Asianet News MalayalamAsianet News Malayalam

മയൊണൈസ് അധികം കഴിച്ചാലുള്ള പ്രശ്നങ്ങള്‍; വീട്ടില്‍ തയ്യാറാക്കേണ്ടത് ഇങ്ങനെ...

മയൊണൈസ് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഇത് വെറുതെ പറയുന്നതല്ല, മയൊണൈസിന്‍റെ കൂട്ട് അങ്ങനെയുള്ളതാണ്

know the health risks of mayonnaise and here is the recipe of healthy mayonnaise
Author
First Published Jan 24, 2024, 4:49 PM IST

മയൊണൈസ് ഇല്ലാതെ പല വിഭവങ്ങളും കഴിക്കാനേ പ്രയാസപ്പെടുന്നവരുണ്ട്. അത്രമാത്രം മയൊണൈസിനോട് പ്രിയമുള്ളവര്‍. പ്രത്യേകിച്ച് കുട്ടികളും ചെറുപ്പക്കാരുമാണ് മയൊണൈസിന്‍റെ ആരാധകരെന്ന് പറയാം. ഫാസ്റ്റ് ഫുഡ്സിനൊപ്പം മയൊണൈസ് ഇല്ലെങ്കില്‍ 'നോ' പറയുന്ന ഇവരെല്ലാം അറിയുന്നതിന് ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ പങ്കുവയ്ക്കാം. 

മയൊണൈസ് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഇത് വെറുതെ പറയുന്നതല്ല, മയൊണൈസിന്‍റെ കൂട്ട് അങ്ങനെയുള്ളതാണ്.  പ്രധാനമായും മുട്ടയുടെ മ‍ഞ്ഞയും എണ്ണയുമാണ് മയൊണൈസിലെ ചേരുവകള്‍. ഇതോടെ തന്നെ ഉയര്‍ന്ന നിലയില്‍ കൊഴുപ്പടങ്ങിയ ഒന്നായി മയൊണൈസ് മാറുന്നു. 

പതിവായി മയൊണൈസ് കഴിക്കുന്ന ശീലമുള്ളവരില്‍ ഇതിന്‍റെ ഭാഗമായി ചില പ്രശ്നങ്ങളെല്ലാം കണ്ടേക്കാം. അമിതവണ്ണം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, രക്തത്തിലെ ഷുഗര്‍നില ഉയരുന്ന അവസ്ഥ (പ്രമേഹം അഥവാ ഷുഗര്‍), ബിപി (രക്തസമ്മര്‍ദ്ദം) എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് അമിതമായി മയൊണൈസ് കഴിക്കുന്നവരില്‍ ഇതുമൂലം കണ്ടേക്കാവുന്നത്. 

'യണൈറ്റസ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് അഗ്രിക്കള്‍ച്ചര്‍ ' (യുഎസ്ഡിഎ) പറയുന്നത് 100 ഗ്രാം മയൊണൈസില്‍ ഏതാണ്ട് 680 കലോറിയുണ്ടെന്നാണ്. ഇത്രയധികം കലോറിയുള്ളതിനാലാണ് ഇത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമെല്ലാം വഴിയൊരുക്കുന്നത്. 

ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ ഹോം മെയ്ഡ് മയൊണൈസ് ആണ് പുറത്തുനിന്ന് നാം വാങ്ങിക്കുന്നതോ കഴിക്കുന്നതോ ആയ മയൊണൈസിലും എത്രയോ നല്ലത്. എന്നാല്‍ പലര്‍ക്കും ആരോഗ്യകരമായ രീതിയില്‍ എങ്ങനെയാണ് മയൊണൈസ് തയ്യാറാക്കുകയെന്നത് അറിയില്ല. വീട്ടിലാണെങ്കിലും അതേ മുട്ടയുടെ മഞ്ഞയും ഓയിലും തന്നെയാണ് അധികപേരും മയൊണൈസ് തയ്യാറാക്കാൻ ഉപയോഗിക്കുന്നത്. 

ആരോഗ്യകരമായ രീതിയില്‍ മയൊണൈസ് തയ്യാറാക്കുന്നതിനുള്ള ഒരു റെസിപി കൂടി പങ്കുവയ്ക്കാം. ഇതിന് ചുവന്ന കാപ്സിക്കം, കുതിര്‍ത്തുവച്ച ബദാം, അല്‍പം കട്ടത്തൈര്, വെളുത്തുള്ളി, പനീര്‍ ക്യൂബ്സ്, ചില്ലി ഫ്ളേക്സ്, , ഉപ്പ്, കുരുമുളക് എന്നിവയാണ് വേണ്ടത്. 

കാപ്സിക്കം ഒന്ന് തീയില്‍ കാണിച്ച് ചുട്ടെടുത്ത ശേഷം ഇതും മറ്റ് ചേരുവകളും നന്നായി ബ്ലെൻഡ് ചെയ്തെടുക്കുകയാണ് ചെയ്യുന്നത്. ഒരു ചെറിയ പാത്രത്തില്‍ മയൊണൈസ് തയ്യാറാക്കാൻ ഒരു ചുവന്ന കാപ്സിക്കം, ഒരു ടീസ്പൂണ്‍ കട്ടത്തൈര്, 7-8 കുതിര്‍ത്തുവച്ച് തൊലി കളഞ്ഞ ബദാം, 100 ഗ്രാം പനീര്‍ (ക്യൂബ്സ്), ഒരു വലിയ അല്ലി വെളുത്തുള്ളി, ഒരു ടീസ്പൂണ്‍ ചില്ലി ഫ്ളേക്സ്, ആവശ്യത്തിന് ഉപ്പ്- കുരുമുളക് എന്നിവയാണ് ചേര്‍ക്കേണ്ടത്. ആവശ്യമെങ്കില്‍ ഒരു പച്ചമുളകും ചേര്‍ക്കാം. അല്ലെങ്കില്‍ എരിവിന് അനുസരിച്ച് ചില്ലി ഫ്ളേക്സ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. കൂടുതല്‍ വ്യക്തതയ്ക്ക് വീഡിയോ കണ്ടുനോക്കൂ...

 

Also Read:- നെയ്യ് ഉണ്ടാക്കാം പത്ത് മിനുറ്റില്‍; വീഡിയോ കണ്ടുനോക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios