Asianet News MalayalamAsianet News Malayalam

ഇത് ദീപിക പദുകോണിന്‍റെ ഇഷ്ടവിഭവം; ഈസി റെസിപി, രുചിയും കേമം- വീഡിയോ...

ചോറിനൊപ്പമാണ് ഇത് ഏറെയും കഴിക്കുന്നത്. ചീസ് ആണ് പ്രധാനപ്പെട്ട ചേരുവയെന്ന് പറയാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കിയെടുക്കാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. ചോറിനൊപ്പം കഴിക്കാൻ ഏറെ രുചികരവും. 

here is the simple recipe of ema datshi favorite dish of deepika padukone
Author
First Published Jan 21, 2024, 11:22 AM IST

സെലിബ്രിറ്റികളുടെ ഭക്ഷണ അഭിരുചികളും ഇഷ്ടങ്ങളും അറിയാനും ഡയറ്റുകളെ കുറിച്ച് മനസിലാക്കാനുമെല്ലാം ഏവര്‍ക്കും താല്‍പര്യമുണ്ടാകാറുണ്ട്. ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നവരാകുമ്പോള്‍ അവര്‍ കഴിക്കുന്ന ഭക്ഷണം അത്രമാത്രം 'ഹെല്‍ത്തി' ആയിരിക്കും എന്ന വിശ്വാസമാണ് ഈ കൗതുകത്തിന് പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഇത് നമുക്കും ചെയ്തുനോക്കാമല്ലോ എന്ന പ്രതീക്ഷ. 

രണ്ടാമതായി, ഭക്ഷണപ്രേമികളെ സംബന്ധിക്കുന്ന കാര്യമാണ്. പുതിയ വിഭവങ്ങളെ കുറിച്ചറിയാം. അവ ചെയ്തുനോക്കാം. പരീക്ഷണം വിജയിച്ചാല്‍ പുതിയൊരു റെസിപി കയ്യിലായല്ലോ. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ സെലിബ്രിറ്റി ഇന്‍റര്‍വ്യൂകളില്‍ അവര്‍ ഭക്ഷണത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ മിക്കവരും താല്‍പര്യപൂര്‍വം അത് ശ്രദ്ധിക്കാറുണ്ട്.

ഇപ്പോഴിതാ ഇതുപോലെ ബോളിവുഡ് താരം ദീപിക പദുകോണ്‍ ഒരു അഭിമുഖത്തിനിടെ വിവരിച്ച ഇഷ്ടവിഭവം തയ്യാറാക്കി നോക്കിയിരിക്കുകയാണ് ഡോ. രുപാലി എന്ന വ്ളോഗര്‍. ഇതിന്‍റെ വീഡിയോയും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. പൊതുവെ 'ഹെല്‍ത്തി'യായ ഭക്ഷണങ്ങളെ കുറിച്ചാണ് ഡോ. രുപാലി വീഡിയോകള്‍ തയ്യാറാക്കാറ്. അതിനാല്‍ തന്നെ ദീപികയുടെ ഇഷ്ടവിഭവവും 'ഹെല്‍ത്തി'യാണെന്ന് മനസിലാക്കാം.

സംഗതി, ഒരു ഭൂട്ടാൻ വിഭവമാണ്. 'എമ ദട്ഷി' എന്നാണിതിനെ വിളിക്കുന്നത്. നമ്മുടെ സ്റ്റൂ തന്നെ. ചോറിനൊപ്പമാണ് ഇത് ഏറെയും കഴിക്കുന്നത്. ചീസ് ആണ് പ്രധാനപ്പെട്ട ചേരുവയെന്ന് പറയാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കിയെടുക്കാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. ചോറിനൊപ്പം കഴിക്കാൻ ഏറെ രുചികരവും. 

ഇത് തയ്യാറാക്കുന്നതിനായി ചീസ്, പച്ചമുളക്, സവാള, ഓയില്‍, വെളുത്തുള്ളി എന്നിവയാണ് ആവശ്യമായി വരുന്നത്. ആദ്യം തന്നെ വേണ്ടത്ര പച്ചമുളകെടുത്ത് അത് നെടുകെ കീറി സീഡുകള്‍ വേര്‍പെടുത്തി മാറ്റി വയ്ക്കണം. ഇനിയൊരു പാനില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് പൊടിയായി അരിഞ്ഞ വെളുത്തുള്ളിയും നീളത്തില്‍ അരിഞ്ഞ സവാളയും ചേര്‍ത്ത് വഴറ്റണം. ഇതിലേക്ക് സീഡ് മാറ്റിവച്ച പച്ചമുളകും ചേര്‍ക്കാം. എല്ലാം നന്നായി വഴണ്ടുവരുമ്പോള്‍ വെള്ളം ചേര്‍ക്കണം. ശേഷം ഉപ്പും കുരുമുളകുപൊടിയും. വെള്ളം തിളയ്ക്കുമ്പോഴേക്ക് ചീസ് ചേര്‍ക്കാം. ചീസ് കൂടി നന്നായി തിളച്ച് കറിയിലേക്ക് ചേര്‍ന്നുവരുമ്പോള്‍ ഇത് വാങ്ങിവയ്ക്കാം. ചൂട് ചോറിനൊപ്പം തന്നെ ഇത് കഴിക്കണം. അല്ലെങ്കില്‍ സ്റ്റൂ ചൂടോടെ തന്നെ കഴിക്കണം. എങ്കിലേ രുചി കൂടൂ. 

ഡോ. രുപാലി പങ്കുവച്ച വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്. തയ്യാറാക്കാൻ വളരെ എളുപ്പമായതിനാല്‍ തന്നെ ഇത് കണ്ടവരെല്ലാം ട്രൈ ചെയ്യുമെന്നാണ് കമന്‍റ് ചെയ്തിരിക്കുന്നത്. 

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- സൂന്നൻ ഖാന്‍റെ ഗംഭീര ഡിസൈൻ; മുൻ ഭാര്യക്ക് കമന്‍റിട്ട് ഹൃത്വിക് റോഷനും...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios