കൊറോണ വൈറസ് ബാധയ്‌ക്കെതിരെയുള്ള ജാഗ്രത പുലര്‍ത്തിയാണ് ഇപ്പോള്‍ ജനജീവിതം. പ്രതിരോധ വാക്‌സിന്‍ ഇതുവരെ ലഭ്യമല്ലാത്തതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടത് ആവശ്യവുമാണ്. വൃത്തിയായി ശരീരം സൂക്ഷിക്കുക, തിരക്കും ആള്‍ക്കൂട്ടവും ആഘോഷങ്ങളും ഒഴിവാക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ പല മാര്‍ഗനിര്‍ദേശങ്ങളും നാം പാലിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഭക്ഷണം.

രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് രോഗങ്ങള്‍ വരുന്നത്. പ്രധാനമായും ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവുക. ഇതിന് വേണ്ടി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 

ഒന്ന്... 

പേരയ്ക്കയാണ് ഈ പട്ടികയിലെ ഒന്നാമന്‍. ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേരയ്ക്ക. വിറ്റാമിൻ എ, സി, ബി, കെ, ഫൈബർ, പൊട്ടാസ്യം, കാത്സ്യം, അയൺ, ഫോസ്ഫറസ് എന്നിവ പേരയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പഴമാണിത്. പേരയ്ക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇതാണ് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നത്. ഇവ അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ സ്വാഭാവിക സംരക്ഷണം നൽകുന്നു. ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും പേരയ്ക്ക സഹായിക്കും. 

രണ്ട്... 

സിട്രസ് ഫ്രൂട്ട്‌സ് ധാരാളമായി കഴിക്കുന്നതിലൂടെ നമുക്ക് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിയും. അതില്‍ ഏറ്റവും പ്രധാനമാണ് ഓറഞ്ച്. വിറ്റാമിന്‍ സി, കാത്സ്യം എന്നിവയാല്‍ സമ്പുഷ്ടമായ ഓറഞ്ച് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

മൂന്ന്... 

ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റാം എന്ന് പറയുന്നതു വെറുതേയല്ല. വിറ്റാമിന്‍ സി, ഇ, തുടങ്ങി നിരവധി ആന്‍റിഓക്സിഡന്‍റുകള്‍  അടങ്ങിയിട്ടുളളതാണ് ആപ്പിള്‍. ഇവ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ, കലോറി കുറഞ്ഞ ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിൻ ബി , പൊട്ടാസ്യം, കാത്സ്യം എന്നിവ അടങ്ങിയിട്ടുള്ള ആപ്പിള്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

നാല്... 

കാഴ്ചയിൽ കൊതിപ്പിക്കുന്ന മാതളനാരങ്ങയുടെ ഗുണം നമ്മളിൽ പലർക്കും അറിയില്ല. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്ന ഫലമാണ് മാതളം. വിറ്റാമിൻ സി, കെ, ബി, ഇ തുടങ്ങി നിരവധി പോഷകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ രോഗപ്രതിരോധശേഷി വര്‍ധിക്കും.

അഞ്ച്... 

ഞാവല്‍പ്പഴമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മികച്ച പഴമാണിത്. 

Also Read: ഉറങ്ങുന്നതിന് മുമ്പ് മഞ്ഞൾ പാൽ കുടിക്കാം; ഗുണങ്ങളിതാണ്...