രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്ന ശീലക്കാരാണോ നിങ്ങൾ? എങ്കിൽ വേഗം ആ ശീലം ഉപേക്ഷിച്ചോളൂ. വൈകിയുള്ള കഴിപ്പ് ശരീരഭാരം കൂട്ടുകയും വയര്‍ ചാടാനും വഴിവെയ്ക്കും. രാത്രി വൈകി ഉറങ്ങുന്നവരിലാണ് ഈ ശീലം കാണുന്നത്. രാത്രി വൈകി അത്താഴം കഴിക്കുക അല്ലെങ്കില്‍ സ്നാക്സ് കൊറിക്കുക തുടങ്ങിയ ശീലങ്ങളാണ് കുടവയര്‍ ചാടാന്‍ വഴിയൊരുക്കുന്നത്.

പകൽ കഴിക്കുന്ന അതേ കലോറിയിലുള്ള ഭക്ഷണം രാത്രി കഴിച്ചാൽ അത്​ അമിത ഭാരത്തിന്​ ഇടവെക്കും. രാത്രി എപ്പോഴും മിതമായി മാത്രമേ ഭക്ഷണം കഴിക്കാവൂ. അതും ഉറങ്ങുന്നതിന് രണ്ട്- മൂന്ന് മണിക്കൂര്‍ മുമ്പ് എങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. കാരണം രാത്രി നമ്മുടെ ശരീരം വിശ്രമിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ രാത്രി അധികം കലോറി ശരീരത്തിന് ആവശ്യമില്ല.  

രാത്രി വൈകിയുള്ള കഴിപ്പ് ശരീരഭാരം കൂട്ടുക മാത്രമല്ല, ആയുസ്സ് കുറയ്ക്കുകയും ചെയ്യുമെന്നാണ് മെക്സിക്കോയിലെ നാഷണൽ ഓട്ടോണോമസ് നടത്തിയ പഠനത്തിൽ പറയുന്നത്. രാത്രി വൈകിയുളള ഭക്ഷണം കഴിപ്പ് ഇൻസുലിൻ, കൊളസ്ട്രോൾ ഇവ കൂട്ടുകയും ഹൃദ്രോഗം, പ്രമേഹം ഇവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുമെന്നും പഠനം പറയുന്നു. 

രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം എങ്ങനെ  ഒഴിവാക്കാം?

1. വൈകി ഭക്ഷണം കഴിക്കുന്നതിന്​ കാരണം കണ്ടെത്തി അതിന്​ പ്രേരകമാകുന്ന ഘടകങ്ങളെ തിരിച്ചറിയണം.

2. നല്ല ഉറക്കം ലഭിക്കുന്നത്​ ഭക്ഷണം നിയന്ത്രിക്കുന്നതിന്​ സഹായിക്കും.  ഉറക്കം കുറഞ്ഞാൽ കൂടുതൽ കലോറി ഭക്ഷണം കഴിക്കുന്നതിനും അത്​ വഴി അമിത ഭാരത്തിനും ഇടവെക്കും.

3.എന്ത്​ കഴിക്കണം എന്ന്​ തീരുമാനിക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കു​മ്പോൾ അമിത ഭക്ഷണത്തിന്​ സാധ്യത കുറയും. വിശപ്പ്​ കുറയുന്നതിനാൽ രാത്രി  വൈകി ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കാൻ സാധിക്കും. 

4. പകല്‍ നന്നായി ഭക്ഷണം കഴിക്കുക. അങ്ങനെയാണെങ്കില്‍ രാത്രി വിശപ്പ് ഉണ്ടാകില്ല. 

5. ജങ്ക്​ ഫുഡുകൾ വീട്ടിൽ സൂക്ഷിക്കാതിരിക്കുക.