കൊറോണ വൈറസ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രോഗത്തെ പ്രതിരോധിക്കാന്‍ എത്തരത്തിലെല്ലാം തയ്യാറെടുക്കണമെന്ന ആലോചന ഓരോരുത്തരിലും മുറുകുകയാണ്. ആരോഗ്യത്തോടെയും ശുചിത്വത്തോടെയും ഇരിക്കുകയെന്നതാണ് പ്രധാനമെന്ന് പറയുമ്പോഴും ഭക്ഷണത്തെ ചൊല്ലി സാധാരണക്കാരില്‍ ആശങ്കകള്‍ നില്‍ക്കുന്നുണ്ട്. 

പലപ്പോഴും വ്യാജപ്രചരണങ്ങളാണ് ഈ ആശങ്കകളെല്ലാം സൃഷ്ടിക്കുന്നതും. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മാംസാഹാരം കഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതില്‍ 'നോണ്‍-വെജ്' ഭക്ഷണം കഴിക്കുന്നവര്‍ക്ക് വലിയ പങ്കുണ്ട് എന്ന തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ വാട്ട്‌സ് ആപ്പിലും മറ്റ് നേരത്തേ മുതല്‍ തന്നെ പറന്നുനടപ്പുണ്ട്. 

യഥാര്‍ത്ഥത്തില്‍ ഈ ഘട്ടത്തില്‍ നമ്മള്‍ മാംസാഹാരം ഒഴിവാക്കേണ്ടതുണ്ടോ? ഇതാ ആധികാരികമായി ഈ വിഷയത്തില്‍ പ്രതികരിക്കുന്നു ദില്ലി എയിംസ് ആശുപത്രി ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലെരിയ. 

'മാംസാഹാരമോ മുട്ടയോ കഴിക്കുന്നത് കൊണ്ട് ഒരിക്കലും കൊറോണ വൈറസ് പകരില്ല. അത് തികച്ചും തെറ്റായ പ്രചാരണമാണ്. സാധാരണഗതിയില്‍ ആരോഗ്യകാര്യങ്ങളില്‍ ഇപ്പോള്‍ നമ്മളെടുക്കുന്ന അധിക ശ്രദ്ധ ഇക്കാര്യത്തിലും പുലര്‍ത്തണം. അതായത് എന്ത് ഭക്ഷണസാധനമായാലും അത് നല്ലതുപോലെ വൃത്തിയാക്കിയ ശേഷം നന്നായി പാകം ചെയ്ത് കഴിക്കുക...'- ഡോ. രണ്‍ദീപ് പറയുന്നു. 

അതുപോലെ തന്നെ ചൂടുള്ള കാലാവസ്ഥയില്‍ വൈറസിന് നിലനില്‍ക്കാനാകില്ലെന്ന് തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്കും അടിസ്ഥാനമില്ലെന്ന് അദ്ദേഹം പറയുന്നു. എത്ര ചൂടും 'ഹ്യുമിഡിറ്റി'യും ഉള്ള സാഹചര്യങ്ങളിലാണെങ്കിലും വൈറസ് നിലനില്‍ക്കുമെന്നും അദ്ദേഹം പറയുന്നു.