കാലവര്‍ഷം മൂന്നാഴ്ച പിന്നിടുമ്പോള്‍ ആരോഗ്യകാര്യത്തില്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം കൊവിഡ് ഭീഷണിക്കിടയിലും മറ്റ് രോഗങ്ങൾ സംസ്ഥാനത്ത് പിടിമുറുക്കിത്തുടങ്ങുന്നത് നമ്മുക്ക് ആശങ്കയുണ്ടാക്കുന്നതാണ്.  

കൊറോണ വൈറസിന്‍റെ ഭീതിയില്‍ കഴിയുന്ന സമയം കൂടിയായതിനാല്‍  പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്.  വ്യായാമം ചെയ്യുക, പുകവലി ഒഴിവാക്കുക, മദ്യപാനം കുറയ്ക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ഒപ്പം ഏറ്റവും പ്രധാനം ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക എന്നതാണ്. ആരോഗ്യവും രോഗപ്രതിരോധ ശേഷിയും നിലനിര്‍ത്താന്‍ എന്തൊക്കെ കഴിക്കണമെന്ന് നാം കൃത്യമായി അറിഞ്ഞിരിക്കണം. 

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങളെ പരിചയപ്പെടാം. 

ഒന്ന്...

പോഷകങ്ങളുടെ കലവറയാണ് ബദാം. വിറ്റാമിന്‍ ഇ, ഫൈബര്‍, പ്രോട്ടീന്‍, മഗ്നീഷ്യം, കാത്സ്യം, അയണ്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ ബദാം നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് മികച്ചതാണ്.  ഇതിലെ വിറ്റാമിന്‍ ഇ–ക്ക് ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഉണ്ട്. ഇത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

ഹൃദയാഘാതസാധ്യത കുറയ്ക്കാനും ബദാമിന് കഴിയുമെന്ന് ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നുണ്ട്. കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും ഇവ സഹായിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം തലച്ചോറിന്റെ ആരോഗ്യത്തിനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ബദാമിന് കഴിവുണ്ട്. 

രണ്ട്...

പ്രോട്ടീന്‍, കാത്സ്യം, ലാക്ടിക് ആസിഡ്, സിങ്ക്, വിറ്റാമിനുകളായ ഡി, ബി-2, ബി-12, ബി-5 എന്നിവ അടങ്ങിയിരിക്കുന്ന തൈര് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ദഹനത്തിനും സഹായിക്കുന്ന തൈര് എല്ലുകളുടെ ആരോഗ്യത്തിനും ഏറേ നല്ലതാണ്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും  ഇവ സഹായിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

മൂന്ന്....

നമ്മുടെയൊക്കെ വീടുകളില്‍ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് മഞ്ഞള്‍. ഔഷധ ഗുണങ്ങള്‍ ധാരാളം ഉള്ള മഞ്ഞള്‍ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും പല രോഗങ്ങളില്‍ നിന്നും തടയുന്നതിനും സഹായിക്കുന്നു. കാത്സ്യം, ഫൈബര്‍, സിങ്ക് തുടങ്ങിയവ അടങ്ങിയ മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണമെന്ന് വിദഗ്ധരും പറയുന്നു. 

ഒപ്പം നല്ല ആരോഗ്യത്തിനായി ധാരാളം വെള്ളം കുടിക്കുക, പച്ചക്കറികളും പഴവര്‍ഗങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

Also Read: പ്രതിരോധശേഷി കൂട്ടാം; സിങ്ക് അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ ശീലമാക്കൂ...