Asianet News MalayalamAsianet News Malayalam

വീട്ടിൽ ബീറ്റ്റൂട്ട് ഉണ്ടാവില്ലേ, കിടിലൻ ഒരു അച്ചാർ ഉണ്ടാക്കിയാലോ...

ബീറ്റ്റൂട്ട് കൊണ്ട് അച്ചാർ ഉണ്ടാക്കിയിട്ടുണ്ടോ. ബീറ്റ്റൂട്ട് അച്ചാർ ഉണ്ടെങ്കിൽ പിന്നെ വെറെയൊരു കറിയും വേണമെന്നില്ല.  എങ്ങനെയാണ് ബീറ്റ്റൂട്ട് അച്ചാർ ഉണ്ടാക്കുന്നതെന്ന് നോക്കാം....

how to make beetroot pickle
Author
Trivandrum, First Published Sep 14, 2020, 8:22 AM IST

നാട്ടിൽ സുലഭമായി ലഭിക്കുന്ന ഫലപ്രദവും ആരോഗ്യ‌സമ്പുഷ്ടവുമായ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്.  നിത്യവും ആഹാരത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് ഹൃദയത്തിന്റെ ശരിയായ പ്രവർത്തനത്തിന് ഏറെ സഹായകമാണ്. രോഗപ്രതിരോധ ശേഷിക്ക് അത്യന്താപേക്ഷിതമായ ഒന്നാണ് ആന്റിഓക്സിഡന്റുകൾ.

കളറുള്ള പഴങ്ങളിലും പച്ചക്കറികളിലും ആന്റിഓക്സിഡന്റുകൾ കൂടുതലായി കാണപ്പെടാറുണ്ട്. ചുവന്ന നിറത്തിലുള്ള ബീറ്റ്റൂട്ടിൽ 'ബീറ്റാ സിയാനിൻ' അടങ്ങിയിരിക്കുന്നു. ഇതാകട്ടെ, വളരെ നല്ല ആന്റിഓക്സിഡന്റാണ്. ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കുറയ്ക്കാൻ ഇതേറെ സഹായകവുമാണ്. ബീറ്റ്റൂട്ട് കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ലെന്ന് മനസിലായില്ലേ.

ബീറ്റ്റൂട്ട് കൊണ്ട് ധാരാളം വിഭവങ്ങൾ നമ്മൾ എല്ലാവരും ഉണ്ടാക്കാറുണ്ട്. ബീറ്റ്റൂട്ട് കൊണ്ട് അച്ചാർ ഉണ്ടാക്കിയിട്ടുണ്ടോ. ബീറ്റ്റൂട്ട് അച്ചാർ ഉണ്ടെങ്കിൽ പിന്നെ വെറെയൊരു കറിയും വേണമെന്നില്ല. ജോലിക്ക് പോകുന്നവർക്കും സ്കൂളിൽ പോകുന്ന കുട്ടികൾക്കും ഓക്കേ കൊണ്ട് പോയി കഴിക്കാൻ പറ്റിയ നല്ല ഒരു വിഭവമാണ് ബീറ്റ്റൂട്ട് അച്ചാർ. ഇനി എങ്ങനെയാണ് ബീറ്റ്റൂട്ട് അച്ചാർ ഉണ്ടാക്കുന്നതെന്ന് നോക്കാം....

 വേണ്ട ചേരുവകൾ..

ബീറ്റ്റൂട്ട്                                2 എണ്ണം
പുളി                                  ഒരു ചെറിയ ഉരുള (വെള്ളത്തിൽ ഇട്ടത്)
 പച്ചമുളക്                             3 എണ്ണം
 കറിവേപ്പില                      ആവശ്യത്തിന്
ഇഞ്ചി                             ഒരു ചെറിയ കഷ്ണം അരിഞ്ഞത്
വെളുത്തുള്ളി                   5 അല്ലി (ചെറുതായി അരിഞ്ഞത്)
 മുളകുപൊടി                    1 ടേബിൾസ്പൂൺ
 മഞ്ഞൾപ്പൊടി                1/2 ടീസ്പൂൺ
 കടുക്                            1 ടീസ്പൂൺ
 കായപ്പൊടി                   1/2 ടീസ്പൂൺ
ഉലുവപ്പൊടി                  1/2 ടീസ്പൂൺ
 വിനാഗിരി                     1 ടേബിൾസ്പൂൺ
 എണ്ണ                            3 ടേബിൾസ്പൂൺ
 ഉപ്പ്                               ആവശ്യത്തിന്

 തയ്യാറാക്കുന്ന വിധം....

ആദ്യം ബീറ്റ്റൂട്ട് കഴുകി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. ഇത് ആവിയിൽ പകുതി വേവിച്ചെടുക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ടു പൊട്ടുമ്പോൾ ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റി എടുക്കണം. ഇത് ഒരു ബ്രൗൺ കളർ ആകുമ്പോൾ ഇതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും കായപ്പൊടിയും ഉലുവാപ്പൊടിയും ഇട്ട് പച്ചമണം മാറുന്നത് വരെ ഇളക്കി കൊടുക്കണം. ഇനി ഇതിലേക്ക് പുളി വെള്ളം ഒഴിച്ച് കൊടുക്കാം. ഇതിൽ ഉപ്പ് ഇട്ട് ഒന്ന് തിളപ്പിക്കാം. ഇത് തിളച്ച ശേഷം വേവിച്ച ബീറ്റ്റൂട്ട് ഇട്ട് ഒന്ന് ഇളക്കി വിനാഗിരി ഒഴിച്ചു ഒന്ന്‌ ചൂടാക്കി വാങ്ങാം. ബീറ്റ്റൂട്ട് അച്ചാർ തയ്യാറായി...

ഗുലാബ് ജാമുന്‍ വീട്ടിൽ തന്നെ ഈസിയായി തയ്യാറാക്കാം

Follow Us:
Download App:
  • android
  • ios