എല്ലാ ദിവസവും നമ്മുടെ വീടുകളില്‍ ഉപയോഗിക്കാറുള്ള ഒരവശ്യ സാധനമാണ് പാല്‍. എപ്പോഴും ആവശ്യമുള്ളതിനാല്‍ തന്നെ മിക്കവരും അപ്പപ്പോള്‍ വേണ്ടതിലധികം പാല്‍ വാങ്ങി കരുതാറുമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം നമ്മള്‍ ആശ്രയിക്കുന്നത് ഫ്രിഡ്ജിനെയാണ്. 

എന്നാല്‍ പാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും കരുതേണ്ടതുണ്ട്. അവയെക്കുറിച്ചാണ് ഇനി പറയുന്നത്. ആദ്യം തന്നെ എല്ലാവരിലുമുണ്ടാകാറുള്ള ഒരു സംശയത്തിന് നമുക്ക് ഉത്തരം തേടാം. എത്ര നാള്‍ വരെ പാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം? 

ഈ ചോദ്യം സ്വയം ചോദിക്കാത്തവര്‍ കുറവായിരിക്കും. പ്രത്യേകിച്ച ്‌നഗരജീവിതവുമായി മുന്നോട്ടുപോകുന്നവര്‍. തിരക്ക് പിടിച്ച ഓട്ടങ്ങള്‍ക്കിടയില്‍ പലപ്പോഴും സമയത്തിന് പാലെടുത്ത് ഉപയോഗിക്കാന്‍ കഴിയാതിരിക്കുകയും, മറന്നുപോവുകുമെല്ലാം ചെയ്യുന്നതിനാല്‍ പിന്നീട് ഉപയോഗിക്കുമ്പോള്‍ തീര്‍ച്ചയായും ഈ സംശയം വന്നേക്കാം. 

 

 

യഥാര്‍ത്ഥത്തില്‍ പാക്കറ്റ് തുറന്നുകഴിഞ്ഞാല്‍ നാല് മുതല്‍ ഏഴ് ദിവസം വരെ മാത്രമാണ് പാല്‍ കേട് കൂടാതെയിരിക്കുക. എന്നാല്‍, വൃത്തിയായി ഫ്രീസറില്‍ സൂക്ഷിക്കുകയാണെങ്കില്‍ ഇത് ഏറെ നാള്‍ കേട് കൂടാതിരിക്കും. പക്ഷേ ഏറ്റവും വേഗത്തില്‍ ഉപയോഗിച്ചുതീര്‍ക്കുന്നത് തന്നെയാണ് എപ്പോഴും ഉചിതം. 

ഫ്രീസറിലാകുമ്പോള്‍ എയര്‍ ടൈറ്റ് കണ്ടെയ്‌നറിലാക്കി വേണം പാല്‍ സൂക്ഷിക്കാന്‍. പാലിരിക്കുന്ന അളവിന് മുകളില്‍ 1-1.5 ഇഞ്ച് വരെ സ്‌പെയ്‌സ് വെറുതെയിടണം. കാരണം ഫ്രീസ് ചെയ്യുമ്പോള്‍ മറ്റേത് ദ്രാവകം പോലെ പാലും വികസിച്ചുവരും. ഇതിനുമാത്രം സ്‌പെയ്‌സ് പാത്രത്തിനകത്തില്ലെങ്കില്‍ പാത്രം പൊട്ടിപ്പോകും. 

ഫ്രീസറില്‍ മീറ്റ്- മത്സ്യം തുടങ്ങി എന്ത് ഭക്ഷണം സൂക്ഷിച്ചാലും ഇതില്‍ നിന്നെല്ലാമുള്ള ഗന്ധം പാല്‍ എളുപ്പത്തില്‍ പിടിച്ചെടുക്കും. പിന്നീട് തണുപ്പ് വിടുമ്പോള്‍ മാത്രമേ നമുക്കിത് തിരിച്ചറിയാനാകൂ. അതിനാലാണ് വൃത്തിയായി അടച്ച് സൂക്ഷിക്കണമെന്ന് പറയുന്നത്. ഫുള്‍ ഫാറ്റ് മില്‍ക്കിനെക്കാള്‍ ഫ്രീസര്‍ ലൈഫ് കൂടുതലുള്ളത് സ്‌കിമ്മ്ഡ് മില്‍ക്കിനാണ്. 

 

 

ഇനി, പാല്‍ ഫ്രീസ് ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ രീതി പറയാം. ഐസ് ക്യൂബ്‌സ് വയ്ക്കുന്ന ട്രേകളില്‍ പാല്‍ നിറച്ചുവയ്ക്കാം. ഒന്ന് ഫ്രീസായ ശേഷം ട്രേ റീ സീലബിള്‍ പ്ലാസ്റ്റിക് ബാഗിലേക്ക് മാറ്റാം. ആവശ്യമുള്ളപ്പോള്‍, അതിന് അനുസരിച്ച അളവില്‍ പാല്‍ ക്യൂബുകളെടുക്കുക, ബാക്കി അവിടെ തന്നെ വയ്ക്കാം. 

അതുപോലെ തന്നെ, പരമാവധി പാല്‍ ഡീഫ്രോസ്റ്റ് ചെയ്യുന്നത് ഫ്രിഡ്ജിന് അകത്ത് തന്നെ വച്ചായിരിക്കണം. റൂം ടെമ്പറേച്ചറില്‍ പെട്ടെന്ന് എടുത്തുവയ്ക്കുമ്പോള്‍ അതിലെ ബാക്ടീരിയല്‍ വളര്‍ച്ച കൂടുതലാകാന്‍ സാധ്യതയുണ്ട്. ഈ പാല്‍ ഒരുപക്ഷേ ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിച്ചേക്കാം. ഇനി, എളുപ്പത്തില്‍ പാല്‍ ഡീഫ്രോസ്റ്റ് ചെയ്യാനാണെങ്കില്‍ അത് തണുത്ത വെള്ളത്തില്‍ ഇറക്കിവയ്ക്കാം. ഈ രീതി അവലംബിച്ചാലും ബാക്ടീരിയല്‍ വളര്‍ച്ചയെ തടയാന്‍ കഴിയില്ലെന്ന് മനസിലാക്കുക. 

Also Read:- പാല്‍ ഉപയോഗിക്കും മുമ്പ് തിളപ്പിക്കേണ്ടതുണ്ടോ? അറിയാം യാഥാര്‍ത്ഥ്യം...