കൊറോണക്കാലത്താണ് പലരും പ്രതിരോധശേഷി വീണ്ടെടുക്കലിന്റെ പ്രാധാന്യത്തെക്കുറിച്ചു തിരിച്ചറിഞ്ഞത്. ശുചിത്വത്തിനൊപ്പം പ്രധാനമാണ് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷണശീലവും എന്നത് വീണ്ടും പറയുകയാണ്. വിറ്റാമിൻ എ, ഡി, സി, ഇ, ബി 6, സെലീനിയം അടങ്ങിയ ഭക്ഷണങ്ങളാണ് രോഗപ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ടത്. ഈ സമയത്ത് പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്താം. 

ഇവിടെയിതാ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ആറ് ഭക്ഷണങ്ങള്‍ പങ്കുവയ്ക്കുകയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) . അവ ഏതൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ പ്രതിരോധശേഷി നിലനിര്‍ത്താന്‍ ഇപ്പോള്‍ അനിവാര്യമാണ്. വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് നെല്ലിക്ക. അതിനാല്‍ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശിക്കുന്നു. വിറ്റാമിന്‍ ബി 5, ബി 6, ഇ, കാത്സ്യം, അന്നജം, മഗ്‌നീഷ്യം, സിങ്ക് എന്നിവയും നെല്ലിക്കയിലെ പ്രധാന ഘടകങ്ങളാണ്. 

രണ്ട് നെല്ലിക്ക ചതച്ചുപിഴിഞ്ഞ നീര് തേനോ പഞ്ചസാരയോ ചേര്‍ത്ത് കുട്ടികള്‍ക്ക് നല്‍കാം. മുതിര്‍ന്നവര്‍ മധുരം ചേര്‍ക്കാതെ കഴിക്കുകയാണ് വേണ്ടത്. 

രണ്ട്...

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ഓറഞ്ച് ജ്യൂസായി കുടിക്കുന്നത് ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യും. സിട്രസ് വിഭാഗത്തിലുള്ള ഫലമാണ് ഓറഞ്ച്. ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയാനും ഓറഞ്ച് ജ്യൂസ് സഹായിക്കും. ഫൈബര്‍, പൊട്ടാസ്യം എന്നിവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. 

മൂന്ന്...

പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നതാണ് പപ്പായ. വിറ്റാമിനുകൾ, നാരുകൾ, മറ്റ് ധാതുക്കൾ തുടങ്ങിയവയാൽ സമ്പുഷ്ടമാണ് ഇവ. കലോറി വളരെ കുറഞ്ഞ പപ്പായ ദഹനത്തിനും സഹായിക്കും. 

നാല്... 

ഗ്രീന്‍ പെപ്പര്‍,സ്വീറ്റ് പെപ്പര്‍, ബെല്‍ പെപ്പര്‍ എന്നീ പേരിലെല്ലാം അറിയപ്പെടുന്ന കാപ്സിക്കം ആണ് അടുത്തത്. വിറ്റാമിന്‍ സി,  ആന്റി ഓക്സിഡന്‍റ് എന്നിവയാല്‍ സമ്പുഷ്ടമാണ് കാപ്സിക്കം. ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച് എന്നീ നിറങ്ങളില്‍ ലഭ്യമായ കാപ്സിക്കം പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.  വിറ്റാമിന്‍ ഇ, എ, ഫൈബര്‍, പൊട്ടാസ്യം എന്നിവയും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിളര്‍ച്ചയ്ക്കും ശരീരഭാരം നിയന്ത്രിക്കാനും ഇവ നല്ലതാണ്. 

അഞ്ച്... 

ഔഷധങ്ങളുടെ കലവറയാണ് പേരയ്ക്ക. ഉയര്‍ന്നതോതില്‍ വിറ്റാമിന്‍ സി, കാത്സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ് , ഫൈബര്‍, ആന്‍റി ഓക്സിഡന്‍സ് തുടങ്ങിയവ പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്നു. ഇവ പ്രതിരോധശേഷിക്കും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ഇവ അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ സ്വാഭാവിക സംരക്ഷണം നൽകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പേരയ്ക്ക സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. 

ആറ്...

വിറ്റാമിൻ സി ധാരാളം അടങ്ങിയ നാരങ്ങ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഒപ്പം ഇവ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. കാത്സ്യം , ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, എന്നിവ അടങ്ങിയ നാരങ്ങ ദഹനത്തനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

 

Also Read: കൊറോണക്കാലത്ത് രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന അഞ്ച് തരം ജ്യൂസുകള്‍...