ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് 'ടൈപ്പ് 2' പ്രമേഹമാണ്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പ്രമേഹം പിടിപെട്ടാല്‍ പിന്നെ എന്തൊക്കെ കഴിക്കാം എന്ന സംശയം ആണ് പലര്‍ക്കും.ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്.

അത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

കിഡ്‌നി ബീൻസാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനിന്‍റെ നല്ലൊരു ഉറവിടമാണ് കിഡ്നി ബീൻസ്. കിഡ്‌നി ബീൻസിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് 30-ൽ താഴെയാണ്. ഇരുമ്പ്, ഫോസ്ഫറസ്, വിറ്റാമിൻ കെ, ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ എന്നിവയും ഇവയില്‍‌ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍‌ക്ക് ധൈര്യത്തോടെ കഴിക്കാം. 

രണ്ട്...

വെള്ളക്കടല ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ ഇവയുടെ ജിഐ കുറവാണ്. എല്ലുകൾകളുടെയും തലച്ചോറിന്‍റെയും ഹൃദയത്തിന്‍റെയും ആരോഗ്യത്തിനും ഇവ നല്ലതാണ്. 

മൂന്ന്...

ചെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്ലൈസെമിക് സൂചികയില്‍ 20-ല്‍ താഴെയാണ് ചെറിയുടെ സ്ഥാനം. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. വിറ്റാമിന്‍ സി, പൊട്ടാസ്യം, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവയും അടങ്ങിയ ചെറി ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്. 

നാല്... 

ഓറഞ്ചാണ് ഈ പട്ടികയിലെ നാലാമന്‍. ആസിഡ് അംശമുള്ള പഴങ്ങള്‍ പൊതുവേ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ ഇവ ആരോഗ്യത്തിനും ഉത്തമമാണ്. പ്രത്യേകിച്ച് വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഓറഞ്ച് സഹായിക്കും. ഓറഞ്ചിന്‍റെ ജിഐ 40 ആണ്. 

അഞ്ച്... 

ആപ്പിളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമാണ് ആപ്പിള്‍. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹത്തിന് മാത്രമല്ല, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ആപ്പിള്‍ കഴിക്കുന്നത് ഗുണം ചെയ്യും. 

ആറ്...

ചീരയാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റിഓക്സിഡന്‍റുകള്‍, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ചീര പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു ഇലക്കറിയാണ്. ഹീമോ​​ഗ്ലോബിന്‍റെ അളവ് കൂട്ടാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ദിവസവും ചീര കഴിക്കുന്നത് നല്ലതാണ്. കൂടാതെ ഫൈബർ ധാരാളമായി അടങ്ങിയിട്ടുള്ള ചീര ഫാറ്റ് കുറയ്ക്കാനും സഹായിക്കും. 

ഏഴ്...

ക്യാരറ്റ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്യാരറ്റിന്‍റെ ജിഐ 40 ആണ്. ഹൃദയത്തിന്‍റെയും തലച്ചോറിന്‍റെയും ആരോഗ്യത്തിനും ഇവ നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: രാവിലെ വെറുംവയറ്റില്‍ കുതിര്‍ത്ത വാള്‍നട്സ് കഴിക്കാം; അറിയാം ഈ ഗുണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

YouTube video player