ദിവസവും ഉച്ചഭക്ഷണത്തിനൊപ്പമോ അല്ലാതെയോ അൽപം തെെര് കഴിക്കണമെന്ന് ഡോക്ടർമാർ പറയാറുണ്ട്. കാത്സ്യം, വിറ്റാമിൻ ബി -2, വിറ്റാമിൻ ബി -12, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി നിരവധി അവശ്യ പോഷകങ്ങൾ തെെരിൽ അടങ്ങിയിട്ടുണ്ട്. നിരവധി അസുഖങ്ങളെ തടയാനുള്ള കഴിവ് തെെരിനുണ്ട്. തൈര് പതിവായി കഴിക്കുന്നവര്‍ക്ക് ശ്വാസകോശാര്‍ബുദം വരാനുള്ള സാധ്യത കുറവാണെന്ന് ' സിയോൾ നാഷണൽ യൂണിവേഴ്സിറ്റിലെ'  ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. തൈര് ചെറുകുടലിനെ ബാധിക്കുന്ന അര്‍ബുദവും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമൊക്കെ നിയന്ത്രിക്കുമെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്. തെെര് കഴിച്ചാലുള്ള മറ്റ് ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റുന്നതിന് ദിവസവും അൽപം തെെര് കഴിക്കുന്നത് ശീലമാക്കാം. ഹൃദയത്തിന് മാത്രമല്ല പല്ലിന്റെയും മോണയുടെ ആരോഗ്യത്തിനും സഹായകമാണ്. ' പ്രോബയോട്ടിക്കുകള്‍' (probiotics) അടങ്ങിയതാണ് തെെര്. ഇത് ദഹനത്തിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

രണ്ട്...

തൈരിലെ ബാക്ടീരിയ രോഗാണുക്കളോട് പോരാടുകയും കുടലിനെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു. ഓസ്ട്രിയയിലെ വിയന്ന സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ ഒരു ബൗൾ തൈര് കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഫലപ്രദമാണെന്ന് കണ്ടെത്തി.

മൂന്ന്...

തൈര് വരണ്ട ചർമ്മത്തെ അകറ്റാൻ സഹായിക്കുന്നു. ഉയര്‍ന്ന അളവില്‍ ' ലാക്ടിക് ആസിഡ്' അടങ്ങിയ തൈര് ചര്‍മ്മത്തിന് ഏറെ അനുയോജ്യമാണ്. ധാരാളം വിറ്റാമിനുകളും, മിനറലുകളും, അടങ്ങിയ തൈര് ചര്‍മ്മത്തിന് കരുത്തും നനവും നൽകുന്നു.

നാല്...

രക്തസമ്മർദ്ദം നിലനിർത്താൻ തൈര് സഹായിക്കുമെന്ന് ' അമേരിക്കൻ ഹാർട്ട് അസോസിയേഷൻ'  വ്യക്തമാക്കുന്നു.കൊഴുപ്പില്ലാത്ത തൈര് കഴിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത 31 ശതമാനം കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളോടൊപ്പം തൈരിലെ പ്രത്യേക പ്രോട്ടീനുകളും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ആരോഗ്യകരമായ ഹൃദയത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.

വീട്ടിൽ തെെരുണ്ടോ; മുഖത്തെ കരുവാളിപ്പ് എളുപ്പം അകറ്റാം...