നമ്മുടെ ഭക്ഷണ സംസ്‌കാരത്തിലുണ്ടായ മാറ്റങ്ങളുടെ ഭാഗമായി ഇന്ന് മിക്ക വീട്ടില്‍ നിന്നും ഒഴിച്ചുകൂടാനാവാത്ത ഒന്നായി മൈക്രോവേവ് ഓവന്‍ മാറിക്കഴിഞ്ഞു. മൈക്രോവേവ് ഓവനില്‍ വൈദ്യുതകാന്തിക മേഖലയിൽ മൈക്രോവേവ് രശ്മികൾ കടത്തിവിടുമ്പോൾ അതിൽ വച്ചിരിക്കുന്ന ഭക്ഷണം ചൂടാവുകയും വേവുകയും ചെയ്യുമെന്ന തത്വമാണ് ഇവിടെ ഉപയോഗിക്കുന്നത്. ഭക്ഷണം വളരെ വേഗത്തിലും എല്ലാ ഭാഗങ്ങളിലും സമമായ രീതിയിലും ചൂടായി കിട്ടുന്നു എന്നതാണ് മൈക്രോവേവ് ഓവന്‍റെ പ്രത്യേകത. 

മിക്കവാറും ബാക്കിവന്ന് ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചുവച്ച ഭക്ഷണം വീണ്ടും ചൂടാക്കുന്നതിനാണ് മൈക്രോവേവ് ഓവന്‍ ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ മൈക്രോവേവ് ഓവന്‍റെ സഹായത്തോടെ ഭക്ഷണം ചൂടാക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?

കൃത്യമായി പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കണമെങ്കില്‍ 'ഫ്രഷായ' ഭക്ഷണം തന്നെ കഴിക്കുന്നതാണ് നല്ലത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൂടാതെ മൈക്രോവേവ് ഓവനില്‍ വച്ച് പച്ചക്കറികള്‍ ചൂടാക്കുമ്പോള്‍ അവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി12ന്‍റെ ഗുണം കുറയാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അമിതമായി ചൂടാക്കുന്നത് പച്ചക്കറികളിലുള്ള പോഷകങ്ങള്‍ നഷ്ടപ്പെടാനും സാധ്യതുണ്ട്. അതുപോലെ തന്നെ, ശരിയായ താപത്തിൽ ചൂടായില്ലെങ്കിൽ ഭക്ഷണത്തിൽ അണുബാധ ഉണ്ടാകാനിടയുണ്ട്. കൂടുതൽ സമയം മൈക്രോവേവില്‍ ഇരുന്നു ചൂടായാൽ ചില സാധനങ്ങൾ തീപിടിക്കാനും ഇടയുണ്ട്.

മറ്റൊരു പ്രധാന കാര്യം, അടച്ചുമൂടിയ പാത്രങ്ങൾ, മുഴുവനായ മുട്ട എന്നിവ ഓവനില്‍ പൊട്ടിത്തെറിക്കാനിടയുണ്ട്. ആവിയുടെ കൂടുതലായ മർദ്ദം മൂലമാണിത്. എല്ലാത്തരം പ്ലാസ്റ്റിക് കൊണ്ടുള്ള പാത്രങ്ങളും ഓവനില്‍ വയ്ക്കാവുന്നതല്ല. ചിലതരം പ്ലാസ്റ്റിക് മൈക്രോവേവ് ആഗീരണം ചെയ്ത് ചൂടുപിടിക്കാനും ഉരുകാനും ഇടയുണ്ട്. ഇത്തരം പ്ലാസ്റ്റിക് ഭക്ഷണത്തോടൊപ്പം ഉള്ളില്‍ പോകുന്നതും ആരോഗ്യത്തിന് ദോഷകരമാകാനും സാധ്യയുണ്ട്. 

മൈക്രോവേവ് സേഫ് എന്നു രേഖപ്പെടുത്തിയ  പാത്രങ്ങളും ഭക്ഷണപ്പൊതികളും ഉപയോഗിക്കാം. അതുപോലെ തന്നെ ചില സെറാമിക് പ്ലേറ്റുകളും ഗ്ലാസ് പ്ലേറ്റുകളും ഇതിനായി ഉപയോഗിക്കാം. 

Also Read: ഫ്രിഡ്ജിലെ രൂക്ഷ ഗന്ധം അകറ്റാന്‍ അഞ്ച് വഴികള്‍...