വ്യായാമം ചെയ്യുന്നവരാണെങ്കില്‍ ഈന്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. കാരണം ഇത് കാര്‍ബോഹൈഡ്രേറ്റിന്റെ നല്ലൊരു ഉറവിടമാണ്. അതിനാല്‍ തന്നെ വര്‍ക്കൗട്ട് സമയത്ത് ഊര്‍ജ്ജം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. അതേസമയം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതാണെന്നോര്‍ത്ത് ഇത് ശരീരവണ്ണം കൂട്ടുകയുമില്ല

ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒരു ഫ്രൂട്ട് ആണ് ഈന്തപ്പഴം. 'ഫ്രഷ്' ആയി കഴിക്കുന്നതിന് പകരം പ്രോസസ് ചെയ്‌തെടുത്ത് വിപണിയിലെത്തുന്ന 'ഡേറ്റ്‌സ്' ആണ് മിക്കവരും ഇന്ന് കഴിക്കാറുള്ളത്. നല്ലയിനം ഈന്തപ്പഴമാണെങ്കില്‍ അവ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ പറഞ്ഞുതീര്‍ക്കാവുന്നതല്ല. 

അത്തരത്തില്‍ ഈന്തപ്പഴം കൊണ്ടുള്ള പ്രധാനപ്പെട്ട ചില ആരോഗ്യഗുണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

1. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഈന്തപ്പഴം സഹായകമാണ്. അതിനാല്‍ എച്ച് ബി (ഹീമോഗ്ലോബിന്‍ അളവ്) കുറവായിരിക്കുന്നവര്‍ക്ക് പതിവായി ഈന്തപ്പഴം കഴിക്കാവുന്നതാണ്. ഇത് ഊര്‍ജ്ജസ്വലത വര്‍ധിപ്പിക്കാനും സഹായിക്കുന്നു. 

2. ഈന്തപ്പഴം കഴിക്കുന്നത് ഒരു നല്ല ഉറക്കം ലഭിക്കാനും കാരണമാകും. ഉറക്കമില്ലായ്മ പല കാരണങ്ങള്‍ മൂലവും സംഭവിക്കാം. ജീവിതരീതികളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഉറക്കപ്രശ്‌നങ്ങള്‍ക്ക് മാത്രമേ ഡയറ്റിലൂടെ ഒരു പരിധി വരെയെങ്കിലും പരിഹാരം കാണാനാകൂ. ഈന്തപ്പഴം കഴിക്കുമ്പോള്‍ 'മെലട്ടോണിന്‍' എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് ഉറക്കത്തെ സുഗമമാക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. 

3. വിവിധ തരം അണുബാധകളെയും അലര്‍ജികളെയും കൈകാര്യം ചെയ്യാന്‍ ഈന്തപ്പഴത്തിന് കഴിവുണ്ട്. 

4. വ്യായാമം ചെയ്യുന്നവരാണെങ്കില്‍ ഈന്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. കാരണം ഇത് കാര്‍ബോഹൈഡ്രേറ്റിന്റെ നല്ലൊരു ഉറവിടമാണ്. അതിനാല്‍ തന്നെ വര്‍ക്കൗട്ട് സമയത്ത് ഊര്‍ജ്ജം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. അതേസമയം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതാണെന്നോര്‍ത്ത് ഇത് ശരീരവണ്ണം കൂട്ടുകയുമില്ല. 

5. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന ഫൈബര്‍ എന്ന ഘടകം ഈന്തപ്പഴത്തില്‍ കാര്യമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ മലബന്ധം, അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും ആശ്വസാം നല്‍കാന്‍ ഈന്തപ്പഴത്തിന് സാധിക്കും. 

അമിതമാകാതെ നോക്കണേ...

ഈന്തപ്പഴത്തിന് ഇത്രമാത്രം ആരോഗ്യഗുണങ്ങളുണ്ടെന്നോര്‍ത്ത് അത് ദിവസം മുഴുവന്‍ 'സ്‌നാക്‌സ്' ആയി ഉപയോഗിക്കരുത്. അത് മറിച്ചുള്ള ഫലത്തിന് കാരണമാകുമെന്ന് ന്യൂട്രീഷ്യനിസ്റ്റുകള്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. അതുപോലെ ഏത് ആരോഗ്യഗുണത്തിനാണ് നിങ്ങള്‍ പ്രാധാന്യം നല്‍കുന്നത് എന്നതിന് അനുസരിച്ച് ഈന്തപ്പഴം കഴിക്കുന്ന സമയത്തെയും ക്രമീകരിക്കേണ്ടതുണ്ടെന്ന് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നു. 

അധികവും രാവിലെ എഴുന്നേറ്റയുടന്‍ വെറുംവയറ്റില്‍ ആദ്യഭക്ഷണമായി ഈന്തപ്പഴം കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ബീമോഗ്ലോബിന്‍ നില മെച്ചപ്പെടുത്തുന്നതിനാണെങ്കില്‍ ഉച്ചഭക്ഷണത്തിന് ശേഷം ഈന്തപ്പഴം കഴിക്കുന്നതാണ് ഉചിതം. വളര്‍ച്ചയുടെ ഘട്ടത്തിലുള്ള കുട്ടികള്‍ക്കാണെങ്കില്‍ ഉച്ചഭക്ഷണസമയത്ത് തന്നെ നല്‍കുന്നതാണ് നല്ലത്. 

Also Read:- ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഇവ ശ്രദ്ധിക്കാം