പേരയില ചേർത്ത് തയ്യാറാക്കുന്ന ചായ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് പേരയ്ക്ക. വിറ്റാമിന്‍ എ, ബി, സി, ഇ, കെ, ഫൈബർ, പൊട്ടാസ്യം, അയേൺ, ഫോളേറ്റ്, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. പേരയ്ക്ക മാത്രമല്ല, പേര മരത്തിന്‍റെ ഇലകളും ഔഷധ ഗുണങ്ങള്‍ അടങ്ങിയതാണ്.

പേരയില ചേർത്ത് തയ്യാറാക്കുന്ന ചായ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പേരയില ചായ കുടിക്കുന്നത് നല്ലതാണ്.

നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ഇവ ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും മലബന്ധത്തെ തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പേരയില ചായ കുടിക്കാവുന്നതാണ്. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ഇവ ഗുണം ചെയ്യും. ആന്റി- ഏജിംഗ് ഗുണങ്ങള്‍ ഉള്ളതിനാല്‍ പേരയില ചായ കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.