പോഷകാഹാര കുറവ് മൂലമാണ് എല്ലിന് ബലകുറവ് ഉണ്ടാകുന്നത്. കാത്സ്യം, മാഗനീസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കാൻ ശ്രമിക്കുക. എല്ലിന്‍റെ ബലം വർധിപ്പിക്കുന്നതിൽ ഒമേഗ 3 സഹായിക്കുന്നതായി പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. എല്ലിന് ബലം കൂട്ടാൻ രാത്രിയോ രാവിലെയോ ദിവസവും ഒരു ​ഗ്ലാസ് പാൽ കുടിക്കാൻ ശ്രമിക്കുക. അത് പോലെ തന്നെ പയർവർ​ഗങ്ങൾ ധാരാളം കഴിക്കാൻ ശ്രമിക്കുക. മാംഗനീസ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും എല്ലിന്‍റെ ബലം കൂട്ടാന്‍ നല്ലതാണ്. 

ചെറുപയർ,ഡാൽപരിപ്പ് എന്നിവ ഭക്ഷണത്തിൽ നിത്യവും ഉൾപ്പെടുത്തണം. കാത്സ്യം ധാരാളം അടങ്ങിയ ഒന്നാണ് ചീസ്. ചീസോ അല്ലെങ്കിൽ പനീറോ ധാരാളം കഴിക്കാൻ ശ്രമിക്കുക. ചീസ് ഇഷ്ടപ്പെടാത്തവർ ബട്ടർ കഴിക്കുന്നത് ഏറെ നല്ലതാണ്. കാത്സ്യം ​ധാരാളം അടങ്ങിയ ഒന്നാണ് തെെര്. ചെറിയ മുള്ളോടുകൂടിയ മത്സ്യം, മത്തി, നെയ്മത്തി, നെത്തോലി എന്നിവയിലും കാൽസ്യം സമൃദ്ധമാണ്.അത് കൊണ്ട് തന്നെ ധാരാളം മീനുകൾ കഴിക്കാൻ ശ്രമിക്കുക. കാപ്പിയുടെ ഉപയോ​ഗം  കാത്സ്യത്തിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു. കഫീൻ അടങ്ങിയ കാപ്പിയും ശീതള പാനീയങ്ങളും കഴിവതും ഒഴിവാക്കുക.

മാംഗനീസ് ധാരാളം അടങ്ങിയ ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. 

1. ബദാം പോലുളള നട്സില്‍ ധാരാളം പോഷകങ്ങള്‍ ഉണ്ട്. ഇത് എല്ലിന്‍റെ ആരോഗ്യത്തിന് ഏറെ സഹായിക്കും. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങളും പറയുനിനു. പ്രമേഹം മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം, കൊളസ്ട്രോൾ എന്നിവ വരാതിരിക്കാനും നട്സ് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു. 

2. ധാരാളം വൈറ്റമിനുകളും മിനറലുകളും അടങ്ങിയതാണ് മധുര കിഴങ്ങ്. ഇവ എല്ലിന്‍റെ ആരോഗ്യത്തിന് മാത്രമല്ല പ്രമേഹരോഗികള്‍ക്കും നല്ലതാണ്. 

3. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് ചീര.  ജീവകം എ, ജീവകം സി, ജീവകം കെ, ഇരുമ്പ് എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലുകൾക്ക് ബലം കൂട്ടാൻ ചീര കഴിക്കുന്നത് വളരെയധികം നല്ലതാണ്. ചീരയിൽ അടങ്ങിയിരിക്കുന്ന ആല്‍ഫാ-ലിപോയ്ക് ആസിഡ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും. പോഷകങ്ങള്‍ കൂടിയതോതില്‍ അടങ്ങിയ ചീര ശ്വാസകോശസംബന്ധമായ എല്ലാരോഗങ്ങളും അകറ്റാൻ സഹായിക്കും. ചീരയിൽ അയൺ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളർച്ച കുറയ്ക്കാൻ സഹായിക്കുന്നു. 

4. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് ചുവന്ന അരി. ചുവന്ന അരിയില്‍ വിറ്റാമിന്‍ ബി കോംപ്ലക്‌സ്, വിറ്റാമിൻ ഇ, വിറ്റാമിൻ എ, മഗ്നീഷ്യം,മാംഗനീസ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകള്‍ അടങ്ങിയ ഇവ കഴിക്കുമ്പോൾ അന്നജത്തെ അതിവേഗം വലിച്ചെടുത്ത് കൊഴുപ്പാക്കി മാറ്റുന്നത് നാരുകൾ തടയുന്നു. എല്ലുകളുടെ ബലം കൂട്ടാന്‍ ഇവ നല്ലതാണ്.