ലോകത്തിന്റെ പലയിടങ്ങളിലും ഭക്ഷണാവശ്യങ്ങള്‍ക്കായി വിവിധ തരം പുഴുക്കളേയും ചെറുപ്രാണികളെയുമെല്ലാം ഉപയോഗിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ ഇത് അത്രമാത്രം പരിചിതമായ രീതിയായിരിക്കില്ല. ചിലയിടങ്ങളിലാകട്ടെ ഏറ്റവും ഡിമാന്‍ഡുള്ള വിഭവങ്ങള്‍ പോലും ഇത്തരത്തിലുള്ളവയായിരിക്കും. 

ഓരോ നാടിനും അതിന്റേതായ ഭക്ഷണ സംസ്‌കാരമുണ്ട്. പ്രദേശത്തിന്റെ വ്യത്യാസത്തിന് പുറമെ ഓരോ സമുദായങ്ങള്‍ക്ക് പോലും ഭക്ഷണകാര്യങ്ങളില്‍ വ്യത്യസ്തമായ അഭിരുചി കാണാറുണ്ട്. എന്തായാലും ഭക്ഷണവൈവിധ്യങ്ങളെ കുറിച്ച് അറിയുന്നത് ഏറെ രസകരമായ സംഗതി തന്നെ. 

ഇപ്പോഴിതാ യൂറോപ്പില്‍ ഭക്ഷണാവശ്യത്തിനായി പ്രത്യേകയിനത്തില്‍ പെട്ട പുഴുക്കളെ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് അധികൃതര്‍. ഇതുവരേയും യൂറോപ്പില്‍ അംഗീകൃതമായി പുഴുക്കളെ ഭക്ഷണമാക്കുന്ന ഏര്‍പ്പാടില്ലായിരുന്നു. വളര്‍ത്തുമൃഗങ്ങള്‍ക്ക് നല്‍കാന്‍ 'ഇന്‍സെക്ട് ഫുഡ്' അഥവാ പ്രാണികളെയും പുഴുക്കളെയും ഉപയോഗിച്ചിരുന്നു.

ഇനി മനുഷ്യന്മാര്‍ക്കും 'ഇന്‍സെക്ട് ഫുഡ്' ആകാമെന്നാണ് 'യൂറോപ്യന്‍ ഫുഡ് സേഫ്റ്റി ഏജന്‍സി' (ഇഎഫ്എസ്എ) അറിയിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ പ്രത്യേകയിനത്തില്‍ പെട്ട വണ്ടിന്റെ ലാര്‍വ രൂപത്തിലുള്ള പുഴുക്കള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. പ്രോട്ടീന്‍, ഫാറ്റ്, ഫൈബര്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഈ പുഴുക്കള്‍ക്ക് പുറമെ വേറെയും പല ഇനത്തില്‍ പെട്ട പുഴുക്കളെയും ഭക്ഷ്യയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ധാരാളം അപേക്ഷകള്‍ ലഭിക്കുന്നതായും ഇഎഫ്എസ്എ അറിയിച്ചു. 

വറുത്തും കറിവച്ചുമെല്ലാം ഇനി മഞ്ഞപ്പുഴുക്കള്‍ യൂറോപ്പുകാരുടെ പാത്രത്തില്‍ നിറയും. ബിസ്‌കറ്റ്, പാസ്ത തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണത്തിനുള്ള പൊടിയും ഈ പുഴുക്കളില്‍ നിന്ന് ഇനി ഉണ്ടാക്കാം. അതേസമയം ഒരു വിഭാഗം യൂറോപ്പുകാര്‍ക്ക് ഇപ്പോഴും ഇത് ഉള്‍ക്കൊള്ളാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സമയമെടുത്ത് മാത്രമേ അത്തരക്കാര്‍ക്ക് ഈ പുതിയ ഭക്ഷണരീതിയെ അംഗീകരിക്കാനാവൂ എന്നും പഴയ രീതികളില്‍ നിന്ന് മാറാന്‍ കഴിയാതിരിക്കുന്നത് സ്വാഭാവികമാണെന്നും ചില സര്‍വേ ഫലങ്ങളും വിശദമാക്കുന്നു. 

Also Read:- ഇതാണ് ചില്ലി ജിലേബി, വെെറലായി ചിത്രം; ഇത് ക്രൂരതയെന്ന് സോഷ്യല്‍ മീഡിയ...