മിക്ക വീടുകളിലും ഇന്ന് പാക്കറ്റ് പാലാണ് ഉപയോഗിക്കുന്നത്. ഗ്രാമങ്ങളും മറ്റും മാത്രമായി ചുരുക്കം വീടുകളിലാണ് കറന്നെടുത്ത പാല്‍ നേരിട്ട് ലഭ്യമാകുന്ന സാഹചര്യമുള്ളത്. ഏത് തരം പാലാണെങ്കിലും അത് ഉപയോഗിക്കും മുമ്പ് നന്നായി തിളപ്പിക്കുന്നത് നമ്മുടെ ശീലമാണ്. 

പാല്‍ നന്നായി തിളപ്പിച്ചെടുത്തില്ലെങ്കില്‍ അതിനകത്ത് ബാക്ടീരിയകള്‍ അവശേഷിക്കുമെന്നും ഇവ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും നമുക്കറിയാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പാല്‍ ഇത്തരത്തില്‍ ഉപയോഗിക്കും മുമ്പ് തിളപ്പിക്കേണ്ടതുണ്ടോ? 

ഡയറി എക്‌സ്പര്‍ട്ടായ സഞ്ജീവ് തോമര്‍ പറയുന്നത്, കടകളില്‍ നിന്ന് വങ്ങിക്കുന്ന പാക്കറ്റ് പാല്‍ പിന്നീട് കാര്യമായി തിളപ്പിക്കേണ്ടതില്ല എന്നാണ്. അതേസമയം കറന്നെടുത്തത് നേരിട്ട് കിട്ടുന്ന പാലാണെങ്കില്‍ ഇത് നല്ലത് പോലെ തിളപ്പിക്കേണ്ടതുണ്ട്. 

പാക്കറ്റ് പാല്‍, ശുദ്ധീകരിച്ച്- അണുക്കളെ നശിപ്പിച്ച ശേഷമാണ് നമ്മുടെ കൈകളിലെത്തുന്നത്. ഇതുതന്നെ വീണ്ടും തിളപ്പിക്കുമ്പോള്‍ പാലിലുള്ള പോഷകങ്ങള്‍ കെട്ടുപോകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. 100 ഡിഡ്രി സെല്‍ഷ്യസില്‍ ഒരേ പാല്‍ പത്ത് മിനുറ്റിലധികം തിളപ്പിച്ചാല്‍ അതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഗണ്യമായി കുറയുമത്രേ. 

ഈ വിറ്റാമിനാണ് പിന്നീട് നമ്മെ കാത്സ്യം വലിച്ചെടുക്കുന്നതിന് സഹായിക്കുന്നത്. അങ്ങനെ വരുമ്പോള്‍ കാത്സ്യം വലിച്ചെടുക്കുന്ന പ്രക്രിയ തന്നെ മന്ദഗതിയിലായേക്കാം. എന്ന് മാത്രമല്ല, പോഷകത്തിന് വേണ്ടി കാര്യമായി പാലിനെ ആശ്രയിച്ച് മുന്നോട്ടുപോകുന്നവരാണെങ്കില്‍ ഇതുമൂലം അവരില്‍ കാത്സ്യക്കുറവ് ഉണ്ടാകാന്‍ പോലും സാധ്യതകളേറെയാണത്രേ. 

പാക്കറ്റ് പാലാണെങ്കില്‍ ഉപയോഗിക്കുന്നത് എത്രയാണോ, അത്രയും പാല്‍ മാത്രം എടുത്ത് ആവശ്യത്തിന് ചൂടാക്കാം. ഇത്രമാത്രമേ ചെയ്യാവൂ. ബാക്കിയുള്ള പാല്‍ എടുക്കുന്നതിന് അനുസരിച്ച് മാത്രം ചൂടാക്കുക. കറന്നെടുത്ത പാലാണെങ്കില്‍ നന്നായി തിളപ്പിച്ചുവച്ച ശേഷം, ആവശ്യത്തിന് എടുക്കുമ്പോള്‍ വെറുതെ ചൂടാക്കാം. 

Also Read:- കണ്ണിന്റെ ആരോ​ഗ്യത്തിന് ഇതാ ഒരു ​ഹെൽത്തി ഡ്രിങ്ക്; കാരറ്റ് മിൽക്ക് തയ്യാറാക്കാം...