ബ്രേക്ക്ഫാസ്റ്റ് ചിട്ടയായി കഴിക്കുന്നവർ ഇന്ന് കുറവാണ്. ജോലിത്തിരക്കുകള്‍ക്കിടയില്‍ എന്താണ് ലഭ്യമായിട്ടുള്ളത്, അത് കഴിച്ചുകൊണ്ട് വിശപ്പ് മാറ്റുന്നതാണ് അധികപേരുടെയും രീതി. എന്നാല്‍ ഇത്തരത്തില്‍ വെറും വയറ്റില്‍ കയ്യില്‍ കിട്ടിയ എന്തും കഴിക്കുന്നത് അത്ര നല്ലതല്ല

രാവിലെ ഉണര്‍ന്നയുടന്‍ ഒരു കപ്പ് കാപ്പിയെയോ ചായയെയോ ആശ്രയിച്ചാണ് നമ്മളില്‍ മിക്കവരും ദിവസം തുടങ്ങുക തന്നെ. ഇതുതന്നെ അനാരോഗ്യകരമായ ശീലമായിട്ടാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ ബ്രേക്ക്ഫാസ്റ്റ് ചിട്ടയായി കഴിക്കുന്നവരും ഇന്ന് കുറവാണ്. 

ജോലിത്തിരക്കുകള്‍ക്കിടയില്‍ എന്താണ് ലഭ്യമായിട്ടുള്ളത്, അത് കഴിച്ചുകൊണ്ട് വിശപ്പ് മാറ്റുന്നതാണ് അധികപേരുടെയും രീതി. എന്നാല്‍ ഇത്തരത്തില്‍ വെറും വയറ്റില്‍ കയ്യില്‍ കിട്ടിയ എന്തും കഴിക്കുന്നത് അത്ര നല്ലതല്ല. ഇതാ വെറും വയറ്റില്‍ കവിക്കാന്‍ പാടില്ലാത്ത ഈ അഞ്ച് ഭക്ഷണങ്ങളെ കുറിച്ചറിയൂ...

ഒന്ന്...

മിക്കവാറും വീടുകളില്‍ ബ്രേക്ക്ഫാസ്റ്റിനൊപ്പം നേന്ത്രപ്പഴവും മേശപ്പുറത്ത് കാണും. എന്നാല്‍ വെറും വയറ്റില്‍ നേരിട്ട് നേന്ത്രപ്പഴം കഴിക്കുന്നത് അത്ര ഗുണകരമല്ല. 

നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന 'മഗ്നീഷ്യം', 'പൊട്ടാസ്യം' എന്നീ ഘടകങ്ങള്‍ രക്തത്തിലെ 'മഗ്നീഷ്യം', 'പൊട്ടാസ്യം' എന്നിവയുടെ അളവിന്റെ തുലനതയെ ഇല്ലാതാക്കുന്നു. അതിനാല്‍ മറ്റെന്തെങ്കിലും ഭക്ഷണം കഴിച്ച ശേഷം മാത്രം നേന്ത്രപ്പഴം കഴിക്കാം. 

രണ്ട്...

ആദ്യമേ സൂചിപ്പിച്ചത് പോലെ എഴുന്നേറ്റയുടന്‍ ഒരു കപ്പ് കാപ്പിയെ ആശ്രയിക്കുന്നവര്‍ അറിയേണ്ട കാര്യമാണ് ഇനി പങ്കുവയ്ക്കുന്നത്. വെറും വയറ്റില്‍ കാപ്പി കഴിക്കുന്നത് വലിയ തോതില്‍ അസിഡിറ്റി വര്‍ധിപ്പിക്കാന്‍ ഇടയാക്കും. അതുപോലെ തന്നെ ദിവസം മുഴുവന്‍ ദഹനപ്രശ്‌നങ്ങളും നെഞ്ചെരിച്ചിലും ഉണ്ടാക്കാനും ഈ ശീലം വഴിയൊരുക്കും. അതിനാല്‍ ആദ്യം അല്‍പം വെള്ളം കുടിച്ച് ദിവസം തുടങ്ങുക. ശേഷം എന്തെങ്കിലും കഴിക്കാം. അതും കഴിഞ്ഞ് മാത്രം കാപ്പിയിലേക്ക് കടക്കാം. 

മൂന്ന്...

ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കാന്‍ കഴിവുള്ള ഭക്ഷണപദാര്‍ത്ഥമാണ് യോഗര്‍ട്ട്, അഥവാ കട്ടത്തൈര്. എന്നാലിത് വെറും വയറ്റില്‍ കഴിക്കുന്നത് ഉത്തമമല്ല. വെറും വയറ്റില്‍ കഴിക്കുമ്പോള്‍ യോഗര്‍ട്ടിലടങ്ങിയിരിക്കുന്ന 'ലാക്ടിക് ആസിഡ്'ഉം വയറ്റിനകത്തുള്ള ആമാശയരസവും കൂടിച്ചേരുമ്പോള്‍ അത് ഗുണമാകില്ല. 

ചപ്പാത്തിക്കോ, ചോറിനോ ഒപ്പമെല്ലാം അല്‍പാല്‍പമായി ചേര്‍ത്തുകഴിക്കുന്നതില്‍ തെറ്റില്ല. 

നാല്...

എല്ലാ അടുക്കളകളിലും സുലഭമായിട്ടുള്ളൊരു പച്ചക്കറിയാണ് തക്കാളി. തക്കാളി പച്ചയ്ക്ക് കഴിക്കാനിഷ്ടപ്പെടുന്നവരും ഏറെയാണ്. എന്നാല്‍ വെറുംവയറ്റില്‍ തക്കാളി കഴിക്കേണ്ട. ഇതിലടങ്ങിയിരിക്കുന്ന 'ടാനിക് ആസിഡ്' വയറ്റിനകത്തെ രസവുമായി ചേര്‍ന്ന് ഏറെ അസ്വസ്ഥതയുണ്ടാക്കാന്‍ സാധ്യതയുണ്ട് എന്നതിലാണിത്. 

അഞ്ച്...

പച്ചക്കറികളില്‍ പലതും പച്ചയ്ക്ക് കഴിക്കാന്‍ നല്ലതാണ്. എന്നാല്‍ വെറുംവയറ്റില്‍ ഈ ശീലം വേണ്ട. പ്രത്യേകിച്ച് പച്ചനിറത്തിലുള്ളവ. ദഹനപ്രശ്‌നം, വയറ് കെട്ടിവീര്‍ക്കല്‍, മലബന്ധം എന്നിങ്ങനെയുള്ള ഉദരപ്രശ്‌നങ്ങള്‍ക്കെല്ലാം ഇത് സാധ്യത നല്‍കുന്നുണ്ട്.

Also Read:- ഊണിന് പാവയ്ക്ക കൊണ്ട് സൂപ്പറൊരു ചമ്മന്തിപ്പൊടി തയ്യാറാക്കിയാലോ....

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona