നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഫലമാണ് ചക്ക. ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമാണ് ഇവ. ചക്കയില്‍ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. 

ഭക്ഷ്യയോഗ്യമായ ചക്കയുടെ ഒരു ചുളയിൽ ഏതാണ്ട് 74 ശതമാനം വെള്ളമാണ്. 23 ശതമാനം അന്നജം, 2 ശതമാനം പ്രൊട്ടീൻ, ഒരു ശതമാനം കൊഴുപ്പും അടങ്ങിയിരിക്കുന്നു. 100 ഗ്രാം ചക്ക ഏതാണ്ട് 95 കിലോ കലോറി ഊർജം സമ്മാനിക്കും. ഇതുകൂടാതെ വിറ്റാമിനുകളായ എ, സി എന്നിവയും പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, മെഗ്നീഷ്യം, സോഡിയം തുടങ്ങിവയവും ചക്കയില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ചക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

 

ചക്ക കഴിച്ചാൽ പ്രമേഹം ഇല്ലാതാകുമോ? പ്രമേഹരോഗികള്‍ക്ക് ചക്ക കഴിക്കാമോ? പല തരം സംശയങ്ങളാണ് ചക്കയുമായി ബന്ധപ്പെട്ട് ഉയരുന്നത്. പ്രമേഹം കുറയ്ക്കാൻ ചക്കയ്ക്ക് കഴിവുണ്ട്. പക്ഷേ അത് പഴുത്ത ചക്കയെ ഉദ്ദേശിച്ചല്ല. പച്ചച്ചക്ക കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. കാരണം,  പച്ചച്ചക്കയിൽ അന്നജത്തിന്റെ അളവ് കുറവായിരിക്കും. ധാന്യങ്ങളെക്കാൾ ഇതിൽ അന്നജം 40% കുറവാണ്. കലോറിയും ഏതാണ്ട് 35–40% കുറവാണ്. കൂടാതെ പച്ചച്ചക്കയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ നാരുകൾ ഭക്ഷണത്തിലെ ഗ്ലൂക്കോസിന്റെ അമിതാഗിരണത്തെ തടയും. പച്ചച്ചക്കയിൽ ഗ്ലൈസീമിക് ഇൻഡക്സും കുറവാണ്. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് പച്ചച്ചക്ക കഴിക്കാം. 

 

എന്നാല്‍ പച്ചച്ചക്കയെ അപേക്ഷിച്ച് പഴുത്ത ചക്കയിൽ പഞ്ചസാരയുടെ അളവ് പതിൻമടങ്ങാണ്. അതായത് പഴുത്ത ചക്കയിൽ ഗ്ലൈസീമിക് ഇൻഡക്സ് കൂടുതലാണ്. 2016ൽ സിഡ്നി സർവകലാശാലയുടെ പഠനവും ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. 

Also Read: പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ആറ് പഴങ്ങള്‍...