അടുക്കളയിൽ പാചകം ചെയ്യുന്ന ഭക്ഷണത്തിന് സ്വാദു കൂട്ടുന്ന ഒന്നാണ് ഒലിവ് ഓയിൽ. അതേസമയം തലയിൽ തേക്കുന്ന കണ്ടീഷണറുകളിലെ ഒരു ഘടകം കൂടിയാണ് ഈ എണ്ണ. കുക്കിങ് സ്പ്രേ എന്ന് കരുതി ഏതാണ്ട് അതുപോലെ ഒരു കുപ്പിയിൽ വന്ന ഒലിവ് ഓയിൽ ബേസ്ഡ് കണ്ടീഷണർ ഭക്ഷണത്തിൽ ചേർക്കുക. അങ്ങനെയൊന്ന് നടക്കാനിടയുണ്ടോ? ഇല്ലെന്നുറപ്പിക്കാൻ വരട്ടെ. അങ്ങനെ നടന്നു. ഒരു വട്ടമല്ല, ഒരാഴ്ചയോളം. 

യോർക്ക്ഷെയറിലെ വാടക അപ്പാർട്ട്മെന്റിൽ ഒരുമിച്ച് താമസിക്കുന്ന സ്വവർഗാനുരാഗികളായ ബെക്കി, ഹന്നാ എന്നീ കമിതാക്കൾക്കാണ് ഇങ്ങനെയൊരു അബദ്ധം പിണഞ്ഞത്. ഇരുപത്തിനാലുകാരിയായ ഹന്ന തന്റെ കാമുകിയായ ബെക്കിക്ക് ഒരാഴ്ചയോളം ബേക്കൺ സാൻഡ്‌വിച്ച്, ബർഗർ, ചിക്കൻ സ്റ്റീക്ക് തുടങ്ങി പലതും പാകം ചെയ്ത് നൽകിയിരുന്നു. അപ്പോഴൊന്നും അവർക്ക് പ്രശ്നമൊന്നും തോന്നിയില്ല. എന്നാൽ, ഒരാഴ്ചക്ക് ശേഷം ഒരു ദിവസം ഹന്നയുണ്ടാക്കിയ പാസ്ത കഴിച്ച നിമിഷം തൊട്ട് ബെക്കി നിർത്താതെ ഛർദ്ദിക്കാൻ തുടങ്ങി. കടുത്ത വയറുവേദനയും അവർക്ക് അനുഭവപ്പെട്ടുതുടങ്ങി. മാത്രമല്ല, കഴിച്ച ചിക്കൻ പാസ്തക്ക് എന്തോ ഒരു അരുചിയുള്ളതായി ഇരുവർക്കും തോന്നുകയും ചെയ്തു. 

അടുക്കളയിലെ കബോർഡ് തപ്പി അവിടുള്ള സകല മസാലകളും പരിശോധിച്ചെങ്കിലും ആദ്യത്തെ തിരച്ചിലിൽ അവർക്ക് പ്രശ്നമൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കബോർഡ് അടക്കാൻ നേരത്താണ് അവിടെ വെച്ചിരുന്ന ഒലിവ് ഓയിൽ സ്പ്രേ കാൻ ഹന്നയുടെ കണ്ണിൽ പെടുന്നത്. ആ കാൻ എടുത്ത് മുഖത്തോട് ചേർത്ത് അവൾ അതിന്റെ പേര് ഒന്നുകൂടി വായിച്ചു. അതിന്മേൽ ഇങ്ങനെ എഴുതിയിരുന്നു. 'ഒലിവ് ഓയിൽ ലീവ് ഇൻ കണ്ടീഷണർ' - ഫോർ ഫ്രിസ്‌ പ്രോൺ ഹെയർ. അവൾ ഞെട്ടി. ഇത് തലയിൽ ഷാംപൂ തേച്ചതിന്റെ പിന്നാലെ തേക്കുന്ന കണ്ടീഷണർ അല്ലേ? അവൾ നേരെ കുളിമുറിയിലേക്ക് ഓടിച്ചെന്നു. അവിടെ ഇരുന്ന കണ്ടീഷണർ ക്യാൻ എടുത്ത് നോക്കി. അതിലെ എഴുത്ത് ഇങ്ങനെ, 'എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ കുക്കിങ് സ്പ്രേ'. അതോടെ ഞെട്ടൽ പൂർണമായി. 

കഴിഞ്ഞ തവണ ഇരുവരും ചേർന്ന് സൂപ്പർ മാർക്കറ്റിൽ ചെന്ന് സാധനം വാങ്ങിക്കൊണ്ടുവന്ന ശേഷം ഓരോന്നായി അതാതിന്റെ ഇടത്ത് കൊണ്ടുവെച്ചപ്പോൾ ഏതാണ്ട് ഒരുപോലെ ഇരിക്കുന്ന രണ്ടു കുപ്പികൾ തമ്മിൽ മാറിപ്പോയി. കുക്കിങ് സ്പ്രേ വെക്കേണ്ടിടത് കണ്ടീഷണർ വെച്ചു, തിരിച്ചും. 

ഭക്ഷണമുണ്ടാക്കുന്നതിനിടെ ഒരിക്കൽ ഫ്രയിങ് പാനിൽ ചിക്കൻ ഒട്ടിപ്പിടിച്ചതും മറ്റും എന്തുകൊണ്ടായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത് എന്ന് ഹന്ന ചിരിച്ചുകൊണ്ട് പറഞ്ഞു. ഈ അനുഭവം ഹന്ന ഫേസ്‌ബുക്കിൽ പങ്കുവച്ചപ്പോൾ പലരും അതിനുചുവട്ടിൽ കമന്റുകളും ലൈക്കുകളുമായി എത്തി. ജീവൻ രക്ഷപ്പെട്ടല്ലോ എന്നുള്ള സമാധാനത്തിലാണ് കമിതാക്കൾ ഇരുവരും ഇപ്പോൾ.