എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ. എങ്കിൽ നിങ്ങൾക്ക് ഇഷ്ടമാകാൻ സാധ്യതയുള്ള ഒരു കിടിലൻ റെസിപ്പിയെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. പ്രഭാതഭക്ഷണത്തിനൊപ്പമോ അല്ലെങ്കിൽ ഉച്ചയൂണിന്റെ കൂടെയൊക്കെ കഴിക്കാൻ പറ്റുന്ന ഒരു വിഭവമാണിത്. 'പച്ചമുളക് ഫ്രൈ' (Green Chilli Fry ). 'കുക്കിം​ഗ് വിത്ത് രേഷു' എന്ന യൂ ട്യൂബ് ചേനലിലാണ് പച്ചമുളക് കൊണ്ടുള്ള ഈ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് പറയുന്നത്. ഈ വിഭവം 10 ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പറ്റും. എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കാം....

വേണ്ട ചേരുവകൾ...

പച്ചമുളക്                  5 എണ്ണം
വെളിച്ചെണ്ണ            3 ടീസ്പൂൺ
ഉപ്പ്                         ആവശ്യത്തിന്
മഞ്ഞൾ പൊടി      കാൽ ടീസ്പൂൺ
മല്ലി പൊടി              അര ടീസ്പൂൺ
​ഗരം മസാല            1 ടീസ്പൂൺ
പെരുംജീരകം പൊടി  ഒരു നുള്ള്
നാരങ്ങ നീര്           അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം....

ആദ്യം പച്ചമുളക് രണ്ടായി നീളത്തിൽ മുറിച്ച് മാറ്റിവയ്ക്കുക. ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് പച്ചമുളക് ഇടുക. ശേഷം അതിലേക്ക് ഉപ്പ്, മഞ്ഞൾ പൊടി, മല്ലി പൊടി, ഗരം മസാല, പെരുംജീരകം പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക. ശേഷം നാരങ്ങ നീര് ഇതിന് മുകളിൽ ഒഴിക്കുക. ​'ഗ്രീൻ ചില്ലി ഫ്രെെ' തയ്യാറായി...

വെെകുന്നേരം ചായയ്ക്കൊപ്പം ചൂട് 'ചക്ക പഴംപൊരി' കൂടി ഉണ്ടെങ്കിലോ...!