Asianet News MalayalamAsianet News Malayalam

'ഫ്രീ' ആയി ഫ്രൈഡ് ചിക്കൻ കഴിക്കാനൊരു 'തരികിട' മാർഗം; വീഡിയോ

കൌണ്ടറിലും പരിസരത്തുമായി ഉള്ളവരോട് പേടിക്കേണ്ട, പേടിക്കേണ്ട യാതൊരു കാര്യവുമില്ല- എന്നെല്ലാം പറഞ്ഞുകൊണ്ടാണ് ഇരുവരും കയറിവരുന്നത്. ശേഷം തങ്ങൾ 'സെന്‍റർ ഫോർ ഡിസീസ് ആന്‍റ് പ്രിവൻഷനി'ൽ നിന്നാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തുന്നു.

hilarious video of food bloggers in which they shows how to get free chicken
Author
First Published Feb 2, 2023, 8:44 PM IST

സോഷ്യൽ മീഡിയയിലൂടെ പതിവായി എത്രയോ വീഡിയോകൾ നാം കാണാറുണ്ട്. ഇവയിൽ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളാണ് മറ്റുള്ളവയെക്കാൾ കൂടുതലായി വരാറും, പങ്കുവയ്ക്കപ്പെടാറുമെല്ലാം. ഇത്തരത്തിൽ നിരവധി കാഴ്ചക്കാരെ നേടിക്കൊണ്ട് മുന്നോട്ട് പോകുന്ന എത്രയോ ഫുഡ് ബ്ലോഗർമാരുണ്ട്. 

ഇപ്പോഴിതാ രണ്ട് ഫുഡ് ബ്ലോഗർമാരുടെ രസകരമായ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. സംഭവം ഒരു 'പ്രാങ്ക്' അഥവാ 'പറ്റിക്കൽ പരിപാടി'യാണ് ഇവർ വീഡിയോയിലൂടെ ചെയ്തിരിക്കുന്നത്. ഇത് മനസിലാക്കി വീഡിയോ ആസ്വദിച്ചവരുമുണ്ട്, അതേസമയം ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി എതിർത്തവരുമുണ്ട്. 

രണ്ട് പേരും ചേർന്ന് സൌജന്യമായി എങ്ങനെ ഫ്രൈഡ് ചിക്കൻ ഒപ്പിക്കാമെന്നാണ് വീഡിയോയിൽ കാണിക്കുന്നത്. ഇതിനായി ഇവർ കെഎഫ്സിയുടെ ഒരു ഔട്ട്ലെറ്റിലേക്കാണ് പോകുന്നത്. ഇരുവരും മെഡിക്കൽ ആവശ്യങ്ങൾക്കുപയോഗിക്കുന്ന വലിയ ഏപ്രൺ അഥവാ ഹസ്മത് സ്യൂട്ട് ധരിച്ചാണ് കടയിലേക്ക് കയറി ചെല്ലുന്നത്. 

കൌണ്ടറിലും പരിസരത്തുമായി ഉള്ളവരോട് പേടിക്കേണ്ട, പേടിക്കേണ്ട യാതൊരു കാര്യവുമില്ല- എന്നെല്ലാം പറഞ്ഞുകൊണ്ടാണ് ഇരുവരും കയറിവരുന്നത്. ശേഷം തങ്ങൾ 'സെന്‍റർ ഫോർ ഡിസീസ് ആന്‍റ് പ്രിവൻഷനി'ൽ നിന്നാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തുന്നു. ശേഷം ഇവിടത്തെ ചിക്കൻ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കാനാണെന്നും ഇതിന് സാമ്പിൾ നൽകണമെന്നും അറിയിക്കുന്നു. 

തുടർന്ന് മാനേജർ തയ്യാറാക്കി വച്ച ചിക്കനും, പുതുതായി തയ്യാറാക്കിയ ചിക്കനും പാക്ക് ചെയ്ത് ഇവർക്ക് കൈമാറുകയാണ്. സാധനം കയ്യിൽ കിട്ടിയ ശേഷം ലാബിൽ പരിശോധിച്ച റിസൾട്ട് ആറ് മാസത്തിനകം വരും മെയിൽ ചെക്ക് ചെയ്താൽ മതിയെന്നും അറിയിച്ച് ഇരുവരും ചിക്കനുമായി പുറത്ത് കടക്കുന്നു.

പുറത്തെത്തിയ ശേഷം മാസ്കെല്ലാം മാറ്റി ചിക്കൻ ആസ്വദിച്ച് കഴിക്കുകയാണ് ഇരുവരും. ഇതെല്ലാം വീഡിയോയിൽ കാണിച്ചിട്ടുണ്ട്. ഇവർ 'പ്രാങ്ക്' ആണ് ഉദ്ദേശിച്ചതെങ്കിലും ആദ്യം സൂചിപ്പിച്ചത് പോലെ പലരും ഇത് വഞ്ചനയ്ക്ക് പ്രേരിപ്പിക്കുന്ന വീഡിയോ ആണെന്നും ഇതുപോലെ പലരും ചെയ്യാൻ തുടങ്ങിയാൽ ഹോട്ടലുകാരും കച്ചവടക്കാരും കുഴഞ്ഞുപോകുമെന്നുമെല്ലാം ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തായാലും രസകരമായ വീഡിയോ കണ്ടുനോക്കൂ...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by GREEDY GUYS (@greedyguys)

Also Read:- എടിഎമ്മിന് മുന്നില്‍ നില്‍ക്കുന്നയാള്‍ മാറുന്നില്ല; ഒടുവില്‍ 'ട്വിസ്റ്റ്'

Follow Us:
Download App:
  • android
  • ios