ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് മത്തങ്ങ. മത്തങ്ങയിലുള്ള വിറ്റാമിൻ സി, ബീറ്റാകരോട്ടിൻ എന്നിവ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതിലുള്ള നാരുകൾ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യം സംരക്ഷിക്കും.

 മത്തങ്ങ സൂപ്പ് മാനസിക സമ്മർദ്ദത്തെ അതിജീവിച്ച് ഉന്മേഷം വീണ്ടെടുക്കാൻ സഹായിക്കുന്നു. ചർമ്മത്തിന് തിളക്കവും സൗന്ദര്യവും നൽകാൻ ഉത്തമമാണ് മത്തങ്ങ. ഇനി മുതൽ മത്തങ്ങ സൂപ്പായി കഴിക്കുന്നത് ശീലമാക്കാവുന്നതാണ്. എങ്ങനെയാണ് മത്തങ്ങ സൂപ്പ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

മത്തങ്ങ കഷ്ണങ്ങളാക്കിയത്             2 കപ്പ്
ഒലീവ് ഓയിൽ                                    2 ടേബിൾ സ്പൂൺ
ഉള്ളി                                                      2 എണ്ണം
വെളുത്തുള്ളി                                      2 അല്ലി

ഉപ്പ്                                                    ആവശ്യത്തിന്
കുരുമുളകുപൊടി                          അരടീസ്പൂൺ
വെള്ളം                                          ആവശ്യത്തിന്
ക്രീം                                                 അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം...

ആദ്യം വലിയൊരു പാനിൽ രണ്ട് ടേബിൾസ്പൂൺ ഒലീവ് ഓയിൽ ഒഴിച്ച് ചൂടാക്കുക. ചെറുതായി അരിഞ്ഞ ഉള്ളി ചേർത്ത് വഴറ്റുക.

ശേഷം ഇതിലേക്ക് വെളുത്തുള്ളി അല്ലി ചേർത്തിളക്കുക. ഇനി മത്തങ്ങ ചേർത്ത് അൽപം ഉപ്പും കുരുമുളകുപൊടിയും ചേർത്തിളക്കുക. അഞ്ച് മിനിറ്റോളം ഇളക്കി നിറംമാറുന്നത് വരെ വേവിക്കുക. 

ഇനി വെള്ളം ചേർത്തിളക്കി 15 മിനിറ്റ് മൂടിവച്ച് വേവിക്കുക. മത്തങ്ങ നന്നായി വെന്തതിന് ശേഷം തണുക്കാൻ വയ്ക്കുക. 

ശേഷം മിശ്രിതം മിക്സിയിൽ നന്നായി അടിച്ചെടുത്ത് പേസ്റ്റ്പരുവത്തിലാക്കുക. ശേഷം സൂപ്പ് ബൗളിലേക്ക് മാറ്റി ക്രീം കൊണ്ട് അലങ്കരിക്കാം.
നല്ല ചൂട് ലെമൺ ടീ കുടിച്ചാലോ... ?