വണ്ണം കുറയ്ക്കാന്‍ ഡയറ്റിംഗ് പിന്തുടരുന്നവര്‍ ഒരുപക്ഷേ വെള്ളം കുടിയുടെ കാര്യത്തില്‍ അത്ര ശ്രദ്ധാലുക്കളാകണമെന്നില്ല. അല്ലെങ്കിലും അത്രമാത്രം ജാഗ്രതയോടെ ചെയ്യേണ്ട ഒന്നല്ലല്ലോ വെള്ളം കുടി. എങ്കിലും വെള്ളം കുടിക്കുമ്പോള്‍ ചില കാര്യങ്ങളെല്ലാം കണക്കിലെടുക്കുകയാണെങ്കില്‍ ഡയറ്റിംഗിന് കുറെക്കൂടി ഫലം കാണുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതായത്, വണ്ണം കുറയ്ക്കാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇന്ധനം പകരുന്ന പോലെ ചില 'എക്‌സ്ട്രാ' കരുതലുകളാകാം ഇതെന്ന്. 

അതെങ്ങനെയെന്നല്ലേ? അഞ്ച് മാര്‍ഗങ്ങളിലൂടെ ഇത് വിശദീകരിക്കാം. 

ഒന്ന്...

ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കാതെ മടി പിടിച്ചിരുന്നാല്‍ സ്വാഭാവികമായും ദാഹം വര്‍ധിച്ച് അത് ക്ഷീണമായി മാറും. ഇത്തരം സാഹചര്യങ്ങളില്‍ പലപ്പോഴും നമ്മളത് വിശപ്പായി തെറ്റിദ്ധരിക്കാറുണ്ട്. പിന്നെ, ഒട്ടും വൈകാതെ വല്ല 'സ്‌നാക്‌സ്'ഉം കഴിക്കും. ഈ സാഹചര്യം ഒഴിവാക്കാന്‍ ദാഹം തോന്നുമ്പോള്‍ തന്നെ വെള്ളം കുടിക്കുക. അനാവശ്യമായ കഴിപ്പ് ഇതോടെ ഒഴിവാക്കാനാകും. 

രണ്ട്...

ശാരീരികമായി എന്തെങ്കിലും വിഷമതകളോ അസുഖങ്ങളോ ഉണ്ടെങ്കില്‍, ഇടയ്ക്കിടെ വെള്ളം കുടിക്കാന്‍ കരുതണം. കാരണം- അസുഖങ്ങള്‍ എപ്പോഴും ശരീരത്തിന്റെ സന്തുലിതാവസ്ഥയെ എളുപ്പത്തില്‍ ബാധിക്കും. 


ഏത് അസുഖമാണെങ്കിലും അല്‍പം വെള്ളം അകത്തുചെല്ലുന്നത് ശരീരത്തിന് 'പോസിറ്റിവിറ്റി' മാത്രമേ നല്‍കുകയുള്ളൂ. 

മൂന്ന്...

അമിതമായി ഭക്ഷണം കഴിക്കുന്നതാണല്ലോ, വണ്ണം വയ്ക്കാന്‍ ഒരു കാരണമാകുന്നത്. ഇതൊഴിവാക്കാനായി ഭക്ഷണം കഴിക്കുന്നതിന് ഇരുപത് മിനുറ്റ് മുമ്പായി ഒരു ഗ്ലാസ് വെള്ളം കുടിക്കാം. ഇത് അമിതമായ ഭക്ഷണം കഴിപ്പിനെ തടയുമത്രേ. 

നാല്...

ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനം നല്ലരീതിയില്‍ ആണെങ്കില്‍ മാത്രമേ, നമ്മളെത്ര ഡയറ്റ് ചെയ്തിട്ടും ഉപകാരമുണ്ടാകൂ. അതിനാല്‍ ദഹനാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്ന പതിവുകള്‍ എപ്പോഴും പിന്തുടരണം. രാവിലെ എഴുന്നേറ്റയുടന്‍ റൂം ടെംപറേച്ചറിലുള്ള ഒരു ഗ്ലാസ് വെള്ളം കുടിക്കണം. ഇത് ദഹനപ്രവര്‍ത്തനങ്ങളെ നല്ലരീതിയില്‍ സ്വാധീനിക്കും. മാത്രമല്ല, ശരീരത്തിന് ഊര്‍ജ്ജം പകരാനും ഇത് നല്ലതാണ്. 

അഞ്ച്...

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും എന്തെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യുമല്ലോ. 


അപ്പോള്‍ വ്യായാമത്തിന് മുമ്പും ശേഷവും അല്‍പം വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. വ്യായാമം ചെയ്യുന്നതിന് തൊട്ടുമുമ്പും വ്യായാമം കഴിഞ്ഞയുടനും വെള്ളം കുടിക്കരുത്, എപ്പോഴും അല്‍പസമയം കാത്ത ശേഷം മാത്രം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.