Asianet News MalayalamAsianet News Malayalam

'സ്വര്‍ണ്ണം കൊണ്ടൊരു ബിരിയാണി'; പ്ലേറ്റ് ഒന്നിന് വിലയെത്രയെന്ന് അറിയാമോ?

വലിയൊരു സ്വര്‍ണ്ണത്തളികയിലാണ് ഈ ബിരിയാണി വിളമ്പുന്നത്. ഏറ്റവും മുകളിലായി 23 കാരറ്റ് സ്വര്‍ണം കൊണ്ടുണ്ടാക്കിയ പേപ്പര്‍ പോലുള്ള സംവിധാനത്തില്‍ പൊതിഞ്ഞുവച്ച വിവിധ തരം കബാബുകളും കാണും

indian restaurant in dubai introduces golden biryani
Author
Dubai - United Arab Emirates, First Published Feb 23, 2021, 8:15 PM IST

ഭക്ഷണപ്രിയരായ ആളുകളുടെയെല്ലാം 'ഫേവറേറ്റ്' വിഭവം ഏതെന്ന് ചോദിച്ചാല്‍ ഭൂരിപക്ഷം പേരും പറയുന്ന മറുപടി ബിരിയാണി എന്നായിരിക്കും. ഇന്ത്യക്കാര്‍ക്ക് ബിരിയാണിയോടുള്ള ഈ പ്രിയം പുറംനാടുകളിലും പ്രശസ്തമാണ്. 

ബിരിയാണിയില്‍ വ്യത്യസ്തതകള്‍ പരീക്ഷിക്കാന്‍ പലരും മടിക്കാറുണ്ട്. റെസ്റ്റോറന്റുകളാണെങ്കിലും രുചിയില്‍ സന്ധി ചെയ്തുകൊണ്ടുള്ള പരീക്ഷണങ്ങള്‍ ബിരിയാണിയില്‍ നടത്താന്‍ മടിക്കാറുണ്ട്. ബിരിയാണിപ്രേമികള്‍ ഇത് എത്രത്തോളം അംഗീകരിക്കുമെന്ന് അറിയില്ല എന്നതുകൊണ്ട് തന്നെയാണ് ഇത്തരം പരീക്ഷണങ്ങള്‍ വലിയ തോതില്‍ ആരും നടത്താന്‍ മുതിരാത്തത്. 

എന്നാല്‍ കെട്ടിലും മട്ടിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ബിരിയാണിയുടെ മാര്‍ക്കറ്റ് ഉയര്‍ത്താന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങളുമുണ്ട്. വാഴയിലയില്‍ പൊതിഞ്ഞ ബിരിയാണി, മണ്‍കലത്തില്‍ തയ്യാറാക്കിയ ബിരിയാണി തുടങ്ങിയ പുത്തന്‍ രൂപമാറ്റങ്ങളൊക്കെ തന്നെ ഇങ്ങനെയുള്ള മാര്‍ക്കറ്റ് ലക്ഷ്യമിടുന്നതാണ്. 

ഇതില്‍ നിന്നെല്ലാം ഒരുപാട് മാറി, വമ്പന്‍ രീതിയല്‍ ബിരിയാണിയെ അവതരിപ്പിക്കുകയാണ് ദുബായിലെ ഒരു ഇന്ത്യന്‍ റെസ്റ്റോറന്റ്. സ്വര്‍ണം കൊണ്ടൊരു ബിരിയാണിയാണ് ഇവര്‍ പരിചയപ്പെടുത്തുന്നത്. പേര് കേള്‍ക്കുമ്പോള്‍ ആശങ്കപ്പെടേണ്ട, സ്വര്‍ണം ചേര്‍ത്തല്ല ബിരിയാണി തയ്യാറാക്കുന്നത്. 

വലിയൊരു സ്വര്‍ണ്ണത്തളികയിലാണ് ഈ ബിരിയാണി വിളമ്പുന്നത്. ഏറ്റവും മുകളിലായി 23 കാരറ്റ് സ്വര്‍ണം കൊണ്ടുണ്ടാക്കിയ പേപ്പര്‍ പോലുള്ള സംവിധാനത്തില്‍ പൊതിഞ്ഞുവച്ച വിവിധ തരം കബാബുകളും കാണും. കശ്മീരി ലാമ്പ് സീഖ് കബാബ്, ഓള്‍ഡ് ദില്ലി ലാമ്പ് ചോപ്‌സ്, രജ്പുത് ചിക്കന്‍ കബാബ്, മുഗളായ് കോഫ്ത, മലായ് ചിക്കന്‍ റോസ്റ്റ് എന്നിവയാണ് 'ഗോള്‍ഡന്‍ ബിരിയാണി'യുടെ പ്രത്യേകത. രുചികരമായ വിവിധ തരം സോസുകളും റെയ്ത്തുകളും ആണ് സൈഡ് ആയി വരുന്നത്. 

 

 

ഇനി പ്ലേറ്റ് ഒന്നിന് ഇതിന് വരുന്ന വിലയെന്താണെന്ന് അറിയാം. ആയിരം ദിര്‍ഹം അഥവാ 20,000 രൂപയ്ക്കടുത്താണ് ഇതിന്റെ വില. 'റോയല്‍' രുചി അറിയണം എന്നാഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കുന്നതിനാലാണ് ഇത്രയും വില വരുന്നതത്രേ. ഏതായാലും സംഗതി സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണിപ്പോള്‍. 'ഗോള്‍ഡന്‍ ബിരിയാണി'യുടെ ചിത്രങ്ങളും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. 

Also Read:- ബിരിയാണിയില്‍ വ്യത്യസ്തമായ പരീക്ഷണം; പ്രതിഷേധവുമായി ബിരിയാണിപ്രേമികള്‍...

Follow Us:
Download App:
  • android
  • ios