ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിന്‍റെ സന്തതസഹചാരിയാണ് 'സ്‌ട്രെസ്' അഥവാ മാനസിക പിരിമുറുക്കം. ഇവ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിവുണ്ടെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇത്തരം സമ്മര്‍ദ്ദത്തെ നേരിടാന്‍ വേണ്ടുന്ന ഊര്‍ജം നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് ലഭിക്കുന്നത്. മാനസികാരോഗ്യത്തിന് കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഒന്ന്...

പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കിവി, സ്‌ട്രോബെറി തുടങ്ങിയവ  'സ്‌ട്രെസ്' കുറയ്ക്കാന്‍ സഹായിക്കും. 

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും പഴങ്ങളും പച്ചക്കറികളും ഗുണകരമാണ്. 

രണ്ട്... 

പ്രോട്ടീൻ സമ്പുഷ്മായ ഭക്ഷണങ്ങൾ കഴിക്കുന്നതും ഇത്തരം മാനസിക പിരിമുറുക്കങ്ങള്‍ കുറയ്ക്കാന്‍ സഹായിച്ചേക്കാം. മുട്ട, ഉരുളക്കിഴങ്ങ്, മഷ്റൂം, ചീസ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. 

മൂന്ന്... 

പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയതാണ് 'നട്സ്'. ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയ ഇവ 'സ്‌ട്രെസ്' കുറയ്ക്കാന്‍ മികച്ചതാണ്. നട്സ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. 

നാല്... 

സാധാരണക്കാര്‍ അധികം കഴിക്കാത്തതാണ് ഡാര്‍ക് ചോക്ലേറ്റ്. എന്നാല്‍ ഡാര്‍ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം 'സ്‌ട്രെസ്' കുറയ്ക്കാന്‍ സഹായിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നതാണ് ഡാര്‍ക് ചോക്ലേറ്റ്. 

അഞ്ച്...

ഫാറ്റി ഫിഷ്  ഗണത്തില്‍പ്പെടുന്ന മീനുകളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മാനസികാരോഗ്യത്തിന് ഏറേ നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റ്സും ഒമേഗ-3യുമാണ് ഇതിന് സഹായിക്കുന്നത്. 

Also Read: മനസ് അസ്വസ്ഥമാകുമ്പോള്‍ വീട്ടിലിരുന്ന് ചെയ്യാന്‍ ചില കാര്യങ്ങള്‍...