ടിൻപുറങ്ങളിലെ മരങ്ങളില്‍ കാണുന്ന കാഴ്ചയായിരുന്നുവെങ്കില്‍ ഇന്ന് മാര്‍ക്കറ്റിലാണ് സീതപ്പഴം കാണാനാവുക. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍.

ഗ്രാമങ്ങളില്‍ ധാരാളമായി ലഭിച്ചിരുന്ന സമയത്ത് ഇതിന്‍റെ രുചിയോ ഗുണമേന്മയോ ഒന്നും അന്വേഷിക്കാതെ കഴിച്ചിരുന്ന നമ്മള്‍, ഇപ്പോള്‍ ഇതിന്‍റെ രുചിയും ഗുണങ്ങളുമെല്ലാമോര്‍ത്ത് മാര്‍ക്കറ്റില്‍ പോയി നല്ല വിലയും കൊടുത്ത് വാങ്ങിക്കുകയാണ്, അല്ലേ?

സീതപ്പഴം വാങ്ങിച്ച് കഴിക്കുന്നതില്‍ പക്ഷേ ഖേദം വേണ്ട കെട്ടോ. കാരണം അത്രമാത്രം ഗുണങ്ങളാണ് ഇത് നമ്മുടെ ആരോഗ്യത്തിന് പകരുന്നത്. പലര്‍ക്കും ഇതെക്കുറിച്ചൊന്നും കാര്യമായ ധാരണയില്ല എന്നതാണ് സത്യം. 

രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും വൈറല്‍ അണുബാധകളടക്കം പല രോഗങ്ങളെയും ചെറുക്കുന്നതിനുമെല്ലാം നമ്മെ ഏറെ സഹായിക്കും ഈ പഴം. സീതപ്പഴത്തിലുള്ള വിവിധ വൈറ്റമിനുകളും പല രീതിയില്‍ നമുക്ക് പ്രയോജനപ്രദമായി വരുന്നു.

സീതപ്പഴത്തിലുള്ള വൈറ്റമിൻ സി, സ്കിൻ ആരോഗ്യത്തിനും പ്രതിരോധശേഷിക്കുമെല്ലാം ഗുണകരമാകുന്നു. വൈറ്റമിൻ-എ, ബി6 എന്നിവ ഹൃദയത്തിനും ശ്വാസകോശത്തിനും അടക്കം പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും പ്രയോജനപ്പെടുന്നു. വൈറ്റമിൻ എ, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും കൂടി ഉപകാരപ്പെടുന്നതാണ്. 

സീതപ്പഴത്തിലുള്ള ഫൈബര്‍ ആണ് ഇതിന്‍റെ മറ്റൊരു ആകര്‍ഷണം. ദഹനം കൂട്ടാനും, അങ്ങനെ ദഹനപ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അതില്‍ നിന്ന് ആശ്വാസം നല്‍കാനും ഇതോടെ സാധിക്കുന്നു. മലബന്ധം പോലുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ സീസണായാല്‍ സീതപ്പഴം പതിവായി കഴിക്കുന്നത് വളരെ നല്ലതാണ്.

ഇതില്‍ സീതപ്പഴത്തിനുള്ള ഏറ്റവും കിടിലനൊരു ഗുണം ഏതെന്ന് ചോദിച്ചാല്‍ നിസംശയം പറയാം അത് തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നു എന്നതാണെന്ന്. കാരണവും വിശദമാക്കാം. 

മൂഡ് ഡിസോര്‍ഡര്‍, വിഷാദം (ഡിപ്രഷൻ), ഉത്കണ്ഠ (ആംഗ്സൈറ്റി), സ്ട്രെസ് തുടങ്ങിയ മാനസികാരോഗ്യപ്രശ്നങ്ങള്‍ പതിവായി അനുഭവിക്കുന്നവര്‍ നമുക്കിടയില്‍ വളരെ കൂടുതലാണ്. ഇത്തരക്കാര്‍ക്കെല്ലാം ആശ്വാസം നല്‍കുന്നതിന് സഹായകമായിട്ടുള്ളൊരു പഴമാണിത്.

സീതപ്പഴത്തിലുള്ള വൈറ്റമിൻ ബി6 ആണിതിന് ഏറെ സഹായകമാകുന്നത്. എളുപ്പത്തില്‍ സന്തോഷം തോന്നിക്കുന്നതും, ആശ്വാസം അനുഭവപ്പെടുത്തുന്നതിനുമെല്ലാമാണ് സീതപ്പഴം സഹായിക്കുന്നത്. 

സീതപ്പഴത്തിലുള്ള വൈറ്റമിൻ ബി6 അല്ലെങ്കില്‍ 'പിരിഡോക്സിൻ', സന്തോഷത്തിന്‍റെ ഹോര്‍മോണുകള്‍ എന്നറിയപ്പെടുന്ന 'സെറട്ടോണിൻ', 'ഡോപമിൻ' എന്നീ ഹോര്‍മോണുകളുടെ ഉത്പാദനം കൂട്ടുകയാണ് ചെയ്യുന്നത്. ഇതാണ് മൂഡ് പ്രശ്നമുള്ളവരില്‍ മൂഡ് ശരിയാകുന്നതിനും വിഷാദമുള്ളവരില്‍ പെട്ടെന്ന് സന്തോഷം നിറയുന്നതിനും, സ്ട്രെസ് ഉള്ളവരില്‍ സ്ട്രെസ് കുറയുന്നതിനുമെല്ലാം കാരണമാകുന്നത്. 

ഇതിനെല്ലാം പുറമെ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ബിപി നിയന്ത്രിക്കുന്നതിനും വാതരോഗത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമെല്ലാം സീതപ്പഴം ഏറെ നല്ലതാണ്.

Also Read:- നാല്‍പത് കടന്ന പുരുഷന്മാരില്‍ ഏറ്റവുമധികം സാധ്യതയുള്ള ക്യാൻസറുകള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios