Asianet News MalayalamAsianet News Malayalam

Egg Curry : 'ടേസ്റ്റി ആന്‍റ് ക്രീമി' മുട്ടക്കറി തയ്യാറാക്കാം പതിനഞ്ച് മിനുറ്റ് കൊണ്ട്...

ബ്രഡ്- ബുള്‍സൈ, വേവിച്ച പഴം, പുട്ട്- പഴം, ഉപ്പുമാവ് എന്നിങ്ങനെ എളുപ്പത്തില്‍ തയ്യാറാക്കുന്ന ബ്രേക്ക്ഫാസ്റ്റുകള്‍ പലതുണ്ട്. എന്നാല്‍ ഇവ തന്നെ ആവര്‍ത്തിച്ച് തയ്യാറാക്കുമ്പോള്‍ തീര്‍ച്ചയായും ഭക്ഷണത്തോട് വിരസത തോന്നാം

easy recipe of creamy egg curry
Author
Trivandrum, First Published Aug 3, 2022, 10:23 AM IST

രാവിലെ ബ്രേക്ക്ഫാസ്റ്റിന് കറികള്‍ തയ്യാറാക്കാൻ മിക്കവര്‍ക്കും മടിയാണ്. സമയക്കുറവ് തന്നെ പ്രധാന പ്രശ്നം. അതിനാല്‍ തന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന കറികളോ, അല്ലെങ്കില്‍ ഭക്ഷണമോ ആണ് രാവിലെകളില്‍ ( Easy Breakfast ) മിക്കവരും തയ്യാറാക്കാറ്. 

ബ്രഡ്- ബുള്‍സൈ, വേവിച്ച പഴം, പുട്ട്- പഴം, ഉപ്പുമാവ് എന്നിങ്ങനെ എളുപ്പത്തില്‍ തയ്യാറാക്കുന്ന ബ്രേക്ക്ഫാസ്റ്റുകള്‍ ( Easy Breakfast ) പലതുണ്ട്. എന്നാല്‍ ഇവ തന്നെ ആവര്‍ത്തിച്ച് തയ്യാറാക്കുമ്പോള്‍ തീര്‍ച്ചയായും ഭക്ഷണത്തോട് വിരസത തോന്നാം. ഇതിന് പകരം, എളുപ്പത്തില്‍ തയ്യാറാക്കാവുന്ന- രുചികരമായ കറികള്‍ തന്നെ പരീക്ഷിച്ചുനോക്കാവുന്നതാണ്. 

അത്തരത്തില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും എന്നാല്‍ ഏറെ രുചിയുള്ളതുമായൊരു മുട്ടക്കറിയുടെ ( Egg Curry ) റെസിപിയാണിനി പങ്കുവയ്ക്കുന്നത്. ബ്രഡിന്‍റെയോ ചപ്പാത്തിയുടെയോ ദോശയുടെയോ ഇടിയപ്പത്തിന്‍റെയോ എല്ലാം കൂടെ കഴിക്കാവുന്നതാണ് ഈ മുട്ടക്കറി. 

പാലും ക്രീമും ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്. എന്നുവച്ച് ഇത് മുഴുവനായി ക്രീം ആണെന്ന് കരുതേണ്ട. ഇത് ഇഷ്ടാനുസരണം മാത്രം ചേര്‍ത്താല്‍ മതി. 

മുട്ട, ഉള്ളി- പച്ചമുളക് പേസ്റ്റ്,  ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ജീരകപ്പൊടി, കുരുമുളകുപൊടി, ഗരം മസാലപ്പൊടി, പാല്‍, ക്രീം എന്നിവയാണ് കറിക്ക് ആവശ്യമായി വരുന്ന ചേരുവകള്‍. ഇതിന് പുറമെ എണ്ണ, ഉപ്പ്, മല്ലിയില എന്നിവയും പാചകത്തിനായി ഉപയോഗിക്കാം. 

ഇനിയിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യമേ മുട്ട പുഴുങ്ങിയത് രണ്ട് കഷ്ണങ്ങളാക്കി നെടുകെ മുറിച്ച് മാറ്റിവയ്ക്കണം. ഒരു പാനില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് ഉള്ളി-പച്ചമുളക് പേസ്റ്റ് ചേര്‍ത്ത് ഒന്ന് വഴറ്റുക. തീ കൂട്ടിവച്ച് വഴറ്റിക്കൊണ്ടേയിരുന്നാല്‍ കരിയാതെയോ ബ്രൗണ്‍ നിറം കയറാതെയോ തന്നെ ഇത് വഴണ്ടുവരും. 

ഇതിലേക്ക് ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് കൂടി ചേര്‍ത്ത് വഴറ്റുക. ഇനി മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, ഗരം മസാലപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കാം. ശ്രദ്ധിക്കുക, എരിവിനായി പച്ചമുളകും കുരുമുളക് പൊടിയും മാത്രമേ നമ്മള്‍ ഈ കറിയിലേക്ക് ചേര്‍ക്കുന്നുള്ളൂ. അതിനാല്‍ ഇവ ചേര്‍ക്കുമ്പോള്‍ അതുകൂടി മനസില്‍ കരുതുക. 

മസാലയെല്ലാം വെന്തുകഴിഞ്ഞാല്‍ ഇതിലേക്ക് പതിയെ പാല്‍ ചേര്‍ക്കാം. ഇതൊന്ന് തിക്ക് ആകാനും വിടാം. ഇതിന് ശേഷം അല്‍പം ക്രീമും ചേര്‍ക്കാം. പാലും ക്രീമും അധികമാകാതെ പ്രത്യേകം ശ്രദ്ധിക്കുക. കറി നന്നായി പാകമായാല്‍ മുട്ട കൂടി ചേര്‍ത്ത് അല്‍പസമയം കൂടി അടുപ്പത്ത് വച്ച ശേഷം മല്ലിയിലയും ഇട്ട് വാങ്ങിവയ്ക്കാം. വളരെ എളുപ്പത്തില്‍ തന്നെ ഈ കറി തയ്യാറായി കിട്ടും. രുചിയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ 'ക്രീമി' മുട്ടക്കറി( Egg Curry ). അപ്പോള്‍ ഇനി എല്ലാവരും ഇതൊന്ന് പരീക്ഷിച്ചുനോക്കുമല്ലോ... 

Also Read:- ഇതാ വ്യത്യസ്തമായതും എളുപ്പത്തില്‍ തയ്യാറാക്കാവുന്നതുമായ ഒരു ഇഡ്ഡലി...

Follow Us:
Download App:
  • android
  • ios