പരീക്ഷാക്കാലമാണ് ഇനി വരുന്നത്. കുട്ടികള്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്ന നാളുകളാണ് ഇനി. അതുകൊണ്ടുതന്നെ പരീക്ഷാക്കാലത്ത് കുട്ടികള്‍ പെട്ടെന്ന് സമ്മര്‍ദ്ദത്തിലാകാം. അത് അവരുടെ ആരോഗ്യത്തെയും ബാധിക്കാം. അതിനാല്‍ അമ്മമാര്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 

അത്തരത്തില്‍ ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

കൃത്യസമയത്ത് ഭക്ഷണം കഴിക്കുക എന്നതാണ് പ്രധാന കാര്യം. പ്രഭാതഭക്ഷണം ഒഴിവാക്കാന്‍ ഒരിക്കലും കുട്ടിയെ അനുവദിക്കരുത്. പ്രഭാത ഭക്ഷണം തലച്ചോറിനുളള ഭക്ഷണമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് ഒരു  ദിവസത്തെ അവരുടെ ഊര്‍ജസ്വലതയെ ബാധിക്കും. അത് അവരുടെ പഠനത്തെയും ബാധിക്കും.

രണ്ട്...

പോഷകങ്ങള്‍  ധാരാളം അടങ്ങിയ ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുക. പ്രത്യേകിച്ച് പച്ചക്കറികളും പഴങ്ങളും  കഴിപ്പിക്കാന്‍ ശ്രദ്ധിക്കണം. ഒപ്പം ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകാത്ത ഭക്ഷണവും ഉള്‍പ്പെടുത്താം. മറ്റൊരു കാര്യം കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണം പരീക്ഷക്കാലത്ത് ഒഴിവാക്കാവുന്നതാണ് നല്ലത്. ഒരുപാട് എണ്ണമയമുള്ള ഭക്ഷണം, കൊഴുപ്പ് വലിയ തോതില്‍ അടങ്ങിയ മാംസാഹാരം, പ്രോസസ്ഡ് ഫുഡ്, ജങ്ക് ഫുഡ് എന്നിവയെല്ലാം കുട്ടിയെ ആലസ്യത്തിലാക്കാനും, ചിന്തകള്‍ മന്ദഗതിയിലാക്കാനും വഴിയൊരുക്കുന്നു. 

മൂന്ന്...

ഇടയ്ക്ക്  സ്‌നാക്ക്‌സ് കഴിക്കുന്ന സ്വഭാവം ഉള്ള കുട്ടികള്‍ ആണെങ്കില്‍ പകരം പഴങ്ങള്‍ മുറിച്ചതോ, ഡ്രൈ ഫ്രൂട്ട്‌സോ, നട്ട്‌സോ ഒക്കെ നല്‍കാം. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിപ്പിക്കുക.

നാല്...

വെള്ളം ധാരാളം കുടിപ്പിക്കുക. നിര്‍ജലീകരണം സംഭവിക്കുന്നതോടെ കുട്ടികള്‍ എളുപ്പത്തില്‍ ക്ഷീണിക്കുന്നു.