ധാരാളം പ്രോട്ടീനും നാരുകളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുവാണ് ഉഴുന്ന്. ഫാറ്റും കൊളസ്ട്രോളും കുറവായതിനാലും പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാലും ഉഴുന്ന് കൊണ്ടുള്ള ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്റെ ‌ആരോഗ്യത്തിനും ഉത്തമമാണ്. 

കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ ഉള്ളതിനാൽ പല്ലുകളുടെയും എല്ലുകളുടെയും ആരോ‌ഗ്യത്തിനും ഉഴു‌‌ന്ന് കൊണ്ടുള്ള ഭക്ഷണം നല്ലതാണ്. ദക്ഷിണേന്ത്യൻ ഭക്ഷണക്രമത്തിൽ ഉഴുന്ന് കൊണ്ടുതയ്യാറാക്കുന്ന ദോശയ്ക്കും ഇഡ്ഡലിയ്ക്കും വളരെ പ്രമുഖമായ സ്ഥാനമാണുള്ളത്. പല വീടുകളിലെയും പ്രഭാത ഭക്ഷണത്തില്‍ ദോശയുടെ സ്ഥാനം വളരെ വലുതാണ്.  പല തരം ദോശകള്‍ തന്നെ ഇന്ന് അടുക്കളകളില്‍ തയ്യാറാകുന്നു.

ഇവ എളുപ്പത്തിൽ ദഹിക്കുന്നതിനൊപ്പം തന്നെ പെട്ടെന്ന് വിശപ്പ് അനുഭവപ്പെടാതെ സംരക്ഷിക്കുകയും ചെയ്യും. കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ദോശ ശരീരത്തിന് ആവശ്യമായ ഊർജ്ജം പകർന്ന് നൽകുന്നു. പ്രോട്ടീനുകളും ദോശയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. 

എന്നാല്‍ ഒരു സാധാരണ ദോശയില്‍ അടങ്ങിയിരിക്കുന്ന കലോറി എത്രയാണെന്ന് അറിയാമോ? 130 കലോറി മുതല്‍ 170 കലോറി വരെ ഒരു ദോശ(100 ഗ്രാം)യില്‍ നിന്ന് ലഭിക്കും. 

 

 

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓരോ ഭക്ഷണത്തിന്‍റെയും കലോറി നോക്കി തന്നെ കഴിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ദോശ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ ചെറിയ രീതിയില്‍ വ്യായാമം കൂടി ചെയ്യണമെന്ന് സാരം. 20 മിനിറ്റ് ഓടുക, 45 മിനിറ്റ് നടക്കുക, തുടങ്ങിയ വ്യായാമങ്ങളിലൂടെ ദോശയിലൂടെ ലഭിക്കുന്ന ഈ കലോറി എരിച്ച് കളയാന്‍ കഴിയും. 

Also Read: ശരീരഭാരം കുറയ്ക്കണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് പഴങ്ങള്‍...