പലപ്പോഴും മോശം ജീവിതശൈലികളുടെ ഭാഗമായാണ് അമിതവണ്ണത്തിലേക്ക് ആളുകളെത്തുന്നത്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കൂ. പ്രോട്ടീൻ അടങ്ങിയ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.  

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രോട്ടീൻ അടങ്ങിയ ചില പച്ചക്കറികള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഒന്ന്...

പ്രോട്ടീന്‍ ധാരാളം അടങ്ങിയ പച്ചക്കറികളിലൊന്നാണ് ചീര. അര കപ്പ് ചീരയില്‍ ഒരു ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. സിങ്ക്, മഗ്നീഷ്യം, അയണ്‍, വിറ്റാമിന്‍ സി എന്നിവയും ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ,  രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ദിവസവും ചീര കഴിക്കുന്നത് നല്ലതാണ്. ഹീമോ​​ഗ്ലോബിന്‍റെ അളവ് കൂട്ടാനും ചീര കഴിക്കുന്നത് നല്ലതാണ്. ഫൈബർ ധാരാളമായി അടങ്ങിയിട്ടുള്ള ചുവന്ന ചീര ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. ഒപ്പം ചീരയിൽ അടങ്ങിയിരിക്കുന്ന വൈറ്റാമിനുകളായ എ, സി, ഇ എന്നിവ കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.

രണ്ട്...

അര കപ്പ് ബ്രോക്കോളിയില്‍ രണ്ട് ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്‍റെ കാര്യത്തിലെന്ന് മാത്രമല്ല, മറ്റ് ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലാണ് ബ്രോക്കോളി. നാരുകൾ, വൈറ്റമിൻ ഇ, വൈറ്റമിൻ ബി 6, കോപ്പർ, പൊട്ടാസ്യം എന്നിവയും ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബ്രോക്കോളിയിൽ 47 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ ബ്രോക്കോളി കഴിക്കുന്നത് നല്ലതാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

മൂന്ന്...

100 ​ഗ്രാം മഷ്റൂമിൽ മൂന്ന് ​ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മഷ്റൂം കഴിക്കുന്നത് ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കും. മഷ്‌റൂമില്‍ കാണപ്പെടുന്ന ശക്തിയേറിയ സെലേനിയം എന്ന ആന്‍റിഓക്‌സിഡന്‍റ് ശരീരത്തിലെ പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതുപോലെ തന്നെ, മഷ്‌റൂമില്‍ ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ 90 ശതമാനം ഇരുമ്പും മഷ്‌റൂമില്‍ നിന്ന് ലഭിക്കും. 

നാല്...

ഒരു കപ്പ് കോളീഫ്ളവറിൽ 3 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഒപ്പം വിറ്റാമിന്‍ കെ, സി, എ, ഫൈബര്‍,  ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു. ദിവസവും ഒരു ബൗൾ കോളീഫ്ളവർ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനും കൂടുതൽ ഉന്മേഷത്തോടെ ഇരിക്കാനും സഹായിക്കും. 

Also Read: ലോക്ക്ഡൗണില്‍ തടി കൂടാതിരിക്കാന്‍ ഇതൊന്ന് പരീക്ഷിക്കാം...