ഹോട്ടല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഉപഭോക്താക്കളെ സംബന്ധിച്ച് എപ്പോഴും നിലനില്‍ക്കുന്ന ആശങ്കയാണ് വൃത്തി. രുചിയില്‍ വിട്ടുവീഴ്ച ചെയ്യാത്ത ഹോട്ടലുകാര്‍ പോലും വൃത്തിയിലാണോ ഭക്ഷണം തയ്യാറാക്കുന്നത് എന്ന് ഉപഭോക്താവിന് പുറത്തെ കസേരയിലിരുന്ന് നിശ്ചയിക്കാനാവില്ലല്ലോ. ചിലയിടങ്ങളിലെങ്കിലും ഈ ആശങ്ക കണക്കിലെടുത്ത് ഉപഭോക്താവിന് ഹോട്ടലിന്റെ അടുക്കളയില്‍ കയറി നോക്കാനുള്ള അനുമതി നല്‍കാറുണ്ട്. 

എന്നാല്‍ മിക്കയിടങ്ങളിലും ഉപഭോക്താവിന്റെ സ്ഥാനം ഭക്ഷണമുറിയില്‍ മാത്രമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ വൃത്തിയുമായി ബന്ധപ്പെട്ട ആശങ്കകളുണ്ടാകുന്നതും സ്വാഭാവികം. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ വൈറലായ ഒരു വീഡിയോ ഉണ്ട്. ഹോട്ടല്‍ ഭക്ഷണത്തിന്റെ ശുചിത്വത്തെ കുറിച്ചുള്ള ആധിയെ വളരെയധികം ശക്തിപ്പെടുത്തുകയാണ് ഈ വീഡിയോ. 

ദില്ലി കൊണാട്ട് പ്ലേസിലെ ഒരു പ്രമുഖ റെസ്റ്റോറന്റില്‍ ഒരു സംഘം സുഹൃത്തുക്കള്‍ അത്താഴം കഴിക്കാനെത്തി. ദോശയും സാമ്പാറുമാണ് അവര്‍ ഓര്‍ഡര്‍ ചെയ്തത്. അല്‍പം കഴിഞ്ഞപ്പോഴേക്ക് ചൂടോടുകൂടി ഭക്ഷണമെത്തി. ഇത് ആസ്വദിച്ച് കഴിച്ച് പകുതിയായപ്പോഴാണ് സാമ്പാര്‍ പാത്രത്തില്‍ നിന്ന് ഒരാള്‍ക്ക് ചത്ത പല്ലിയെ കിട്ടിയത്. 

ഇതോടെ സംഘം ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കുകയും ഹോട്ടല്‍ ജീവനക്കാരോട് കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു. കൂട്ടത്തിലൊരാള്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 

 

 

ഭക്ഷണം പകുതി കഴിച്ചുകഴിഞ്ഞുവെന്നും, ചത്ത പല്ലിയുടെ ശരീരത്തിന്റെ ഒരു ഭാഗം ഇല്ല- അത് കറിയില്‍ അലിഞ്ഞുചേര്‍ന്നതാകാമെന്നും ഇവര്‍ പറയുന്നു. സംഘത്തിന്റെ പരാതിയില്‍ റെസ്റ്റോറന്റിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം വീഡിയോയ്ക്ക് വ്യാപകമായ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഇത്തരത്തില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം തയ്യാറാക്കാന്‍ അനുവദിക്കരുതെന്നും കര്‍ശന നടപടിയെടുക്കേണ്ടതുണ്ടെന്നും ആണ് മിക്കവരും ചൂണ്ടിക്കാട്ടുന്നത്. 

Also Read:- വിവാഹസദ്യയില്‍ പല്ലി; 70 പേരെ ആശുപത്രിയിലെത്തിച്ച വില്ലന്‍ പക്ഷേ മറ്റൊരാള്‍...