ചമ്മന്തി നമ്മുക്കെല്ലാവർക്കും ഇഷ്ടപ്പെട്ട വിഭവമാണല്ലോ. ചോറിന് പറ്റിയ ഒരു ചമ്മന്തിയെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ഇഞ്ചി ചമ്മന്തി പൊടിയാണ്  സംഭവം. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന ചമ്മന്തിയാണിത്. ഇഞ്ചി, തുവരപ്പരിപ്പ്, ഉഴുന്ന് പരിപ്പ് എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ.. ഇനി എങ്ങനെയാണ് ഈ ചമ്മന്തി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

ഇഞ്ചി                                അരകിലോ
തുവരപ്പരിപ്പ്                     2 ടീസ്പൂൺ
ഉഴുന്ന് പരിപ്പ്                    2 ടീസ്പൂൺ
ചുവന്ന മുളക്                     4 എണ്ണം
തേങ്ങ                                 അര കപ്പ്
പുളി                                 ഒരു നാരങ്ങ വലിപ്പം
ഉപ്പ്                                     ആവശ്യത്തിന്
കായം                               അര സ്പൂൺ
കറിവേപ്പില                    രണ്ട് തണ്ട്

തയ്യാറാക്കുന്ന വിധം...

ആദ്യം ഇഞ്ചി തോലൊക്കെ കളഞ്ഞു ചെറുതായി വട്ടത്തിൽ അരിഞ്ഞു എണ്ണയിൽ വറുത്തു എടുക്കുക , തീ കുറച്ചു വച്ച് ബ്രൗൺ കളർ ആയി വരുന്നവരെ വറുക്കുക. എണ്ണയിൽ നിന്ന് മാറ്റിയ ശേഷം ഇഞ്ചി തണുക്കാൻ ആയി മാറ്റി വയ്ക്കുക . ചീന ചട്ടിയിൽ ഒരു സ്പൂൺ എണ്ണ ഒഴിച്ച് തുവര പരിപ്പ്, ഉഴുന്ന് പരിപ്പ് , തേങ്ങ നല്ല ബ്രൗൺ കളർ ആകുന്ന വരെ വറുത്തു എടുക്കുക. അതിലേക്ക് പുളിയും ചേർത്ത് വീണ്ടും ചൂടാക്കുക. കറിവേപ്പിലയും ചേർത്ത് വറുത്തു എടുക്കുക .മിക്സിയുടെ ജാറിലേക്ക് വറുത്ത കൂട്ടുകളും ഒപ്പം വറുത്ത ഇഞ്ചിയും കായം,  ഉപ്പും ചേർത്ത് പൊടിച്ചെടുക്കുക. വായു കടക്കാത്ത ബോട്ടിലിൽ ആക്കി സൂക്ഷിക്കാവുന്നതാണ്. കഞ്ഞിയുടെയും ചോറിന്റെയും കൂടെയും ഉപയോഗിക്കാം.

തയ്യാറാക്കിയത്: 
ആശ, 
ബം​ഗ്ലൂർ

പച്ചമുളക് കൊണ്ട് ഇതാ ഒരു സ്പെഷ്യൽ അച്ചാർ