Asianet News MalayalamAsianet News Malayalam

മുരിങ്ങ കഴിക്കാത്തവരും കഴിച്ചുപോകും, അത്രയും ആരോഗ്യഗുണങ്ങളുള്ള ഭക്ഷണം...

ഇപ്പോള്‍ മുരിങ്ങയും 'ഇന്റര്‍നാഷണല്‍' ആയി മാറിയിരിക്കുന്നു. ഇതിന്റെ സമ്പന്നമായ സവിശേഷതകളെ കുറിച്ച് ആഗോളതലത്തില്‍ തന്നെ പഠനങ്ങള്‍ നടക്കുന്നു. റിപ്പോര്‍ട്ടുകള്‍ വരുന്നു. കേരളത്തിലാണെങ്കില്‍ പ്രധാന നഗരങ്ങളിലെ വിപണിയിലെല്ലാം ഇന്ന് മുരിങ്ങ ലഭ്യമാണ്

health benefits of super food moringa
Author
Trivandrum, First Published Jun 14, 2021, 11:29 PM IST

മുന്‍കാലങ്ങളില്‍ ഗ്രാമങ്ങളിലാണ് മുരിങ്ങ ഒരു പ്രധാന വിഭവമായി ഉപയോഗിച്ചിരുന്നത്. ധാരാളമായി ലഭ്യമായിരിക്കുന്ന ഒന്ന് എന്ന നിലയിലാണ് ഗ്രാമീണമായ പ്രദേശങ്ങളില്‍ മുരിങ്ങ സമൃദ്ധമായി ഉപയോഗിക്കപ്പെട്ടിരുന്നത്. പലപ്പോഴും ഇതിന്റെ എണ്ണമറ്റ ആരോഗ്യഗുണങ്ങളെ കുറിച്ച് ആളുകളില്‍ ആവശ്യമായത്ര അവബോധമുണ്ടാകാറില്ല. 

ഇപ്പോള്‍ മുരിങ്ങയും 'ഇന്റര്‍നാഷണല്‍' ആയി മാറിയിരിക്കുന്നു. ഇതിന്റെ സമ്പന്നമായ സവിശേഷതകളെ കുറിച്ച് ആഗോളതലത്തില്‍ തന്നെ പഠനങ്ങള്‍ നടക്കുന്നു. റിപ്പോര്‍ട്ടുകള്‍ വരുന്നു. കേരളത്തിലാണെങ്കില്‍ പ്രധാന നഗരങ്ങളിലെ വിപണിയിലെല്ലാം ഇന്ന് മുരിങ്ങ ലഭ്യമാണ്. എന്നിട്ടും മുരിങ്ങയോട് ഇഷ്ടക്കേടുള്ളവരുണ്ട്. അത്തരക്കാര്‍ അറിയാന്‍ മുരിങ്ങയുടെ സുപ്രധാനമായ ചില ഗുണങ്ങള്‍ പങ്കുവയ്ക്കാം. 

ഒന്ന്...

ഡയറ്റ്, ജീവിതരീതി എന്നിവയുമായെല്ലാം ബന്ധപ്പെട്ടുണ്ടാകുന്ന ക്ഷീണം, തളര്‍ച്ച എന്നിവയെ പരിഹരിക്കാന്‍ മുരിങ്ങക്ക് കഴിയും. 

 

health benefits of super food moringa

 

മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്ന 'അയേണ്‍' ആണ് ഇതിന് സഹായകമാകുന്നത്. 

രണ്ട്...

കൊവിഡ് കാലത്ത് നാം ഏറ്റവുമധികം ചര്‍ച്ച ചെയ്‌തൊരു വിഷയമാണ് രോഗ പ്രതിരോധശേഷി അഥവാ 'ഇമ്മ്യൂണിറ്റി'. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും മുരിങ്ങക്ക് സാധ്യമാണ്. ഇതിലടങ്ങിയിരിക്കുന്ന 'ഫൈറ്റോന്യൂട്രിയന്റ്‌സ്' ആണ് ഇതിന് സഹായകമാകുന്നത്. ഇതിന് പുറമെ വൈറ്റമിന്‍-എ, സി, 'അയേണ്‍' എന്നിവയും പ്രതിരോധ വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നു. 

മൂന്ന്...

രക്തത്തിലെ ഷുഗര്‍നില കൂടുന്നത് അപകടമാണെന്ന് നമുക്കറിയാം. ഇത്തരത്തില്‍ ഷുഗര്‍നില കൂടുന്നത് പ്രമേഹത്തിലേക്ക് നയിക്കും. എന്നാല്‍ മുരിങ്ങയില പതിവാക്കുന്നവരില്‍ പ്രമേഹസാധ്യത താരതമ്യേന കുറഞ്ഞിരിക്കും. മുരിങ്ങയിലടങ്ങിയിരിക്കുന്ന 'ക്ലോറോജെനിക് ആസിഡ്' ആണ് രക്തത്തിലെ ഷുഗര്‍നില നിയന്ത്രിച്ചുനിര്‍ത്താന്‍ സഹായകമാകുന്നത്. 

നാല്...

ശരീരത്തിലെത്തുന്ന മോശം കൊളസ്‌ട്രോളിന്റെ അളവ് താഴ്ത്താന്‍ മുരിങ്ങക്ക് കഴിയും. ഇതുവഴി ഹൃദ്രോഗങ്ങളെ ഒരു പരിധി വരെ അകറ്റാനും നമുക്ക് സാധ്യമാകും. 

അഞ്ച്...

ഇന്ന് നിരവധി പേര്‍ നേരിടുന്നൊരു നിത്യ ആരോഗ്യപ്രശ്‌നമാണ് ദഹനസംബന്ധമായ അസ്വസ്ഥതകള്‍. 

 

health benefits of super food moringa

 

ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുരിങ്ങ സഹായകമാണ്. മലബന്ധം, വയറ് വീര്‍ത്തുകെട്ടുന്ന അവസ്ഥ, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ലഘൂകരിക്കാന്‍ മുരിങ്ങയ്ക്ക് സാധിക്കും. 

ആറ്...

'കാത്സ്യം', 'ഫോസ്ഫറസ്' എന്നിവയുടെ മികച്ച സ്രോതസാണ് മുരിങ്ങ. ഇവ രണ്ടും തന്നെ എല്ലുകളുടെ വളര്‍ച്ചയ്ക്ക് ഏറെ ആവശ്യമാണ്. അതിനാല്‍ മുരിങ്ങ എല്ലുകളുടെ ആരോഗ്യത്തിനും മികച്ചതാണെന്ന് പറയാം. സന്ധിവാതം, എല്ല് തേയ്മാനം തുടങ്ങിയ രോഗങ്ങളെ അകറ്റിനിര്‍ത്താനും മുരിങ്ങ പതിവായി കഴിക്കുന്നത് സഹായിച്ചേക്കാം. 

Also Read:- ഭംഗിയുള്ള ചുണ്ടുകള്‍ക്കും മുടിക്കും ചര്‍മ്മത്തിനും നെയ്യ് ഉപയോഗിക്കാം...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios