നമ്മളിൽ പലർക്കും ഏറെ ഇഷ്ടമുള്ള ഒന്നാണ് തൈര്. ദിവസവും അൽപം തെെര് കഴിക്കുന്നതിന്റെ ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ട്രീപ്റ്റോപൻ എന്ന അമിനോ ആസിഡ് തെെരിൽ ധാരാളം അടങ്ങിയിരിക്കുന്നു. തൈര് ഒരു പ്രോബയോട്ടിക് ഭക്ഷണമാണ്. 

ഉദരത്തിലെ ബാക്ടീരിയകളെ ഇത് നിയന്ത്രിക്കും. ദശലക്ഷക്കണക്കിനു വരുന്ന ഈ അതിസൂക്ഷ്മ ജീവികളാണ് ഉപാപചയ പ്രവർത്തനങ്ങളുടെയും രോഗപ്രതിരോധ സംവിധാനത്തിന്റെയും പ്രവർത്തനങ്ങൾ നടത്തുന്നത്. 
എന്നാൽ ഇതു മാത്രമല്ല, തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി ഉത്കണ്ഠ അകറ്റാനും പ്രോബയോട്ടിക്കുകൾ സഹായിക്കുമെന്നാണ് ‌ഷാങ്ഘായ് ജിയാവോ ടോങ്ങ് സർവകലാശാല സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്.

 ഉദരത്തിലെ സൂക്ഷ്മജീവികൾക്ക് തലച്ചോറിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനാവുമെന്നും gut-brain-axis ലൂടെയാണ് ഇത് സാധ്യമാകുന്നതെന്നും പഠനത്തിൽ പറയുന്നു. തെെരിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ എല്ലിനും പല്ലിനും വളരെ നല്ലതാണ്. തെെര് ഏത് കഠിന ആഹാരത്തെയും ദഹിപ്പിക്കുകയും ചെയ്യുന്നു.തെെര് പതിവായി കഴിക്കുന്നത് അൾസർ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. 

പ്രതിരോധശേഷി വർധിപ്പിക്കാനും ഹൃദ്രോ​ഗങ്ങൾ അകറ്റാനും തെെര് കഴിക്കുന്നത് ​ഗുണം ചെയ്യും.ശരീരത്തിൽ ജലാംശത്തിന്റെ അളവ് കൂട്ടാൻ ദിവസവും ഒരു ബൗൾ തെെര് കഴിക്കാം. തെെരിൽ വിറ്റാമിൻ ബി, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധം അകറ്റാനും മെറ്റബോളിസം കൂട്ടാനും സഹായിക്കുന്നു. 

സ്ത്രീകൾ പതിവായി തെെര് കഴിക്കുന്നത് ആർത്തവ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. ‌‌പതിവായി തൈര് കഴിക്കുന്ന സ്ത്രീകൾക്ക് ഉയർന്ന രക്തസമ്മർദ്ദം വരാനുള്ള സാധ്യത കുറയുമെന്നും അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. പാലും പാൽക്കട്ടിയും ദിവസവും ഉപയോഗിക്കുന്നത് രക്തസമ്മർദ്ദത്തിന് ഗുണകരമാണെന്നും പഠനങ്ങൾ പറയുന്നു.