ഒരു കപ്പ് (89 ഗ്രാം) പർപ്പിൾ കാബേജിൽ 28 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. 7 ഗ്രാം കാർബോഹൈഡ്രേറ്റ്, 2 ഗ്രാം ഭക്ഷ്യ നാരുകൾ, 1 ഗ്രാം പ്രോട്ടീൻ, വിറ്റാമിന്‍ സി, കെ, എ, മാംഗനീസ്, ഫോളേറ്റ്, പൊട്ടാസ്യം, കാത്സ്യം, അയേൺ, മഗ്നീഷ്യം എന്നിവയും പര്‍പ്പിള്‍ കാബേജില്‍ അടങ്ങിയിട്ടുണ്ട്. 

കാണാന്‍ ഏറെ ഭംഗിയുള്ള ഒരു പച്ചക്കറിയാണ് പർപ്പിൾ കാബേജ്. പച്ച കാബേജിനെക്കാൾ ആരോഗ്യ ഗുണങ്ങളിൽ കേമനാണ് പർപ്പിൾ കാബേജ്. എന്നാല്‍ ഇക്കാര്യം പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. പർപ്പിൾ കാബേജ് അഥവാ റെഡ് കാബേജ് 'Brassicaceae' കുടുംബത്തിൽപ്പെട്ടതാണ്. പച്ച കാബേജിന്‍റെ രുചി പോലെ അല്ല ഇവയുടെ രുചി. 

ഒരു കപ്പ് അതായത് 89 ഗ്രാം പർപ്പിൾ കാബേജിൽ 28 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. അതിനാല്‍ ശരീര ഭാരം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന പച്ചക്കറിയാണിത്. കൂടാതെ 7 ഗ്രാം കാർബോഹൈഡ്രേറ്റ്, 2 ഗ്രാം ഭക്ഷ്യ നാരുകൾ, 1 ഗ്രാം പ്രോട്ടീൻ, വിറ്റാമിന്‍ സി, കെ, എ, മാംഗനീസ്, ഫോളേറ്റ്, പൊട്ടാസ്യം, കാത്സ്യം, അയേൺ, മഗ്നീഷ്യം എന്നിവയും 89 ഗ്രാം പര്‍പ്പിള്‍ കാബേജില്‍ അടങ്ങിയിട്ടുണ്ട്. 

പർപ്പിൾ കാബേജിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

വിറ്റാമിന്‍ എ ധാരാളം അടങ്ങിയ പർപ്പിൾ കാബേജ് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനൊപ്പം തിമിരത്തിനുള്ള സാധ്യത കുറയ്ക്കുന്നു. പ്രായമായാലും കണ്ണുകളെ ആരോഗ്യമുള്ളതാക്കി നിലനിർത്താൻ പർപ്പിൾ കാബേജിലെ പോഷകങ്ങൾ സഹായിക്കും. അതിനാല്‍ ഇവ സാലഡുകള്‍ക്കൊപ്പം പച്ചയ്ക്കും കഴിക്കാം. 

രണ്ട്...

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പച്ചക്കറിയാണ് പർപ്പിൾ കാബേജ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

മൂന്ന്... 

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പർപ്പിൾ കാബേജ് ദഹനത്തിനും മികച്ചതാണ്. 

നാല്...

വിറ്റാമിനുകളുടെ കലവറയായ പർപ്പിൾ കാബേജ് പതിവായി കഴിക്കുന്നത് എല്ലുകൾക്ക് ആരോഗ്യത്തിന് നല്ലതാണ്. മഗ്നീഷ്യം, കാത്സ്യം, മാംഗനീസ്, മറ്റു ധാതുക്കൾ തുടങ്ങിയവ പർപ്പിൾ കാബേജില്‍ അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. 

അഞ്ച്...

അള്‍സര്‍ തടയാനും പർപ്പിൾ കാബേജ് സഹായിക്കും. പർപ്പിൾ കാബേജിൽ ഗ്ലൂട്ടാമിൻ എന്ന അമിനോ ആസിഡ് ഉണ്ട്. ഉദരത്തിലെ അൾസർ മൂലമുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കാൻ ഇത് ഉത്തമമാണ്. പർപ്പിൾ കാബേജ് ജ്യൂസായി കുടിക്കുന്നത് അൾസർ തടയാൻ നല്ലതാണ്.

ആറ്... 

പൊട്ടാസ്യം ധാരാളം അടങ്ങിയ പർപ്പിൾ കാബേജ് കഴിക്കുന്നത് നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യാം. 

ഏഴ്...

പർപ്പിൾ കാബേജിൽ വിറ്റാമിന്‍ ബി കോംപ്ലക്സ് അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളിലെ മെറ്റബോളിസത്തിന് സഹായിക്കും. പർപ്പിൾ കാബേജ് പതിവായി കഴിക്കുന്നത് ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും. 

എട്ട്...

പർപ്പിൾ കാബേജില്‍ കലോറി വളരെ കുറവാണ്. നാരുക‌ളും വിറ്റാമിനുകളും ധാതുക്കളും ധാരാളമുണ്ട്. അതിനാല്‍ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് പർപ്പിൾ കാബേജ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ഒമ്പത്...

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും പർപ്പിൾ കാബേജ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ഫ്രീറാഡിക്കലുകളുടെ നാശം തടയുന്നു. ചർമ്മത്തെ ഫ്രഷ് ആയി നിലനിർത്താനും ഇത് സഹായിക്കും. 

Also Read: ശരീരത്തിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ അടങ്ങിയ പത്ത് ഭക്ഷണങ്ങള്‍...