ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് ജീവിതശൈലി മെച്ചപ്പെടുത്തുക തന്നെയാണ്. ഇതില്‍ പ്രധാനമാണ് ഭക്ഷണരീതി. പലപ്പോഴും ശരീരത്തിന് വേണ്ടതും വേണ്ടാത്തതുമെല്ലാം ഒന്നിച്ച് കുത്തിത്തിരുകി കഴിക്കുന്നതാണ് മിക്കവരുടെയും ശീലം. കൃത്യമായ ഡയറ്റ് പാലിക്കാനുള്ള മടി തന്നെയാണ് ഇതില്‍ പ്രധാന പ്രശ്‌നം. 

വളരെ ചിട്ടയോടുകൂടിയ ഡയറ്റൊന്നുമില്ലെങ്കിലും ചില കാര്യങ്ങള്‍ ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ തന്നെ ഹൃദയത്തെ സുരക്ഷിതമാക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരത്തിലൊരു പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം 'ഇന്റേണല്‍ മെഡിസിന്‍' എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തില്‍ വന്നിരുന്നു. 

ധാരാളം പച്ചക്കറികളും പഴങ്ങളും പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം പിടിച്ചുനിര്‍ത്തുമെന്നാണ് ഈ പഠനം അവകാശപ്പെടുന്നത്. ഇന്ന്, അധികം പേരും കഴിക്കാനിഷ്ടപ്പെടുന്ന വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍, ജങ്ക് ഫുഡ്, ശീതളപാനീയങ്ങള്‍ എന്നിവയെല്ലാം ഹൃദയത്തിന് ദോഷം ചെയ്യുമെന്നും അവയെ ഡയറ്റില്‍ നിന്നൊഴിവാക്കി പകരം പച്ചക്കറിയും പഴങ്ങളും ശീലിക്കണമെന്നുമാണ് പഠനം പറയുന്നത്. 

ഏത് തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണെങ്കിലും മരുന്നും ചികിത്സയും ആവശ്യമാണ്. എന്നാല്‍ ഭക്ഷണം തന്നെയാണ് നമ്മുടെ പ്രധാന ആയുധമെന്നാണ് പഠനം ഓര്‍മ്മിപ്പിക്കുന്നത്. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു. 

കാരണം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം എന്നിങ്ങനെ ഭക്ഷണത്തിന്റെ പങ്കുകൂടി ഉള്‍പ്പെട്ട്, നമ്മളില്‍ എത്തിച്ചേരുന്ന 'ലൈഫ്‌സ്റ്റൈല്‍' രോഗങ്ങളും ക്രമേണ ഹൃദ്രോഗങ്ങളിലേക്ക് വഴിവയ്ക്കുന്നുണ്ട്. ഇവയെല്ലാം പരിഹരിക്കാന്‍ വലിയ പരിധി വരെ ഡയറ്റ് പരിഷ്‌കരിക്കുന്നത് സഹായിക്കും. 

Also Read:- ആപ്പിൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ...?

കടും നിറങ്ങളിലുള്ള പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന 'ആന്തോസയനിന്‍' എന്ന ആന്റിഓക്‌സിഡന്റ് ഹൃദയത്തെ തകരാറിലാക്കുന്ന പ്രശ്‌നങ്ങളെ അകറ്റിനിര്‍ത്തുമത്രേ. അതിനാല്‍ത്തന്നെ കടും നിറങ്ങളിലുള്ള പഴങ്ങള്‍ കൂടുതലായി ഡയറ്റിലുള്‍പ്പെടുത്താമെന്നും പഠനം പറയുന്നു.