ശരീരത്തിന് ആവശ്യമായ ഘടകങ്ങളിലൊന്നാണ് പ്രോട്ടീനുകള്‍. സാധാരണയായി മുട്ട, ഇറച്ചി എന്നിവയിലാണ് പ്രോട്ടീന്‍ കൂടുതലായി അടങ്ങിയിട്ടുള്ളതെന്നാണ് പലരുടെയും ധാരണ. പ്രോട്ടീൻ അടങ്ങിയ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രോട്ടീൻ അടങ്ങിയ പ്രധാനപ്പെട്ട മൂന്ന് പച്ചക്കറികൾ താഴേ ചേർക്കുന്നു...

ചീര...

ധാരാളം പ്രോട്ടീന്‍ അടങ്ങിയ പച്ചക്കറിയാണ് ചീര. അര കപ്പ് ചീരയില്‍ ഒരു ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വളരെ നല്ലതാണ് ചീര. സിങ്ക്, മഗ്നീഷ്യം, അയണ്‍, വിറ്റാമിന്‍ സി എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ദിവസവും ചീര കഴിക്കുന്നത് ശീലമാക്കുക. ഹീമോ​​ഗ്ലോബിന്റെ അളവ് കൂട്ടാൻ ചീര വളരെ നല്ലതാണ്.

ബ്രോക്കോളി...

 ധാരാളം പ്രോട്ടീന്‍ അടങ്ങിയ മറ്റൊരു പച്ചക്കറിയാണ് ബ്രോക്കോളി. അര കപ്പ് ബ്രോക്കോളിയില്‍ രണ്ടു ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമുള്ള നിരവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പിന്റെ കാര്യത്തിലെന്ന് മാത്രമല്ല, മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലാണ് ബ്രോക്കോളി. ധാരാളം നാരുകൾ, പ്രോട്ടീൻ, വൈറ്റമിൻ ഇ, വൈറ്റമിൻ ബി 6, കോപ്പർ, പൊട്ടാസ്യം എന്നിവ ബ്രോക്കോളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബ്രോക്കോളിയിൽ 47 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. 

മഷ്റൂം...

100 ​ഗ്രാം മഷ്റൂമിൽ മൂന്ന് ​ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മഷ്റൂം കഴിക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. മഷ്‌റൂമില്‍ കാണപ്പെടുന്ന ശക്തിയേറിയ സെലേനിയം എന്ന ആന്റി ഓക്‌സിഡന്റ് ശരീരത്തിലെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മഷ്‌റൂമില്‍ ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ 90 ശതമാനം ഇരുമ്പും മഷ്‌റൂമില്‍നിന്ന് ലഭ്യമാകും.