കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ മിക്കവാറും എല്ലാ മേഖലകളും സ്തംഭിച്ച അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ബീച്ചുകള്‍, പാര്‍ക്കുകള്‍, തിയേറ്ററുകളെല്ലാം അടച്ചിട്ടിരിക്കുന്നു. ജോലിയില്‍ നിന്ന് അവധിയില്‍ പ്രവേശിച്ചവരും കുറവല്ല. പലരും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സാഹചര്യവുമുണ്ട്. എന്തായാലും ചെറുതല്ലാത്ത തരത്തിലാണ് സിനിമാ മേഖലയെ ഇത് ബാധിച്ചിരിക്കുന്നത്.

സിനിമാചിത്രീകരണങ്ങളോ, റിലീസോ, മറ്റ് പരിപാടികളോ ഒന്നും നിലവില്‍ നടക്കുന്നില്ല. അതിനാല്‍ തന്നെ താരങ്ങളെല്ലാം മുഴുവന്‍ സമയം വീട്ടില്‍ തന്നെയാണെന്നാണ് സൂചന. വീട്ടില്‍ വെറുതെയിരിക്കുമ്പോള്‍ തീര്‍ച്ചയായും എന്തെങ്കിലും വിനോദങ്ങള്‍ വേണമല്ലോ. 

കൊറോണക്കാലത്ത് വീട്ടില്‍ത്തന്നെയുള്ള ഈ അടച്ചിരിപ്പില്‍ ഭക്ഷണമാണ് തന്റെ പ്രധാന വിനോദമെന്ന് ചിത്രങ്ങളിലൂടെ പറയുകയാണ് ബോളിവുഡ് താരം കരീന കപൂര്‍. കഴിഞ്ഞ ദിവസം എന്തോ ഡെസര്‍ട്ട് കഴിക്കുന്ന ചിത്രം കരീന ഇന്‍സ്റ്റഗ്രാം പേജില്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു. 

അവധിക്കാല അന്തരീക്ഷമായത് കൊണ്ട് തന്നെ ഡയറ്റിനും അല്‍പം അവധി പ്രഖ്യാപിച്ചിരിക്കുകയാണ് താരം. അതിനാല്‍ത്തന്നെ മധുരമുള്ള ഭക്ഷണമെല്ലാം സധൈര്യം കഴിക്കുകയാണ്. 

'ഡെസര്‍ട്ട് വയറ്റിലേക്കല്ല പോകുന്നത് ഹൃദയത്തിലേക്കാണ്, എനിക്കാണെങ്കില്‍ ശരിക്കും വലിയൊരു ഹൃദയമാണുള്ളത്. സത്യം, നിങ്ങള്‍ വിശ്വസിക്കണം. വലിയ ഹൃദയമാണെനിക്ക്...' എന്ന അടിക്കുറിപ്പുമായാണ് മൂന്ന് ചിത്രങ്ങള്‍ ആദ്യം പങ്കുവച്ചത്. അല്‍പസമയത്തിന് ശേഷം പാത്രത്തിലുള്ള മുക്കാല്‍ പങ്ക് ഡെസര്‍ട്ടും കഴിച്ചുകഴിഞ്ഞതിന്റെ ചിത്രവും കരീന പങ്കുവച്ചു. 

 

 

'ഇതാ തെളിയിച്ചിരിക്കുന്നു' എന്ന അടിക്കുറിപ്പുമായാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിലൂടെയാണ് കരീന ഇത്രമാത്രം പ്രശംസിച്ച് പറഞ്ഞ ഡെസേര്‍ട്ട് ഏതെന്ന് ആരാധകര്‍ക്ക് മനസിലായത്. മറ്റൊന്നുമല്ല, വടക്കേ ഇന്ത്യക്കാരുടെ പ്രിയ ഡെസേര്‍ട്ടായ ക്യാരറ്റ് ഹല്‍വയായിരുന്നു അത്. എന്തായാലും 'ഫിറ്റ്‌നസി'ന് അത്രയും പ്രാധാന്യം നല്‍കുന്ന താരം ഒരു ബൗള്‍ നിറയെ ക്യാരറ്റ് ഹല്‍വ അകത്താക്കിയത് ആരാധകരിലും ഏറെ കൗതുകമുണ്ടാക്കി. താനും ഒരു സാധാരണക്കാരിയാണ് എന്ന് പ്രസ്താവിക്കുന്നതിന് സമാനമായാണ് കരീന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നതെന്നും ആരാധകരില്‍ പലരും അഭിപ്രായപ്പെടുന്നു. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് കരീന ഇന്‍സ്റ്റഗ്രാമില്‍ സ്വന്തമായി പേജ് തുടങ്ങിയത്. സൂപ്പര്‍ താരങ്ങളുടെ ജാഡകളില്ലാത്ത വളരെ ലളിതമായ ചിത്രങ്ങളാണ് പലപ്പോഴും കരീന ഈ പേജിലൂടെ പങ്കുവയ്ക്കുന്നത്. ഭര്‍ത്താവ് സെയ്ഫ്, മകന്‍ തൈമൂര്‍, സഹോദരി കരീഷ്മ മറ്റ് സുഹൃത്തുക്കള്‍ എന്നിവരുടെയെല്ലാം ചിത്രങ്ങള്‍ കരീന ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kareena Kapoor Khan (@therealkareenakapoor) on Mar 16, 2020 at 10:32pm PDT