ഭക്ഷണം പാകം ചെയ്ത് തരുന്നത് പ്രിയപ്പെട്ടവരാണെങ്കില്‍ തീര്‍ച്ചയായും അതില്‍ അവരുടെ സ്‌നേഹത്തിന്റെ രുചിയും നമുക്ക് അനുഭവിക്കാനാകും. അതുകൊണ്ടാണല്ലോ, അമ്മയോ അച്ഛനോ മുത്തശ്ശിയോ മുത്തച്ഛനോ ഒക്കെ തയ്യാറാക്കിത്തരുന്ന ഭക്ഷണം എപ്പോഴും നമ്മുടെ പ്രിയപ്പെട്ടതായിത്തീരുന്നത്. 

പലപ്പോഴും പലരും പറഞ്ഞുകേള്‍ക്കാറില്ലേ, മുത്തശ്ശിയുടെ കൈപ്പുണ്യം, മുത്തശ്ശിയുണ്ടാക്കുന്ന പലഹാരങ്ങളുടെ പ്രത്യേക രുചി, മണം എന്നെല്ലാം. അവരുടെ വിയോഗത്തോടെ ആ നല്ല രുചിയനുഭവങ്ങളും നമുക്ക് നഷ്ടമാകും. 

എന്നാല്‍ ചില വിഭവങ്ങളുണ്ട്, ഏറെക്കാലം സൂക്ഷിക്കാവുന്നത്. നമ്മുടെ നാട്ടിലാണെങ്കില്‍ അത്തരത്തില്‍ ഏറെക്കാലം സൂക്ഷിക്കാറ് അച്ചാറുകളും വൈനുമൊക്കെയാണ്. എങ്കിലും പത്ത് വര്‍ഷക്കാലത്തേക്കെല്ലാം പ്രിയപ്പെട്ടവരുടെ കൈ പതിഞ്ഞ വിഭവങ്ങള്‍ നമ്മള്‍ കാത്തുസൂക്ഷിക്കാറുണ്ടോ! അതൊരു വലിയ കാലയളവാണല്ലേ? 

അത്തരമൊരു കഥയാണ് കൊറിയന്‍ ഫുഡ് റൈറ്ററായ എറിക് കിം പങ്കുവയ്ക്കുന്നത്. എറികിന്റെ മുത്തശ്ശി മരിച്ചിട്ട് പത്ത് വര്‍ഷത്തോളമായി. മരിക്കുന്നതിന് മുമ്പ് മുത്തശ്ശി തയ്യാറാക്കി വച്ച 'ഗോച്ചുജാംഗ്' എന്ന വിഭവം ബേസ്‌മെന്റിലെ ഫ്രീസറില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. പ്രത്യേകതരത്തിലുള്ളൊരു 'ചില്ലി പേസ്റ്റ്' ആണ് ഇത്. കൊറിയക്കാരുടെ പരമ്പരാഗത രുചികളില്‍ പെടുന്നത്. 

പ്ലെയിന്‍ റൈസിന്റെ കൂടെയോ റോസ്റ്റഡ് ചിക്കന്റെ കൂടെയോ ഒക്കെ നല്ല കോംബോ ആയി കഴിക്കാവുന്ന കറിയാണ്. മുത്തശ്ശി ഇത് തയ്യാറാക്കി വച്ചിരുന്ന കാര്യം അച്ഛന് അറിവില്ലായിരുന്നുവെന്ന് എറിക് പറയുന്നു. പത്ത് വര്‍ഷം തികയുന്ന ദിവസം അത് പുറത്തേക്കെടുത്ത് തന്റെ ഡാഡിയെ 'സര്‍പ്രൈസ്' ചെയ്യിക്കാനായിരുന്നു അമ്മയുടെ പദ്ധതിയെന്ന് എറിക്. 

 

 

ഏതായാലും ആ ശ്രമം വിജയം കണ്ടു. മുത്തശ്ശിയുടെ സവിശേഷമായ പാചകത്തിന്റെ അനുഭവം ഏവരിലും നിറഞ്ഞുനിന്നുവെന്നും ഡാഡിയുള്‍പ്പെടെ എല്ലാവരും ഡിന്നര്‍ തീരുവോളം മുത്തശ്ശിയെക്കുറിച്ച് മാത്രമാണ് സംസാരിച്ചതെന്നും എറിക് പറയുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് ഇത്തരം അനുഭവങ്ങള്‍. അതിനാല്‍ തന്നെ, നിരവധി പേരാണ് എറിക് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയ്ക്ക് താഴെ പ്രതികരണമറിയിച്ച് എത്തിയിരിക്കുന്നത്. പലരും തങ്ങളുടെ കുടുംബത്തിനുള്ളില്‍ സംഭവിച്ച ഇത്തരത്തിലുള്ള കഥകളും രുചിക്കൂട്ടുകളുടെ വിശേഷങ്ങളും പങ്കുവയ്ക്കുന്നുമുണ്ട്. 

Also Read:- വീട്ടിൽ ബീറ്റ്റൂട്ട് ഉണ്ടാവില്ലേ, കിടിലൻ ഒരു അച്ചാർ ഉണ്ടാക്കിയാലോ....