നമ്മുടെ ആരോഗ്യവും വ്യക്തി ശുചിത്വവും എത്രത്തോളം പ്രധാനമാണ് എന്ന കാര്യം ഈ കൊറോണ കാലം നമ്മെ പഠിപ്പിച്ചു. കൊറോണ കാലത്ത് മാസ്ക് ധരിക്കുന്നതിന്‍റെയും വ്യക്തി ശുചിത്വത്തിന്‍റെയും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന്‍റെയും പ്രാധാന്യത്തെ കുറിച്ചും നാം ചര്‍ച്ച ചെയ്തുവരുന്നു. ശക്തമായ രോഗപ്രതിരോധ സംവിധാനമാണ് വൈറസിനെതിരായ പ്രതിരോധത്തിന്റെ പ്രധാന ഘടകം. ആരോഗ്യത്തോടെ ഇരിക്കാനും രോഗങ്ങളിൽ നിന്ന് മുക്തമായിരിക്കാനും ശക്തമായ രോഗപ്രതിരോധശേഷി നമ്മളെ സഹായിക്കും. 

പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണപദാർഥങ്ങൾ കൂടുതൽ ഉൾക്കൊള്ളിക്കുന്നതിലൂടെ വൈറസ് ഉൾപ്പെടെയുള്ളവയെ ഒരുപരിധിവരെ തടഞ്ഞുനിർത്താം. പോഷകങ്ങള്‍ ലഭിക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും കൗമാരപ്രായക്കാര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം. 

ഒന്ന്...

പഴങ്ങളും പച്ചക്കറികളുമാണ് ഈ പട്ടികയിലെ ഒന്നാമന്‍. പോഷകങ്ങളും വിറ്റാമിനുകളും ഫൈബറും ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറേ നല്ലതാണ്. 

രണ്ട്...

ശരീരത്തിന്‍റെ ആരോഗ്യത്തിന് കാത്സ്യം പ്രധാനമാണ്. നമ്മുടെ ശരീരത്തിൽ മിക്കവാറും എല്ലാ കോശങ്ങളും കാത്സ്യത്തെ വിവിധ രീതിയിൽ ഉപയോഗിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാത്സ്യം ആവശ്യമാണ്. ഒപ്പം ഹൃദയത്തിന്‍റെ താളം നിലനിര്‍ത്താനും പേശികളുടെ വളര്‍ച്ചയ്ക്കും ഇവ സഹായിക്കും. പാൽ, മുട്ട, തൈര്, പനീര്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. 

Also Read:  പാലില്‍ മാത്രമല്ല, കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ വേറെയുമുണ്ട് !

മൂന്ന്...

കൗമാരപ്രായക്കാര്‍  പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. മത്സ്യം, മുട്ട, ബീന്‍സ് എന്നിവ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. 

നാല്...

ഇരുമ്പ് ഒരു പ്രധാന സൂക്ഷ്മ പോഷകമാണ്. കോശങ്ങളുടെ ശരിയായ പ്രവർത്തനത്തിനും ആരോഗ്യകരമായ രോഗപ്രതിരോധശേഷി, തലച്ചോറിന്റെ പ്രവർത്തനം, പേശികളുടെ ശക്തി എന്നിവയ്ക്കും ഇരുമ്പ് ആവശ്യമാണ്. വിളര്‍ച്ച ഒഴിവാക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും ഇരുമ്പ് ധാരാളം അടങ്ങിയ ഇലക്കറികള്‍ കഴിക്കാം. 

അഞ്ച്...

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. നെല്ലിക്ക, ഓറഞ്ച്, പപ്പായ, കാപ്സിക്കം, പേരയ്ക്ക, നാരങ്ങ തുടങ്ങിയവയാണ് അവയിൽ ചിലത്. വിറ്റാമിന്‍ ഡി അടങ്ങിയ പാലും മറ്റും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

Also Read: ഇരുമ്പിന്റെ കുറവ് നിസാരമായി കാണേണ്ട; ഈ ഭക്ഷണങ്ങൾ ശീലമാക്കൂ...