അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ടാകാം. ചിലര്‍ ഭക്ഷണത്തിന്‍റെ അളവ് നന്നായി കുറയ്ക്കും.  ഇത്തരത്തില്‍ ഭക്ഷണം കുറയ്ക്കുന്നത് വിശപ്പ് കൂടാന്‍ കാരണമാകും. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. 

അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ട വിഭവങ്ങളാണ് ഫൈബര്‍ അല്ലെങ്കില്‍ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍. നാരുകള്‍ അടങ്ങിയവ കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് കൂടാതിരിക്കുകയും ചെയ്യും. കൂടാതെ കാര്‍ബോഹൈട്രേറ്റിന്‍റെ ഉപയോഗം, പഞ്ചസാരയും എണ്ണയും അടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗവും കുറയ്ക്കുക. 

വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണ 'കോമ്പിനേഷനു'കള്‍ പരിചയപ്പെടാം. 

ഒന്ന്...

മുട്ടയും ചീരയുമാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ പ്രഭാതഭ​ക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ സമ്പുഷ്ടവും കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങളാണ് മുട്ടയും ചീരയും. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയതാണ് മുട്ട. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം, അയേണ്‍ തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ചീര. ഒരു കപ്പ് ചീര അവിച്ചതില്‍ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. അതിനാല്‍ മുട്ട ഓംലെറ്റ് തയ്യാറാക്കുമ്പോള്‍ അതിലേയ്ക്ക് ചീര കൂടി ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

രണ്ട്...

ഇലക്കറികള്‍ നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഒരു ഭക്ഷണമാണ്. വിശപ്പിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും. ഇലക്കറികളില്‍ ഒലീവ് എണ്ണയും കൂടി ചേര്‍ത്ത് സാലഡ് തയ്യാറാക്കി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. 

മൂന്ന്... 

ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഓട്സ്. അതുകൊണ്ടുതന്നെ, ശരീരഭാരം കുറയ്ക്കാനും ദഹനത്തിനും ഇവ നല്ലതാണ്. ദിവസവും രാവിലെ ഓട്സിനൊപ്പം സ്ട്രോബെറിയും ചേര്‍ത്ത് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. 

നാല്...

ആന്‍റിഓക്‌സിടന്‍റുകളാല്‍ സമ്പന്നമാണ് ഗ്രീന്‍ ടീ. അമിതവണ്ണത്തിനെതിരെ പോരാടാൻ ഗ്രീൻ ടീ സഹായിക്കുമെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ഗ്രീന്‍ ടീയോടൊപ്പം നാരങ്ങാനീര് കൂടി ചേര്‍ത്ത് കുടിക്കുന്നതാണ് ശരീരഭാരം കുറയ്ക്കാന്‍ കൂടുതല്‍ സഹായകം. 

അഞ്ച്...

രാവിലെ വെറും വയറ്റിൽ നാരങ്ങാ നീരില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കുന്നതു ഭാരം കുറയ്ക്കാൻ സഹായിക്കും. കൂടാതെ ഇത് ദഹനം മെച്ചപ്പെടുത്താനും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും  കൊഴുപ്പ് നീക്കം ചെയ്യാനും സഹായിക്കും. 

Also Read: വയറു കുറയ്ക്കാന്‍ സഹായിക്കും ഈ പാനീയങ്ങള്‍...