പല ഭക്ഷണസാധനങ്ങളും രാത്രിയില്‍ കഴിക്കുന്നത് വീട്ടിലെ മുതിര്‍ന്നവര്‍ നിഷേധിക്കാറുണ്ട്, ഇല്ലേ? ഇതില്‍ പലതും ശാസ്ത്രീയമായിത്തന്നെ അത്താഴത്തിന് യോജിച്ചതല്ലെന്ന് കണ്ടെത്തപ്പെട്ടിട്ടുള്ളതുമാണ്. എന്നാല്‍ നെയ്യിന്റെ കാര്യത്തില്‍ രാത്രിയില്‍ വിലക്ക് വയ്‌ക്കേണ്ടതുണ്ടോ? അത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ നിങ്ങള്‍ക്ക് ആരെങ്കിലും നല്‍കിയിട്ടുണ്ടോ? 

നമ്മള്‍ ദിവസേന ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട 'നല്ലയിന'ത്തില്‍പ്പെടുന്ന കൊഴുപ്പ് (ഫാറ്റ്) ആണ് നെയ്. ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട് നെയ്യിന്. ദഹനാവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന്, മുടിയുടേയും ചര്‍മ്മത്തിന്റേയും ആരോഗ്യത്തിന് എന്നിങ്ങനെ ശരീരത്തിന്റെ അടിസ്ഥാനപരമായ പല ആവശ്യങ്ങള്‍ക്കും നെയ് ഉപകരിക്കുന്നുണ്ട്. 

ദിവസത്തില്‍ മൂന്ന് നേരവും ഭക്ഷണത്തിനൊപ്പം അല്‍പം നെയ് കഴിക്കണമെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. അതായത്, പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമൊപ്പം അല്‍പാല്‍പമായ് നെയ് കഴിക്കണമെന്ന്. എന്നുവച്ചാല്‍ രാത്രിയില്‍ നെയ് കഴിക്കുന്നതിന് വിലക്കില്ലെന്ന് അര്‍ത്ഥം. സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ രുജുത ദിവേക്കര്‍ ഇതിന്റെ ഗുണങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. 

'നിങ്ങള്‍ മൂന്ന് നേരവും ഭക്ഷണത്തിനൊപ്പം അല്‍പം നെയ് കഴിക്കുന്നുണ്ടെങ്കില്‍ ഉദരസംബന്ധമായ ബുദ്ധിമുട്ടുകള്‍ കുറേയെങ്കിലും പരിഹരിക്കാനാകും. അതുപോലെ തന്നെ മുടിക്കും ചര്‍മ്മത്തിനും സംഭവിക്കുന്ന കേടുപാടുകള്‍ക്കും ചെറിയൊരു പരിധി വരെ പരിഹാരം കാണാന്‍ ഈ ശീലം കൊണ്ടാകും...'- രുജുത ദിവേക്കര്‍ പറയുന്നു. 

എന്നുമാത്രമല്ല, വീട്ടിലുണ്ടാക്കിയ നാടന്‍ നെയ് ആണെങ്കില്‍ രാത്രിയില്‍ ഉറങ്ങുന്നതിന് അല്‍പസമയം മുമ്പായി ഒരുടീസ്പൂണ്‍ നെയ് കഴിച്ച് അതിന് ശേഷം കുറച്ച് ചൂടുവെള്ളം കൂടി കുടിക്കുന്നത് ദഹനം എളുപ്പമാക്കാനും, ദഹനാവയവങ്ങള്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കാനുള്ള സാഹര്യമുണ്ടാക്കാനും സഹായിക്കുമെന്നാണ് പ്രമുഖ ആയുര്‍വേദ ഡോക്ടറായ ഡോ. ഭാഗ്യശ്രീ സോപ് പറയുന്നത്. 

ഈ പതിവിലൂടെ ആകെ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവിനെ കുത്തനെ കുറയ്ക്കാമെന്നും ഡോ. ഭാഗ്യശ്രീ അവകാശപ്പെടുന്നു. അപ്പോള്‍ ഇനിയെന്തായാലും രാത്രിയില്‍ നെയ് കഴിക്കുന്ന കാര്യത്തില്‍ മറ്റ് ആശങ്കകളൊന്നും സൂക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമായല്ലോ അല്ലേ? എന്നാല്‍ അളവിന്റെ കാര്യത്തില്‍ എപ്പോഴും മിതത്വം പാലിക്കാനും ശ്രദ്ധിക്കണേ...

Also Read:- 'പ്രമേഹവും രക്തസമ്മര്‍ദ്ദവുമായി പാലുത്പന്നങ്ങള്‍ക്കൊരു ബന്ധമുണ്ട്...'