Asianet News MalayalamAsianet News Malayalam

കടച്ചക്ക കൊണ്ട് ഒരു കിടിലൻ കറി തയ്യാറാക്കിയാലോ...

കടച്ചക്ക കൊണ്ട് വിഭവങ്ങൾ തയ്യാറാക്കാറുണ്ടല്ലോ. കടച്ചക്ക കൊണ്ട് ചോറിനൊപ്പവും ചപ്പാത്തി, ദോശ എന്നിവയ്ക്കൊപ്പവും കഴിക്കാൻ പറ്റിയ  ഒരു കറി തയ്യാറാക്കിയാലോ...

how to make kadachakka curry
Author
Trivandrum, First Published Aug 28, 2021, 12:20 PM IST

നമ്മുടെ നാട്ടിൻപുറങ്ങളിൽ ഇന്നും സുലഭമായി കിട്ടുന്നതും നാം അധികം പ്രാധാന്യം നൽകാത്തതുമായ ഒരു ഫലമാണ് കടച്ചക്ക. ധാരാളം പോഷക​ഗുണങ്ങൾ കടച്ചക്കയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അപകടകരമായ കൊളസ്ട്രോൾ കുറയ്ക്കുകയും ആരോഗ്യത്തിന് അത്യാവശ്യം വേണ്ട എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ വർധനയ്ക്കു സഹായിക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിട്ടുള്ള പോഷകങ്ങൾ കുടൽ കാൻസർ സാധ്യതയും കുറയ്ക്കുന്നു. കടച്ചക്ക കൊണ്ട് വിഭവങ്ങൾ തയ്യാറാക്കാറുണ്ടല്ലോ. കടച്ചക്ക കൊണ്ട് ചോറിനൊപ്പവും ചപ്പാത്തി, ദോശ എന്നിവയ്ക്കൊപ്പവും കഴിക്കാൻ പറ്റിയ  ഒരു കറി തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ...

ശീമ ചക്ക / കടച്ചക്ക                    അര കിലോ
മഞ്ഞൾ പൊടി                              1 സ്പൂൺ
പച്ചമുളക്                                       3 എണ്ണം
കുരുമുളക്                                    ഒരു സ്പൂൺ
തേങ്ങ                                          അര മുറി ചിരകിയത്
ജീരകം                                            1 സ്പൂൺ
പെരുംജീരകം                               1 സ്പൂൺ
ഉപ്പ്                                                 ആവശ്യത്തിന്
മുളക് പൊടി                                    ഒരു സ്പൂൺ
കറിവേപ്പില                                     4 തണ്ട്
ഇഞ്ചി                                             ഒരു കഷ്ണം
ചുവന്ന മുളക്                                 3 എണ്ണം
കടുക്                                               1 സ്പൂൺ
എണ്ണ                                                   3 സ്പൂൺ

തയ്യാറാക്കുന്ന വിധം...

ശീമ ചക്ക / കടച്ചക്ക തോലുകളഞ്ഞു, കഴുകി കഷ്ണങ്ങൾ ആയി മുറിച്ചു മഞ്ഞൾ പൊടിയും, പച്ചമുളകും ചേർത്ത് വേകിക്കുക.മറ്റൊരു ചീന ചട്ടിയിൽ തേങ്ങ, ഒരു സ്പൂൺ എണ്ണ, ജീരകം, ചുവന്ന മുളക്, കറി വേപ്പില, പെരും ജീരകം, മുളക്പൊടി, ഇഞ്ചി, കുരുമുളക് എന്നിവ നന്നായി വറുത്തു എടുക്കുക, വേവിച്ചു വച്ചിട്ടുള്ള ചക്കയിലേക്ക് വറുത്ത കൂട്ട് ചേർത്ത് നന്നായി വേകിക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് വെന്തു കുറുകി തുടങ്ങുമ്പോൾ തീ അണയ്ക്കുക. ചീന ചട്ടിയിൽ എണ്ണ, കടുക്, ചുവന്ന മുളക്, കറി വേപ്പില എന്നിവ വറുത്തു കറിയിലേക്ക് ചേർക്കുക. കടച്ചക്ക കറി തയ്യാറായി...

തയ്യാറാക്കിയത്:
ആശ രാജനാരായണൻ

 

Follow Us:
Download App:
  • android
  • ios