ഔഷധ ഗുണങ്ങളുടെ പേരിൽ കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്ന ഒരു പ്രധാന സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. കുർക്കുമിൻ ആണ് ഇതിന്റെ ആകർഷകമായ നിറത്തിനും ആരോഗ്യപരമായ ഗുണങ്ങൾക്കും കാരണമാകുന്ന ഘടകം. 

ആന്‍റിഓക്സിഡന്‍റുകളും പ്രോട്ടീനും വിറ്റാമിനുകളും കാത്സ്യവും ഇരുമ്പും മഗ്നീഷ്യവും സിങ്കും ഒക്കെ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. ബാക്ടീരിയയെ ചെറുക്കാന്‍ കഴിവുള്ളതുകൊണ്ട് മുറിവ് ഉണങ്ങാന്‍ മഞ്ഞള്‍ സഹായിക്കും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മഞ്ഞള്‍ നല്ലതാണ്. 

നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഈ സുഗന്ധവ്യഞ്ജനം ചേർക്കണമെന്ന് പറയുന്നതിന്‍റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍. മഞ്ഞളിലുള്ള 'ലിപ്പോപോളിസാക്കറൈഡ്' എന്ന പദാര്‍ഥമാണ് ഇതിന് സഹായിക്കുന്നത്. ബാക്ടീരിയ, വൈറസ്‌, ഫംഗസ് എന്നിവയെ പ്രതിരോധിക്കാന്‍ ഇവ സഹായിക്കും.

രണ്ട്...

മഞ്ഞള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്  ഉയർന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. അതോടൊപ്പം ഇവ ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

മൂന്ന്...

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് മഞ്ഞള്‍. നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് മഞ്ഞളിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് പറയാറുണ്ട്. 

നാല്...

മഞ്ഞള്‍ ധാരാളം കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് നല്ലതാണ്. ചില പഠനങ്ങളിലും ഇക്കാര്യം പറയുന്നുണ്ട്. അതുപോലെ കരളിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. 

 

അഞ്ച്...

രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ മഞ്ഞള്‍ സഹായിക്കും. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും മഞ്ഞള്‍ സഹായിക്കും. മിതമായ അളവിൽ മാത്രം മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ആറ്...

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ കൊഴുപ്പ് എരിച്ചു കളയുന്ന പ്രക്രിയയെ വേഗത്തിലാക്കും. അതുവഴി വയര്‍ കുറയ്ക്കാന്‍ സഹായിക്കും.

ഏഴ്...

ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനും മഞ്ഞളിന് കഴിവുണ്ടെന്ന് നിരവധി ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.

Also Read: വണ്ണം കുറയ്ക്കണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് സുഗന്ധവ്യജ്ഞനങ്ങൾ...