വിഭവസമൃദ്ധമായ 'താലി മീല്‍സ്' കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരെങ്കിലും ഉണ്ടോ? ഉണ്ടാകില്ല. താലി മീല്‍സ് കഴിച്ചാല്‍ സമ്മാനം ലഭിക്കുമെന്നു കൂടി കേട്ടാല്‍ പിന്നെ പറയേണ്ടതുണ്ടോ? കൊറോണക്കാലത്ത് ഹോട്ടൽ ബിസിനസ് നേരിട്ട തകർച്ചയിൽനിന്നു കരകയറാൻ പുണെയിലെ ശിവരാജ് ഹോട്ടലുടമ അതുൽ വെയ്ക്കറാണ്  ഇവിടെ താലി മത്സരം പ്രഖ്യാപിച്ചത്. 

നാല് കിലോ തൂക്കമുള്ള നോൺ വെജ് താലി മീൽസ് ഒരു മണിക്കൂറിനുള്ളിൽ കഴിച്ചു തീർക്കണം. മത്സരത്തിൽ ജയിച്ചാൽ കിട്ടുന്ന സമ്മാനം എന്താണെന്ന് അറിയാമോ? പുത്തൻ റോയൽ എൻഫീൽഡ് ബുള്ളറ്റാണ് സമ്മാനം. പുണെ വാഡ്ഗൺ മാവൽ ഏരിയായിലെ ഹോട്ടലില്‍ ഇപ്പോള്‍ ആളുകളുടെ ക്യൂവാണ്. 

 

ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ട് ഈ 'ബുള്ളറ്റ് താലി'  കഴിച്ച മഹാരാഷ്ട്രയിലെ സോലപൂർ സ്വദേശി സോമനാഥ് പവാറാണ് ആദ്യ വിജയി. അഞ്ച് ബുള്ളറ്റ് കൂടി  വിജയികളെ കാത്തിരിക്കുകയാണ്. 

പന്ത്രണ്ട് തരം നോൺ വെജ് വിഭവങ്ങൾ അടങ്ങിയതാണ് താലി. നാല് കിലോ മട്ടൻ, വറുത്ത മീൻ, ചിക്കൻ തന്തൂരി, മട്ടൻ ഡ്രൈ, ഗ്രേ മട്ടൻ, ചിക്കൻ മസാല, ചെമ്മീൻ ബിരിയാണി എന്നീ വിഭവങ്ങളാണ് താലിയിലെ താരങ്ങൾ. ഒരു താലിക്ക് 2500 രൂപയാണ് വില.

Also Read: 'കഴിക്ക് മോനേ'; പിറന്നാൾ ദിനത്തിൽ മോദിയുടെ ഇഷ്ടഭക്ഷണം വിളമ്പി അമ്മ...